Thursday, May 3, 2012

മുസ്ലിംലീഗ് നേതാവ് ഒളിവില്‍, ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍


പെട്ടിപ്പാലത്ത് നഗരസഭയുടെ മാലിന്യലോറി കത്തിച്ച കേസില്‍ പ്രതികളായ ആര്‍എസ്എസ്-ബിജെപിക്കാര്‍ അറസ്റ്റില്‍. ആര്‍എസ്എസ് ശാഖാകാര്യവാഹക് ന്യൂമാഹി ഇയ്യത്തുങ്കാട് ശ്രീനാരായണമഠത്തിനടുത്ത കിഴക്കേതയ്യില്‍ വീട്ടില്‍ കെ ടി പ്രമോദ് (39), പുന്നോല്‍കുറിച്ചിയിലെ ചീമ്പന്റവിട സി ഷിനോജ് എന്ന ചിന്നു (30), ചാലക്കര മൈദ കമ്പനിക്കടുത്ത് കൈലാസമന്ദിരത്തില്‍ അനുരാഗ് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഭയന്ന് മുഖ്യപ്രതിയും മുസ്ലിംലീഗ് നേതാവുമായ പി സി റിസാല്‍ ഒളിവില്‍പോയി.

മാലിന്യവിരുദ്ധ സമരം നടക്കുന്ന പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ മാര്‍ച്ച് 20ന് മാലിന്യം തള്ളുന്നതിനിടെയാണ് ഒരു സംഘം നഗരസഭയുടെ ലോറി കത്തിച്ചത്. കടല്‍മാര്‍ഗം ബോട്ടിലെത്തിയ സംഘം ലോറിഡ്രൈവര്‍ ചമ്പാട് അരയാക്കൂലിലെ മതിയോത്ത് പ്രജീഷ് (30), കണ്ടിജന്റ് തൊഴിലാളി തിരുവങ്ങാട് വട്ടക്കുനിയില്‍ ഹൗസില്‍ പരത്തില്‍ ഹേമരാജ് (47) എന്നിവരെ അടിച്ചോടിച്ചശേഷമായിരുന്നു തീവച്ചത്. പെട്രോള്‍ ഒഴിച്ച് തീക്കൊടുത്ത ശേഷം ബോട്ടില്‍ കയറി രക്ഷപ്പെട്ടു. പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിച്ച ബോട്ടുടമ ന്യൂമാഹി കുറിച്ചിയില്‍ കടപ്പുറത്തെ കപ്പോളില്‍ പ്രസാദിനെ നേരത്തെ അറസ്റ്റ്ചെയ്തിരുന്നു.

മുസ്ലിംലീഗ് നേതാവും ന്യൂമാഹി പഞ്ചായത്തംഗവും മാലിന്യവിരുദ്ധ വിശാലസമരമുന്നണി സ്റ്റിയറിങ് കമ്മിറ്റിയംഗവുമായ പി സി റിസാലാണ് ലോറികത്തിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഏറെ പ്രമാദമായ കേസില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് യഥാര്‍ഥപ്രതികളെ പിടിച്ചതെന്ന് ഡിവൈഎസ്പി എ പി ഷൗക്കത്തലി വ്യക്തമാക്കി. പെട്ടിപ്പാലത്തെ സമാധാനപരമായ പൊലീസ് നടപടിക്കുശേഷം മാലിന്യവിരുദ്ധ വിശാലസമരമുന്നണിക്കാര്‍ രഹസ്യയോഗം ചേര്‍ന്നാണ് അക്രമം ആസൂത്രണംചെയ്തത്. പൊലീസ് നടപടിയിലൂടെ സമരം ഇല്ലാതാക്കിയെന്നും എന്തെങ്കിലും ചെയ്തില്ലെങ്കില്‍ രക്ഷയില്ലെന്നും യോഗത്തില്‍ റിസാല്‍ പറഞ്ഞു.

ആര്‍എസ്എസ് കാര്യവാഹക് കെ ടി പ്രമോദ് ആവശ്യപ്പെട്ടത് പ്രകാരം ഷിനോജും അനുരാഗും ഉള്‍പ്പെടുന്ന സംഘമാണ് ക്വട്ടേഷന്‍ ഏറ്റെടുത്ത് കൃത്യംനിര്‍വഹിച്ചത്. മാലിന്യവിരുദ്ധ വിശാല സമരമുന്നണി സ്റ്റിയറിങ് കമ്മിറ്റി അംഗംകൂടിയാണ് പ്രമോദ്. കോഴിക്കോട് കുഴല്‍പ്പണം തട്ടിപ്പറിച്ചതുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് അനുരാഗ്. പി സി റിസാലടക്കം കേസില്‍ ഉള്‍പ്പെട്ട എട്ടോളം പേര്‍ ഒളിവിലാണ്. തലശേരി സിഐ എം പി വിനോദ്, ന്യൂമാഹി എസ്ഐ ഷാജി പട്ടേരി, ഡിവൈഎസ്പിയുടെ സ്ക്വാഡംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെയും റിമാന്‍ഡ്ചെയ്തു. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബോട്ടും പൊലീസ് കസ്റ്റഡിയിലാണുള്ളത്. ലോറികത്തിച്ചത് പൊലീസും നഗരസഭയും ചേര്‍ന്നുള്ള നാടകമാണെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് ഇപ്പോഴത്തെ അറസ്റ്റ്. അക്രമത്തിനുശേഷം നഗരസഭയെയും പൊലീസിനെയും കുറ്റപ്പെടുത്തി ദുഷ്പ്രചാരണം അഴിച്ചുവിടുകയാണ് ജമാഅത്തെഇസ്ലാമി ചെയ്തത്. ഇതിനായി പലവട്ടം വാര്‍ത്താസമ്മേളനം നടത്തി. ജമാഅത്തെഇസ്ലാമി മുഖപത്രവും പോപ്പുലര്‍ഫ്രണ്ട് പത്രവും ചേര്‍ന്ന് തുടരെ നുണക്കഥകള്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്തു.

