Sunday, May 20, 2012

ആദിവാസികളെ ബലമായി കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം


തലചായ്ക്കാന്‍ ഒരുതുണ്ട് മണ്ണിനുവേണ്ടി വയനാട്ടില്‍ ആദിവാസികള്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിടുന്നു. ഓരോദിവസവും കൂടുതല്‍ കുടുംബങ്ങള്‍ സമരഭൂമിയില്‍ എത്തുകയാണ്. ഇതിനകം ഏഴായിരത്തിലധികം പേര്‍ ജില്ലയില്‍ ഇരുപത്തേഴ് കേന്ദ്രങ്ങളിലായി കുടില്‍കെട്ടി ഭൂമിയില്‍ അവകാശം സ്ഥാപിച്ചുകഴിഞ്ഞു. ഇതിനിടെ അനുരഞജ്നത്തിന്റെ മാര്‍ഗം ഉപേക്ഷിച്ച്, നിക്ഷിപ്ത വനമേഖലയില്‍ താമസം തുടങ്ങിയ ആദിവാസികളെ ബലമായി ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അടുത്ത ദിവസംതന്നെ നടപടി ആരംഭിക്കാനാണ് നിര്‍ദേശം എന്നറിയുന്നു. എന്നാല്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന ആദിവാസി ക്ഷേമസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് ഏഴിനാണ് വയനാട്ടില്‍ ഭൂസമരം ആരംഭിച്ചത്. ഇതിനുമുമ്പ് 2002ലും 2010ലും ഭൂമികളില്‍ കുടില്‍ കെട്ടി സമരം നടത്തിയിരുന്നു. 2002 മാര്‍ച്ച് ഒമ്പതിന് പനവല്ലിയില്‍ തുടങ്ങിയ സമരം 19 കേന്ദ്രങ്ങളിലേക്ക് വ്യാപിച്ചു. രണ്ടായിരത്തോളം കുടുംബങ്ങള്‍ സര്‍ക്കാരിന്റെ നിക്ഷിപ്ത വനഭൂമിയില്‍ കുടില്‍ കെട്ടി. 1476 പേരെ രണ്ടുമാസത്തോളം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ സമരത്തെ നേരിട്ടത്. ഇവര്‍ക്കെല്ലാം ഭൂമി പതിച്ചുനല്‍കിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ്. പിന്നീട് 2010 ല്‍ അധികഭൂമി കൈവശംവെക്കുന്നത് ചൂണ്ടിക്കാണിക്കാന്‍ സ്വകാര്യഭൂമികളില്‍ കുടില്‍കെട്ടി. ഈ സമരങ്ങളുടെ തുടര്‍ച്ചയായി മെയ് ഏഴിന് വെള്ളമുണ്ട തുമ്പശേരിക്കുന്നിലും ഇരുളം ചീയമ്പത്തുമാണ് സമരം തുടങ്ങിയത്. വാഞ്ഞോട്, കുഞ്ഞോം, പൊര്‍ലോം, ആനപ്പാറ, ആവയല്‍, മൂന്നാനക്കുഴി, ചീയമ്പം, കാപ്പാട്ടുമല, പിലാക്കാവ്, അമ്പുകുത്തി എടപ്പടി, തവിഞ്ഞാല്‍ 44, അയനിക്കല്‍, പേര്യ 35, ചുള്ളിയില്‍, മൂടക്കൊല്ലി, പേര്യ പാലക്കോളി, തേന്‍കുഴി എന്നിവിടങ്ങളിലാണ് എകെഎസ് നേതൃത്വത്തില്‍ സമരം നടക്കുന്നത്.

സുപ്രീംകോടതി വിധിയനുസരിച്ച് ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് എകെഎസ് നേതൃത്വത്തില്‍ നിക്ഷിപ്തവനഭൂമിയില്‍ കയറി അവകാശം സ്ഥാപിച്ചത്. ആദിവാസി കോണ്‍ഗ്രസ്, ആദിവാസി ഫോറം, ആദിവാസി സംഘം, ആദിവാസി മഹാസഭ എന്നീ സംഘടനകളും എകെഎസ് സമരം തുടങ്ങിയശേഷം കുടില്‍കെട്ടിയിട്ടുണ്ട്. മന്ത്രി പി കെ ജയലക്ഷ്മിയുടെ അടുത്ത ബന്ധുക്കളും സമരരംഗത്തുണ്ട്. 2438 കുടുംബങ്ങളാണ് കുടില്‍കെട്ടിയത്. ഇതിനിടെ നിക്ഷിപ്ത വനഭൂമിയില്‍ കുടില്‍കെട്ടിയവരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ വനംവകുപ്പിന് കര്‍ശനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉടന്‍തന്നെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കും. കഴിഞ്ഞദിവസം ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വര്‍മ വയനാട്ടില്‍ എത്തിയിരുന്നു. ഉയര്‍ന്ന വനവേകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും ചേര്‍ന്നു. വനപാലകരോട് ഏതുസാഹചര്യവും നേരിടാന്‍ സജ്ജരായിരിക്കാനാണ് നിര്‍ദേശം. ആറായിരത്തിലേറെപേര്‍ വനഭൂമിയില്‍ കയറി അവകാശം സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഇത്രയും പേരെ ഒഴിപ്പിക്കുന്നത് അത്ര എളുപ്പമായിരിക്കില്ലെന്ന് വനംവകുപ്പില്‍തന്നെ അഭിപ്രായമുണ്ട്.

deshabhimani 210512

1 comment:

  1. തലചായ്ക്കാന്‍ ഒരുതുണ്ട് മണ്ണിനുവേണ്ടി വയനാട്ടില്‍ ആദിവാസികള്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിടുന്നു. ഓരോദിവസവും കൂടുതല്‍ കുടുംബങ്ങള്‍ സമരഭൂമിയില്‍ എത്തുകയാണ്. ഇതിനകം ഏഴായിരത്തിലധികം പേര്‍ ജില്ലയില്‍ ഇരുപത്തേഴ് കേന്ദ്രങ്ങളിലായി കുടില്‍കെട്ടി ഭൂമിയില്‍ അവകാശം സ്ഥാപിച്ചുകഴിഞ്ഞു. ഇതിനിടെ അനുരഞജ്നത്തിന്റെ മാര്‍ഗം ഉപേക്ഷിച്ച്, നിക്ഷിപ്ത വനമേഖലയില്‍ താമസം തുടങ്ങിയ ആദിവാസികളെ ബലമായി ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അടുത്ത ദിവസംതന്നെ നടപടി ആരംഭിക്കാനാണ് നിര്‍ദേശം എന്നറിയുന്നു. എന്നാല്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന ആദിവാസി ക്ഷേമസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.

    ReplyDelete