Friday, May 4, 2012

ഭൂമി തട്ടിപ്പിന് നൂതന വഴികള്‍


ഭൂമി തട്ടിപ്പിന് നൂതനമായ വഴികള്‍ തന്നെ ഹംസ കണ്ടെത്തി പരീക്ഷിച്ചിട്ടുണ്ട്. കേരളത്തില്‍ പല ഭാഗത്തായി മെഡിക്കല്‍ കോളേജുകള്‍, ഡെന്റല്‍ കോളേജുകള്‍, പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങുന്നതിന് മുന്‍ യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് ഹംസ അനുമതി സമ്പാദിച്ചിരുന്നു. ഈ അനുമതിയാണ് പല തട്ടിപ്പുകള്‍ക്കും ഹംസയെ സഹായിച്ചത്.

കോഴിക്കോട് ജില്ലയിലെ മാവൂര്‍ പഞ്ചായത്തില്‍ പൊന്‍പാറക്കുന്നില്‍ ദന്തല്‍ കോളേജ് സ്ഥാപിക്കാന്‍ ഹംസ ഇന്‍ഡസ് എജുക്കേഷണല്‍ അക്കാദമിയുടെ പേരില്‍ 42 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. ഈ ഭൂമി ബംഗളൂരുവില്‍ ബിസിനസ് നടത്തുന്ന ബി എം ഫാറൂഖിന് വില്‍ക്കാന്‍ തീരുമാനിച്ചു. ഫാറൂഖില്‍ നിന്ന് ബാങ്ക് വഴി 6.98 കോടി രൂപ വാങ്ങി. എന്നാല്‍ അക്കാദമിക്ക് വില്‍പ്പനാവകാശമുള്ള 20.02 ഏക്കര്‍ ഭൂമിയേ ഉണ്ടായിരുന്നുള്ളു. ഹംസയുടെ പേരില്‍ മറ്റൊരു 1.15 ഏക്കറും. ബാക്കി ഭൂമിക്ക് കൃത്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ പകുതി ഭൂമി റജിസ്റ്റര്‍ ചെയ്തു വാങ്ങാന്‍ ഫാറൂഖ് നിര്‍ബന്ധിക്കപ്പെട്ടു. 2007 ആഗസ്തിലാണ് ഈ രജിസ്ട്രേഷന്‍ നടക്കുന്നത്. 2007 ഡിസംബറില്‍ രണ്ട് വില്‍പ്പനയാധാരങ്ങളും റദ്ദാക്കാന്‍ ഹംസ ഏകപക്ഷീയമായി കോഴിക്കോട് സബ് റജിസ്ട്രാര്‍ മുമ്പാകെ അപേക്ഷ നല്‍കി. വസ്തു വാങ്ങിയ വ്യക്തിയുടെകൂടി സമ്മതത്തോടെയാണ് റദ്ദാക്കാനുള്ള ആധാരം സമര്‍പ്പിക്കുന്നതെന്ന് ഹംസ വാദിച്ചു. എന്നാല്‍, ആധാരത്തില്‍ ഫാറൂഖിന്റെ ഒപ്പില്ലായിരുന്നു. ഇക്കാര്യം ഫാറൂഖ് അറിഞ്ഞിരുന്നില്ല. മാത്രമല്ല, വില്‍പ്പനയാധാരം റദ്ദാക്കാന്‍ റജിസ്ട്രാര്‍ ഓഫീസിന് അധികാരവുമില്ല. കോടതിക്ക് മാത്രമേ അതിന് കഴിയൂ. എന്നാല്‍, സബ് റജിസ്ട്രാര്‍ ഹംസയുടെ അപേക്ഷ നിരസിച്ചില്ല. പകരം അത് കോഴിക്കോട് ജില്ലാ റജിസ്ട്രാര്‍ക്ക് അയച്ചു. നേരത്തെ വില്‍പ്പനയാധാരത്തിന് അടച്ചപോലെ സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കണമെന്നായിരുന്നു ജില്ലാ റജിസ്ട്രാറുടെ തീര്‍പ്പ്. ഇതിനെതിരെ ഹംസ ഹൈക്കോടതിയെ സമീപിച്ചു. വില്‍പ്പന കരാര്‍ റദ്ദാക്കാനുള്ള ആധാരം റജിസ്റ്റര്‍ ചെയ്തു തരാന്‍ സബ് റജിസ്ട്രാര്‍ ബാധ്യസ്ഥനാണെന്നായിരുന്നു വാദം. വസ്തു വാങ്ങിയ ആള്‍ അറിയാതെയാണ് ആധാരം റദ്ദാക്കുന്നതെന്ന സത്യം ഹൈക്കോടതിയില്‍ നിന്നും ഹംസ മറച്ചുവച്ചു. ഹൈക്കോടതിക്ക് നോട്ടപ്പിശക് സംഭവിച്ചു. വില്‍പ്പനയാധാരം റദ്ദാക്കാന്‍ കോടതി താല്‍ക്കാലിക ഉത്തരവ് നല്‍കി. അങ്ങനെ സ്ഥലം വീണ്ടും ഹംസയുടെ കൈയില്‍ വന്നു.

