Friday, May 4, 2012

നേഴ്സുമാര്‍ അനുഭവിക്കുന്നത് ഞെട്ടിക്കുന്ന പീഡനങ്ങള്‍


സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന നേഴ്സുമാരുടെ ദുരിതപര്‍വം ബലരാമന്‍ കമ്മിറ്റി അക്കമിട്ട് നിരത്തുന്നു. ഉന്നതവിദ്യാഭ്യാസം നേടിയ നേഴ്സുമാരെ ബോണ്ടിന്റെയും മറ്റും പേരില്‍ ഭീഷണിപ്പെടുത്തി അടിച്ചുതളിക്കുന്ന ജോലിവരെ ചെയ്യിക്കുന്ന ദയനീയകാഴ്ചയാണ് കമീഷന്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ഞെട്ടിപ്പിക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ സ്വകാര്യആശുപത്രികളില്‍നിന്ന് നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചതായി ഡോ. ബലരാമന്‍ പറഞ്ഞു. നേഴ്സിങ് മേഖലയിലെ ദുരവസ്ഥ ഇല്ലാതാക്കാന്‍ ഏഴംഗ കമീഷന്‍ 50 നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. നേഴ്സിങ് സമൂഹത്തിന്റെ വിമോചനമാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നതെന്നും ബലരാമന്‍ പറഞ്ഞു.

ബോണ്ട് വ്യവസ്ഥയുടെ പേരില്‍ മാനേജ്മെന്റുകള്‍ അടിയാളരോടെന്നപോലെ പെരുമാറുന്നു. ട്രെയ്നിങ് എന്ന പേരില്‍ നോണ്‍ നേഴ്സിങ് ജോലികള്‍ ചെയ്യിക്കുന്നു. വീട്ടുജോലിക്ക് നില്‍ക്കുന്നവരേക്കാള്‍ കുറഞ്ഞ വേതനമാണ് നല്‍കുന്നത്. മാനേജ്മെന്റിനെതിരെ ശബ്ദിക്കാതിരിക്കാന്‍ നേഴ്സുമാര്‍ വസ്ത്രം മാറുന്ന സ്ഥലത്തും വിശ്രമമുറികളിലും ഒളിക്യാമറ വച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഒളിക്യാമറകള്‍ വച്ചതായി വിവരം ലഭിച്ചത്. കമീഷന്‍ ഇടപെടലിലൂടെ ഒളിക്യാമറകള്‍ താല്‍ക്കാലികമായി നീക്കി. എന്നാല്‍, കൂടുതല്‍ ഇടപെടല്‍ സര്‍ക്കാര്‍ നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേഴ്സിങ് കൗണ്‍സിലിന്റെ ചട്ടങ്ങള്‍ ലംഘിച്ചാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ നേഴ്സുമാരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത്. രാത്രി ഷിഫ്റ്റടക്കം 15മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യിക്കുന്നു. കൂടാതെ, അടുത്തദിവസം രാവിലെ ജോലിക്ക് എത്തണമെന്നും നിഷ്കര്‍ഷിക്കുന്നു. നാല് രോഗികള്‍ക്ക് ഒരു നേഴ്സ് എന്ന അനുപാതം പാലിക്കുന്നില്ല. 40 രോഗികളെവരെ ഒരു നേഴ്സ് പരിചരിക്കേണ്ടിവരുന്നു. പ്രസവാവധി ഒഴിവാക്കാന്‍ വിവാഹം കഴിഞ്ഞവരെ ജോലിക്കെടുക്കില്ലെന്നും പലരെയും പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേഴ്സുമാര്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെടുമ്പോള്‍ ആശുപത്രിയില്‍ സൗജന്യചികിത്സ നല്‍കുന്നില്ല. വടക്കന്‍ കേരളത്തിലെ ആശുപത്രികളാണ് നേഴ്സുമാരെ പീഡിപ്പിക്കുന്നതില്‍ മുന്നിലെന്നും കമീഷന്‍ വിലയിരുത്തുന്നു. നേഴ്സിങ് കോളേജുകളില്‍ സീറ്റ് നിറയ്ക്കാന്‍ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നു. പിന്നീട് കോഴ്സ് കഴിഞ്ഞശേഷം ബോണ്ട് വ്യവസ്ഥയില്‍ ജോലിക്കുനിര്‍ത്തും. മാനസികമായും ശാരീരികമായും പീഡനത്തിന് ഇരയാകുന്നതില്‍ കൂടുതലും ഇവരാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നേഴ്സിങ് മേഖലയിലേക്ക് കടന്നുവരുന്നവരെ മാത്രമല്ല വര്‍ഷങ്ങള്‍ സര്‍വീസുള്ളവരെയും തുച്ഛശമ്പളം നല്‍കി പീഡിപ്പിക്കുന്നു. പലരും ഇതിനെതിരെ ശബ്ദം ഉയര്‍ത്താത്തത് ദയനീയമാണെന്ന് ഡോ. ബലരാമന്‍ പറഞ്ഞു.

ഫെബ്രുവരി ഒന്നിന് പ്രവര്‍ത്തനമാരംഭിച്ച കമ്മിറ്റി 14 ജില്ലകള്‍ സന്ദര്‍ശിച്ച് 211 അനുബന്ധസ്ഥാപനങ്ങളില്‍നിന്ന് നേരിട്ടും അല്ലാതെയും തെളിവെടുത്ത് മൂന്നുമാസത്തിനുള്ളിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നേഴ്സിങ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. വൈ. പ്രസന്നകുമാരി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വി ഗീത, ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ. പി കെ ജമീല, കേരള നേഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്ട്രാര്‍ പ്രൊഫ. ആര്‍ ലത, സി-മെറ്റ് ഡയറക്ടര്‍ പ്രൊഫ. സലോമി ജോര്‍ജ്, നേഴ്സിങ് സര്‍വീസസ് അഡീഷണല്‍ ഡയറക്ടര്‍ പി ദേവകി എന്നിവരാണ് അംഗങ്ങള്‍.

deshabhimani 040512

1 comment:

  1. സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന നേഴ്സുമാരുടെ ദുരിതപര്‍വം ബലരാമന്‍ കമ്മിറ്റി അക്കമിട്ട് നിരത്തുന്നു. ഉന്നതവിദ്യാഭ്യാസം നേടിയ നേഴ്സുമാരെ ബോണ്ടിന്റെയും മറ്റും പേരില്‍ ഭീഷണിപ്പെടുത്തി അടിച്ചുതളിക്കുന്ന ജോലിവരെ ചെയ്യിക്കുന്ന ദയനീയകാഴ്ചയാണ് കമീഷന്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ഞെട്ടിപ്പിക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ സ്വകാര്യആശുപത്രികളില്‍നിന്ന് നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചതായി ഡോ. ബലരാമന്‍ പറഞ്ഞു. നേഴ്സിങ് മേഖലയിലെ ദുരവസ്ഥ ഇല്ലാതാക്കാന്‍ ഏഴംഗ കമീഷന്‍ 50 നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. നേഴ്സിങ് സമൂഹത്തിന്റെ വിമോചനമാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നതെന്നും ബലരാമന്‍ പറഞ്ഞു.

    ReplyDelete