Friday, May 4, 2012

കേരളത്തിന്റെ ധനസ്ഥിതി അപകടത്തിലെന്ന് പഠനം


കേരളസര്‍ക്കാരിന്റെ ധനസ്ഥിതി സമഗ്രവും അടിയന്തരവുമായ പരിഷ്കാരനടപടികള്‍ ആവശ്യമായ അവസ്ഥയിലാണെന്ന് പഠനം. മിനിക്കുപണികള്‍ക്കപ്പുറം വിപ്ലവകരവും സമഗ്രവുമായ പരിഷ്കാരങ്ങളാണ് ഉണ്ടാകേണ്ടതെന്ന് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് (സിഎസ്ഇഎസ്) ചെയര്‍മാന്‍ ഡോ. കെ കെ ജോര്‍ജും സംഘവും നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സമ്പദ്വ്യവസ്ഥയിലെ 1991-92 മുതല്‍ 2012-13 വരെയുള്ള പ്രവണതകളാണ് പഠനവിധേയമാക്കിയത്. വിഭവസമാഹരണശ്രമങ്ങളിലെ അലംഭാവവും ക്രമേണ ഉണ്ടാകുന്ന കേന്ദ്രവിഹിതത്തിലുള്ള കുറവും ചെലവുനിയന്ത്രിക്കല്‍ നടപടികളിലെ അപര്യാപ്തതയുമാണ് ധനപ്രതിസന്ധിയുടെ മുഖ്യ കാരണങ്ങളെന്നും പഠനം പറയുന്നു. വികസനരംഗത്ത് ധനപ്രതിസന്ധിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വ്യക്തമാക്കുന്നതാണ് 11-ാം പദ്ധതിക്കാലത്തെ പ്രതിശീര്‍ഷ പദ്ധതിച്ചെലവെന്ന് പഠനം അഭിപ്രായപ്പെടുന്നു.

17 സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട ഈ കണക്കില്‍ കേരളം 12-ാം സ്ഥാനത്താണ്. എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരിയെക്കാള്‍ കുറവാണ് കേരളത്തിന്റെ പദ്ധതിച്ചെലവ്. അംഗീകരിച്ച പദ്ധതിയടങ്കലിനെക്കാള്‍ വളരെ കുറവാണ് യഥാര്‍ഥ ചെലവ് എന്നതും പരിഗണിക്കണം. സംസ്ഥാനത്തിന് അടുത്തകാലത്തുണ്ടായ കുറഞ്ഞ പദ്ധതിയടങ്കലിനും അതുതന്നെ ചെലവാക്കാന്‍ കഴിയാത്തതിനും കാരണം തുടര്‍ച്ചയായ പദ്ധതിയിതര റവന്യുക്കമ്മിയാണ്. സംസ്ഥാനത്തിന്റെ പദ്ധതിയിതര റവന്യുക്കമ്മി കേന്ദ്രത്തിന്റെ പദ്ധതി ഗ്രാന്റ് സഹായങ്ങള്‍മാത്രമല്ല, മൊത്തം കേന്ദ്രസഹായംതന്നെ കവര്‍ന്നെടുക്കുകയാണു ചെയ്യുന്നത്. കേരളത്തിന്റെ മൊത്തം ബാധ്യതകളില്‍ പ്രൊവിഡന്റ് ഫണ്ട്, ട്രസ്റ്റും എന്‍ഡോവ്മെന്റുകളും, ഇന്‍ഷുറന്‍സ്/പെന്‍ഷന്‍ ഫണ്ടുകള്‍, സംസ്ഥാനത്തിന്റെ സേവിങ്സ് നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് ഉയര്‍ന്ന പങ്കുണ്ട്. ഇത് വളരെ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും പഠനം പറയുന്നു. കാലങ്ങളായി നിലനില്‍ക്കുന്ന ധനക്കമ്മിക്കിടയിലും കേരളവും എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളെയുംപോലെ വന്‍ തുക ഖജനാവില്‍ രൊക്കബാക്കിയായി നീക്കിവയ്ക്കുന്നു എന്നുള്ളത് ഏറെ വിസ്മയകരമാണെന്ന് പഠനം പറയുന്നു. ആകെ ധനക്കമ്മി പരിഹരിക്കാന്‍ ആവശ്യമായതിലേറെ പണം ഉയര്‍ന്ന പലിശയ്ക്ക് കടം വാങ്ങി അതിന്റെ ഒരു വലിയപങ്ക് കരുതല്‍പ്പണമായി സൂക്ഷിക്കുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്- പഠനം ചൂണ്ടിക്കാട്ടുന്നു.

deshabhimani 040512

1 comment:

  1. കേരളസര്‍ക്കാരിന്റെ ധനസ്ഥിതി സമഗ്രവും അടിയന്തരവുമായ പരിഷ്കാരനടപടികള്‍ ആവശ്യമായ അവസ്ഥയിലാണെന്ന് പഠനം. മിനിക്കുപണികള്‍ക്കപ്പുറം വിപ്ലവകരവും സമഗ്രവുമായ പരിഷ്കാരങ്ങളാണ് ഉണ്ടാകേണ്ടതെന്ന് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് (സിഎസ്ഇഎസ്) ചെയര്‍മാന്‍ ഡോ. കെ കെ ജോര്‍ജും സംഘവും നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.

    ReplyDelete