പിന്നീടാണ് ഫാറൂഖ് ഇക്കാര്യം അറിയുന്നത്. അദ്ദേഹം ഹൈക്കോടതിയിലെത്തി. ഹൈക്കോടതിക്കു പറ്റിയ തെറ്റ് തിരുത്തുകയാണെന്നു പറഞ്ഞുകൊണ്ട് ജസ്റ്റിസ് കെ ടി ശങ്കരന്‍ 2011 മാര്‍ച്ച് 14ന് വില്‍പ്പനയാധാരം പുനഃസ്ഥാപിക്കാന്‍ ഉത്തരവ് നല്‍കി. റദ്ദാക്കിയത് വീണ്ടും റദ്ദായി. വില്‍പ്പനയാധാരം റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ റദ്ദാക്കാന്‍ കോടതിക്ക് മാത്രമേ കഴിയൂ എന്ന് ജസ്റ്റിസ് ശങ്കരന്‍ വ്യക്തമാക്കി. ഇതിനെതിരെ ഹംസ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെട്ട ബഞ്ച് ഹംസയുടെ അപ്പീല്‍ തള്ളി. വില്‍പ്പനയാധാരം ഏകപക്ഷീയമായി റദ്ദാക്കിയത് ഹംസയും രജിസ്ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരും നടത്തിയ ഒത്തുകളിയിലൂടെയാണ്. ഹംസയുടെ രാഷ്ട്രീയ സ്വാധീനം കാരണം കോടതി വിധിയുണ്ടായിട്ടും ഫാറൂഖിന്റെ ഭൂമിക്ക് പോക്കുവരവ് ചെയ്തു കിട്ടിയിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥര്‍ ഓരോ കാരണം പറഞ്ഞ് മടക്കുന്നു.

