Saturday, May 5, 2012

സ്ത്രീകള്‍ക്കെതിരായ അക്രമം: ബംഗാള്‍ രണ്ടാംസ്ഥാനത്ത്


പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണവും ബലാത്സംഗവും വന്‍തോതില്‍ വര്‍ധിക്കുന്നു. ഒരുകാലത്ത് സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമായിരുന്ന ബംഗാള്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കുനേരെ അക്രമം നടക്കുന്നതില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്തെത്തിയെന്നും ദേശീയ വനിതാ കമീഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ബലാത്സംഗ കേസുകളിലും ബംഗാള്‍ രണ്ടാം സ്ഥാനത്തെത്തി. ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണ് ഈ വര്‍ധന. ബംഗാളായിരുന്നു സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ രാജ്യത്ത് ഏറ്റവും താഴെ തട്ടില്‍നിന്നിരുന്നതെന്നും റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു. വനിതാ കമീഷന്റെ മൂന്നംഗ സംഘം കഴിഞ്ഞമാസം ബംഗാള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്.
സംസ്ഥാനത്ത് ഏഴുമുതല്‍ 72 വയസ്സുവരെയുള്ളവര്‍ ആക്രമണത്തിനും ബലാത്സംഗത്തിനും ഇരയാകുന്നതായി ദേശീയ വനിതാ കമീഷന്റെ മൂന്നംഗ സംഘം കണ്ടെത്തി. അതില്‍ വീട്ടമ്മമാരും തൊഴിലാളികളും ആദിവാസികളും മാനസികമായും ശാരീരികമായും വൈകല്യമുള്ളവരും ഉള്‍പ്പെടുന്നു. രാവും പകലും വ്യത്യാസമില്ലാതെ പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും വീടുകളിലും ജോലി സ്ഥലങ്ങളിലും എല്ലാം അക്രമം നടക്കുന്നു. 44 ശതമാനം കൂട്ട ബലാത്സംഗങ്ങളാണ് നടന്നത്. അതില്‍ 39 ശതമാനവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുനേരെയാണ്്. 17 ശതമാനം ശാരീരിക മാനസിക തകരാറുള്ളവര്‍. എട്ട് ശതമാനം ബലാത്സംഗം ആശുപത്രികളിലും ട്രെയിനുകളിലുമാണ് നടന്നത്.

കുറ്റവാളികളായ 44 ശതമാനം പേര്‍ക്കെതിരെ കേസെടുക്കാന്‍പോലും കഴിഞ്ഞിട്ടില്ല. അക്രമത്തിനും മാനഭംഗത്തിനും ഇരയാകുന്നവരുടെ പരാതി രജിസ്റ്റര്‍ ചെയ്യാതെ അവരെ തേജോവധം ചെയ്യുന്ന നടപടിയാണ് നടക്കുന്നത്. മിക്കയിടത്തും പൊതുജന രോഷവും കോടതി ഉത്തരവുകളും ഉണ്ടായതിനെത്തുടര്‍ന്നാണ് പരാതി സ്വീകരിക്കാന്‍പോലും തയ്യാറായത്- റിപ്പോര്‍ട്ട് വ്യക്തമാക്കി. തന്റെ സര്‍ക്കാരിനെ താറടിക്കുന്നതിന് ബലാത്സംഗങ്ങളും അക്രമങ്ങളും കെട്ടിച്ചമച്ചതാണെന്നാണ് മമത പരസ്യമായി പല തവണ പ്രഖ്യാപിച്ചത്. കെട്ടിച്ചമച്ചതായി മുഖ്യമന്ത്രി പറഞ്ഞ പല കേസിലെയും പ്രതികളെ പിന്നീട് പൊതുജന പ്രക്ഷോഭംമൂലം അറസ്റ്റ് ചെയ്യേണ്ടിവന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അതില്‍ പലരും. ആദ്യം മമത തള്ളിപ്പറഞ്ഞ വിവാദമായ പാര്‍ക് സ്ട്രീറ്റ് ബലാത്സംഗ കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയ കൊല്‍ക്കത്ത പൊലീസ് ജോയിന്റ് കമീഷണറെയും ബാങ്കുറയില്‍ മൂകയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെയും ഉടന്‍ സ്ഥലംമാറ്റിയതിനെയും കമീഷന്‍ വിമര്‍ശിച്ചു.
(ഗോപി)

സിപിഐ എം പ്രവര്‍ത്തകനെ തൃണമൂലുകാര്‍ കൊലപ്പെടുത്തി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൊഴില്‍ദാനപദ്ധതിയിലെ അഴിമതി ചോദ്യംചെയ്ത സിപിഐ എം പ്രവര്‍ത്തകനെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി. ഹൗറ ജില്ലയില്‍ ശ്യാമപുക്കൂര്‍ ഗ്രാമത്തില്‍ ഷേഖ് റഹ്മാന്‍ അലി (45)യാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ നിയന്ത്രണത്തിലുള്ള ഗ്രാമപഞ്ചായത്തില്‍ 100 ദിവസത്തെ തൊഴില്‍ദാനപദ്ധതിയില്‍ നടക്കുന്ന വ്യാപകമായ അഴിമതിയെ ചോദ്യംചെയ്തതിനാണ് കര്‍ഷകത്തൊഴിലാളിയായ അലിയെ കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന അലിയെ തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നു. അലിയെ രക്ഷിക്കാനെത്തിയ അനുജന്‍ ഷേഖ് സെല്‍മാനെയും അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതര പരിക്കുപറ്റിയ ഷേഖ് സെല്‍മാനെ ആശുപത്രിയില്‍ പ്രവേശിച്ചിച്ചു. ഗ്രാമീണര്‍ വിവരം അറിയിച്ചെങ്കിലും വളരെ വൈകിയാണ് പൊലീസ് സ്ഥലത്ത് എത്തിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശ്യാമപുക്കൂര്‍ ബ്ലോക്കില്‍ വ്യാഴാഴ്ച സിപിഐ എം ഹര്‍ത്താല്‍ ആചരിച്ചു.

deshabhimani 040512

1 comment:

  1. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണവും ബലാത്സംഗവും വന്‍തോതില്‍ വര്‍ധിക്കുന്നു. ഒരുകാലത്ത് സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമായിരുന്ന ബംഗാള്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കുനേരെ അക്രമം നടക്കുന്നതില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്തെത്തിയെന്നും ദേശീയ വനിതാ കമീഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ബലാത്സംഗ കേസുകളിലും ബംഗാള്‍ രണ്ടാം സ്ഥാനത്തെത്തി. ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണ് ഈ വര്‍ധന. ബംഗാളായിരുന്നു സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ രാജ്യത്ത് ഏറ്റവും താഴെ തട്ടില്‍നിന്നിരുന്നതെന്നും റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു. വനിതാ കമീഷന്റെ മൂന്നംഗ സംഘം കഴിഞ്ഞമാസം ബംഗാള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്.

    ReplyDelete