അയല്‍വാസിയുടെ വീട് തകര്‍ത്തു സിപിഐ എം ലോക്കല്‍ സെക്രട്ടറിയെ ലീഗുകാര്‍ ആക്രമിച്ചു

കണ്ണൂര്‍: സിപിഐ എം ടൗണ്‍ ലോക്കല്‍ സെക്രട്ടറി ടി എം ഇര്‍ഷാദിനെ ലീഗ് ക്രിമിനലുകളും ക്വട്ടേഷന്‍സംഘവും ആക്രമിച്ചു. ബുധനാഴ്ച രാത്രി പത്തരയോടെയാണ് ആക്രമണം. തായത്തെരുവില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ലീഗ് തീവ്രവാദികളുടെ ശ്രമത്തെ സിപിഐ എം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ ലീഗുകാര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പരിക്കേറ്റ ഇര്‍ഷാദിനെ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ടി എം ഇര്‍ഷാദിന്റെ വീട് ലക്ഷ്യമാക്കിയെത്തിയ മുസ്ലിംലീഗ് ക്രിമിനല്‍ സംഘം അയല്‍വാസിയുടെ വീടാക്രമിച്ചിരുന്നു. തായത്തെരുവിലെ അക്ബറിന്റെ വീടാണ് ചൊവ്വാഴ്ച രാത്രി ആക്രമിച്ചത്. രാത്രി പത്തരയോടെയാണ് ആക്രമം. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ലീഗ് പ്രവര്‍ത്തകരായ ബഷീര്‍ അഞ്ചുകണ്ടി, ഷമീല്‍, മര്‍സൂഖ്, താരീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഇവര്‍ക്കെതിരെ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി.

രണ്ട് ബൈക്കിലായാണ് അക്രമികള്‍ എത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി. തായത്തെരു ഭാഗത്ത് ഇര്‍ഷാദിനെതിരെ വ്യാപകമായി പോസ്റ്ററും പതിച്ചിട്ടുണ്ട്. കണ്ണൂര്‍ സിറ്റി കേന്ദ്രീകരിച്ച് ലീഗ് നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനം വെളിച്ചത്ത് കൊണ്ടുവരുന്നതില്‍ ഇര്‍ഷാദിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമം ലീഗിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം. കഴിഞ്ഞ ദിവസമാണ് അഞ്ചുകണ്ടി കേന്ദ്രീകരിച്ചുള്ള ലീഗ് ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയിലായത്. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജന്‍, ഏരിയാ സെക്രട്ടറി എന്‍ ചന്ദ്രന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ലീഗ് ഓഫീസിലെ ആയുധവേട്ട; യൂത്ത് ലീഗുകാരന്‍ അറസ്റ്റില്‍

പാറക്കടവ്: ചെക്യാട് വേവത്ത് ലീഗ് ഓഫീസില്‍ നിന്നും വാളുകള്‍ കണ്ടെത്തിയ സംഭവത്തില്‍ യൂത്ത് ലീഗുകാരന്‍ അറസ്റ്റില്‍. വേവത്തെ പീറ്റയില്‍ നിസാറിനെയാണ് നാദാപുരം സിഐ സുനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച അര്‍ധരാത്രിയാണ് പൊലീസ് പട്രോളിങ്ങിനിടയില്‍ വേവം കരിന്ത്രങ്ങോട്ട് ലീഗ് ഓഫീസില്‍ നിന്ന് പിവിസി പൈപ്പില്‍ സൂക്ഷിച്ച മൂന്ന് വാളുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. റെയ്ഡിനിടയില്‍ അഞ്ചംഗ സംഘം ഓഫീസില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഇവര്‍ ഉപേക്ഷിച്ച രണ്ട് മോട്ടോര്‍ ബൈക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരു ബൈക്കിന്റെ ഉടമയാണ് നിസാര്‍.