ഹംസയ്ക്കെതിരെ കേസുകള്‍ നിരവധി

കോഴിക്കോട്: സ്പോര്‍ട്സ് കോംപ്ലക്സ് സ്ഥാപിക്കാനെന്ന പേരില്‍ കലിക്കറ്റ് സര്‍വകലാശാലയുടെ 50 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയ പി എ ഹംസക്ക് എതിരെ ഭൂമി തട്ടിപ്പിനും വഞ്ചനക്കുമെതിരെ നിരവധി കേസുകള്‍. മുസ്ലിംലീഗ് നേതാവും മന്ത്രിയുമായ ഡോ. എം കെ മുനീറിന്റെ സഹോദരീഭര്‍ത്താവാണ് ഹംസ. ഹംസക്കെതിരായ വിജിലന്‍സ് അന്വേഷണം യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ മരവിച്ചു. പല ഇടപാടുകളിലും ഹംസയുടെ ഭാര്യ ഫരീദയും പങ്കാളിയാണ്. ഹംസ തട്ടിക്കൂട്ടിയ ഇന്‍ഡസ് എജുക്കേഷന്‍ ട്രസ്റ്റില്‍ അംഗമാക്കാമെന്നും ദന്തല്‍ കോളേജുകള്‍ ഉള്‍പ്പെടെ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ സഹചെയര്‍മാനാക്കാമെന്നും വാഗ്ദാനം നല്‍കി കണ്ണൂരിലെ ഷെബീര്‍ അബ്ദുള്‍ ഖാദറില്‍ നിന്ന് ഹംസ ഒമ്പതു കോടി രൂപ വാങ്ങിയിരുന്നു. വാഗ്ദാനമൊന്നും നടപ്പായില്ല. തര്‍ക്കമായപ്പോള്‍ 5 കോടി രൂപ തിരിച്ചുകൊടുത്തു. ബാക്കി 4 കോടി രൂപയില്‍ 3.75 കോടി രൂപക്ക് അഞ്ച് ചെക്ക് കൊടുത്തു. അഞ്ചും മടങ്ങി. പണം തിരിച്ചുകിട്ടാന്‍ ഷെബീര്‍ അബ്ദുള്‍ ഖാദര്‍ തലശേരി സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. വിധി ഹംസക്ക് എതിരായിരുന്നു. ഹംസയുടെ കോഴിക്കോട്ടുള്ള സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഹംസ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. അദാലത്തില്‍ പ്രശ്നം വന്നു. എട്ടു മാസം കൊണ്ട് പണം മുഴുവന്‍ കൊടുക്കാമെന്ന് ഹംസ ഉറപ്പുനല്‍കി. പക്ഷേ അതും പാലിച്ചില്ല. ഇപ്പോള്‍ ജപ്തി നടപ്പാക്കാന്‍ കോഴിക്കോട് സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കയാണ് ഷെബീര്‍.

ഭൂമി തട്ടിപ്പിന് ഒരു മാഫിയാസംഘം തന്നെയുണ്ട് ഹംസക്ക്. കോഴിക്കോട്ടുകാരായ റിട്ടയേര്‍ഡ് അസിസ്റ്റന്റ് പൊലീസ് കമീഷണറും റിട്ടയേര്‍ഡ് തഹസില്‍ദാറും ഹംസയുടെ ഉപദേശക സംഘത്തിലുണ്ട്. കോഴിക്കോട് നഗരത്തില്‍ ഭൂമി വാങ്ങി മറിച്ചുവിറ്റാല്‍ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഗള്‍ഫില്‍ ബിസിനസുകാരനായ കണ്ണൂര്‍ സ്വദേശി ഹാഷിം അബു നബീലില്‍ നിന്ന് 2004-2005 കാലയളവില്‍ 1.96 കോടി രൂപ വാങ്ങി വഞ്ചിച്ചതിന് ഹംസക്കെതിരെ കോഴിക്കോട് രണ്ടാം അഡീഷണല്‍ സബ് കോടതിയില്‍ കേസ് നടക്കുകയാണ്. കോഴിക്കോട് മിനി ബൈപ്പാസില്‍ മീഞ്ചന്തക്കടുത്ത് 2.5 ഏക്കര്‍ സ്ഥലം വാങ്ങാനായിരുന്നു ഹാഷിമില്‍ നിന്ന് പണം സ്വീകരിച്ചത്. മറിച്ചുവിറ്റാല്‍ നല്ല ലാഭം കിട്ടുന്ന ഭൂമിയുടെ വിലയുടെ മൂന്നിലൊന്ന് (സെന്റിന് 1.05 ലക്ഷം രൂപ വില) താന്‍ എടുക്കുമെന്നും ബാക്കി മൂന്നില്‍ രണ്ടുഭാഗം തുക ഹാഷിം വഹിക്കണമെന്നുമായിരുന്നു ധാരണ. ഭൂമി രണ്ടാളുകളുടെയും പേരില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കുന്ന തുകയ്ക്ക് ആനുപാതികമായുള്ള പങ്ക് ആധാരത്തില്‍ രേഖപ്പെടുത്താമെന്നും തീരുമാനിച്ചു. അതനുസരിച്ചാണ് പല ഗഡുക്കളായി 1.9 കോടി രൂപ ഫെഡറല്‍ ബാങ്ക് വഴി വാങ്ങി.

എന്നാല്‍, പണം കൊടുത്ത ഹാഷിം അറിയാതെ മീഞ്ചന്ത സബ് റജിസ്ട്രാര്‍ ഓഫീസില്‍ വില്‍പ്പനയാധാരം റജിസ്റ്റര്‍ ചെയ്തു. ഹംസയുടെയും ഭാര്യ ഫരീദയുടെയും ഉടമസ്ഥതയിലുള്ള ഇന്‍ഡസ് മള്‍ടി ബിസിനസ് സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഭൂമി രജിസ്റ്റര്‍ ചെയ്തത്. ഗള്‍ഫിലുള്ള ഹാഷിം വൈകിയാണ് ഈ തട്ടിപ്പ് മനസ്സിലാക്കിയത്. പൊലീസില്‍ നിന്ന് നീതി കിട്ടാതെ ഹാഷിം കോഴിക്കോട് സബ് കോടതിയില്‍ 2010-ല്‍ ഹംസയെയും ഭാര്യയെയും പ്രതികളാക്കി കേസ് ഫയല്‍ ചെയ്തു. കണ്ണൂരില്‍ അബ്ദുള്‍ ജബ്ബാര്‍ ഹാജിയുടെ നേതൃത്വത്തിലുള്ള പ്രസ്റ്റീജ് എജുക്കേഷണല്‍ ട്രസ്റ്റ് സ്ഥാപിച്ച മെഡിക്കല്‍ കോളേജ് പിടിച്ചടക്കാന്‍ ഹംസ നടത്തിയ ശ്രമം വിജയിക്കാതെ പോയത് കോടതി ഇടപെട്ടതുകൊണ്ടാണ്. കാസര്‍കോട് ദന്തല്‍ കോളേജ് നടത്തുന്ന സെഞ്ച്വറി എജുക്കേഷണല്‍ ട്രസ്റ്റില്‍ ജബ്ബാര്‍ ഹാജിയും ഹംസയും ട്രസ്റ്റികളാണ്. സെഞ്ച്വറിയുടെ പണം ഉപയോഗിച്ചാണ് ജബ്ബാര്‍ കണ്ണൂരില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചതെന്നുവാദിച്ചാണ് അത് കൈയടക്കാനോ കഴിഞ്ഞില്ലെങ്കില്‍ പണം തട്ടാനോ ശ്രമിച്ചത്. ആര്‍എസ്എസുകാരായ 17 ഗുണ്ടകളെ ഇതിനായി ഹംസ നിയോഗിച്ചിരുന്നു. എന്നാല്‍, ഹംസക്കോ ഭാര്യക്കോ പ്രസ്റ്റീജ് ട്രസ്റ്റില്‍ ഒരു അവകാശവുമില്ലെന്ന് തലശേരി പ്രിന്‍സിപ്പല്‍ സബ് കോടതി 2009- വിധിച്ചു.

deshabhimani 040512

1 comment:

  1. ഭൂമി തട്ടിപ്പിന് നൂതനമായ വഴികള്‍ തന്നെ ഹംസ കണ്ടെത്തി പരീക്ഷിച്ചിട്ടുണ്ട്. കേരളത്തില്‍ പല ഭാഗത്തായി മെഡിക്കല്‍ കോളേജുകള്‍, ഡെന്റല്‍ കോളേജുകള്‍, പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങുന്നതിന് മുന്‍ യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് ഹംസ അനുമതി സമ്പാദിച്ചിരുന്നു. ഈ അനുമതിയാണ് പല തട്ടിപ്പുകള്‍ക്കും ഹംസയെ സഹായിച്ചത്.

    ReplyDelete