ബിജെപി അക്രമത്തില്‍ വ്യാപക പ്രതിഷേധം

കക്കട്ടില്‍: ബിജെപി ക്രിമിനലുകള്‍ ഓട്ടോറിക്ഷ തടഞ്ഞ് സിഐടിയു പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ കക്കട്ടില്‍ പ്രകടനം നടത്തി. അരൂരിലെ കോട്ടോന്റപൊയില്‍ ഷിബിന്‍ (21), അമ്പലക്കുളങ്ങരയിലെ കല്ലുപുരയില്‍ രസിന്‍ (21) എന്നിവരെയാണ് അക്രമിച്ചത്. ഇവര്‍ സഞ്ചരിച്ച നരിക്കാട്ടേരിയിലെ ശബരീനാഥിന്റെ ഓട്ടോറിക്ഷയാണ് തകര്‍ത്തത്.

ബസ്സ്റ്റോപ്പിനെച്ചൊല്ലി തര്‍ക്കം: ലീഗും കോണ്‍ഗ്രസും നടുറോഡില്‍ ഏറ്റുമുട്ടി

കൊണ്ടോട്ടി : ബസ്സ്റ്റോപ്പിനെ ചൊല്ലിയുള്ള അവകാശ തര്‍ക്കത്തെത്തുടര്‍ന്ന് ലീഗും കോണ്‍ഗ്രസും നടുറോഡില്‍ ഏറ്റുമുട്ടി. കൊളത്തൂരിനടുത്ത് നീറ്റാണിമ്മല്‍ ബസ്സ്റ്റോപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ലീഗും കോണ്‍ഗ്രസും തമ്മില്‍ സംഘര്‍ഷത്തിനുകാരണമായത്. ഇരുവിഭാഗവും തമ്മിലുള്ള പൊരിഞ്ഞ തല്ല് കൊണ്ടോട്ടി പൊലീസെത്തിയാണ് ശാന്തമാക്കിയത്. തങ്ങള്‍ സ്ഥാപിച്ച ബസ്സ്റ്റോപ്പ് ലീഗ് കൈയേറിയെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.

പതിനഞ്ച് ദിവസം മുമ്പ് ഒരു വ്യാപാര സ്ഥാപനത്തിന്റെ പരസ്യംപതിച്ചായിരുന്നു കൈയേറ്റത്തിന് തുടക്കം. ഇതിനുശേഷം ശിഹാബ് തങ്ങളുടെ ഫോട്ടോ പതിച്ച ഫ്ളക്സ് സ്ഥാപിക്കുകയും ലീഗ് കൊടി കെട്ടുകയും ചെയ്തു. കഴിഞ്ഞദിവസം ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുത്തു മാറ്റിയെന്ന് ആരോപിച്ചാണ് ബുധനാഴ്ച രാവിലെ ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തിയത്. ഇതിനിടെ കോണ്‍ഗ്രസും അവകാശമുന്നയിച്ച് ബസ്സ്റ്റോപ്പിന് മുകളില്‍ പാര്‍ടി പതാക കെട്ടി. ഇത് ലീഗ് പ്രവര്‍ത്തകര്‍ എടുത്ത് മാറ്റിയതിനെത്തുടര്‍ന്നാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. വാക്കേറ്റവും ഉന്തുംതള്ളും പൊരിഞ്ഞ തല്ലില്‍ കലാശിച്ചു. ഒരു മണിക്കൂറോളം നീണ്ട സംഘര്‍ഷം പൊലീസെത്തിയാണ് ശാന്തമാക്കിയത്. എട്ടുവര്‍ഷം മുമ്പ് നീറ്റാണിമ്മല്‍ യൂണിവേഴ്സ് ക്ലബ് ഇരിപ്പടമുണ്ടാക്കിയാണ് ബസ്സ്റ്റോപ്പിന് തുടക്കമിട്ടതത്രെ. പിന്നീട് ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് ഷെഡാക്കി മാറ്റിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അടുത്തിടെ ഇത് ലീഗ് കൈയേറിയെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.

deshabhimani 030512

1 comment:

  1. പെട്ടിപ്പാലത്ത് നഗരസഭയുടെ മാലിന്യലോറി കത്തിച്ച കേസില്‍ പ്രതികളായ ആര്‍എസ്എസ്-ബിജെപിക്കാര്‍ അറസ്റ്റില്‍. ആര്‍എസ്എസ് ശാഖാകാര്യവാഹക് ന്യൂമാഹി ഇയ്യത്തുങ്കാട് ശ്രീനാരായണമഠത്തിനടുത്ത കിഴക്കേതയ്യില്‍ വീട്ടില്‍ കെ ടി പ്രമോദ് (39), പുന്നോല്‍കുറിച്ചിയിലെ ചീമ്പന്റവിട സി ഷിനോജ് എന്ന ചിന്നു (30), ചാലക്കര മൈദ കമ്പനിക്കടുത്ത് കൈലാസമന്ദിരത്തില്‍ അനുരാഗ് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഭയന്ന് മുഖ്യപ്രതിയും മുസ്ലിംലീഗ് നേതാവുമായ പി സി റിസാല്‍ ഒളിവില്‍പോയി.

    ReplyDelete