വിലക്കയറ്റം പിടിച്ചുനിര്‍ത്തപ്പെടുമെന്ന നേരിയ പ്രതീക്ഷപോലും ജനങ്ങള്‍ക്കുമുന്നിലില്ല. ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയുന്ന നാളിലേക്കാണ് ജനങ്ങള്‍ ഭീതിയോടെ നോക്കുന്നത്. അതോടെ എല്ലാറ്റിന്റെയും വില വീണ്ടും കുതിച്ചുയരും. ദിവസം ശരാശരി ഇരുപതുരൂപമാത്രം ചെലവഴിക്കാന്‍ ശേഷിയുള്ളവരാണ് 77 ശതമാനം ഇന്ത്യക്കാരും. വില കുറച്ച് ഭക്ഷണം ലഭിക്കുന്ന റസ്റ്റോറന്റുകളില്‍ചെന്ന് ഒരു നേരം ഊണുകഴിക്കാനുള്ള ശേഷിപോലും ഇന്ത്യാ മഹാരാജ്യത്തെ മഹാഭൂരിപക്ഷത്തിനും ഇല്ല എന്നര്‍ഥം. ഒരു ചായയുടെ കുറഞ്ഞ വില തലസ്ഥാന നഗരത്തില്‍ ആറുരൂപയാണ്. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റംമൂലം ജനജീവിതം പൊറുതിമുട്ടി എന്നത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. മുണ്ടുമുറുക്കിയുടുത്താലും ജീവിക്കാനാവില്ല. റേഷന്‍കടകളില്‍ ആഴ്ചകളായി അരിയില്ല. മണ്ണെണ്ണ കിട്ടാനില്ല. കേന്ദ്രത്തില്‍നിന്നുള്ള മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് അനക്കമില്ല. കേന്ദ്രം നടക്കുന്ന വഴിയേ നടന്ന് ആഗോളവല്‍ക്കരണത്തെ ചുമക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. കോര്‍പറേറ്റുകളുടെയും സാമ്രാജ്യത്വശക്തികളുടെയും താല്‍പ്പര്യം സംരക്ഷിക്കുക എന്ന അജന്‍ഡയെ ഇരുകൂട്ടരും പരമപ്രധാനമായി കാണുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ശേഖരണ-വിതരണ നിയന്ത്രണം സര്‍ക്കാര്‍ പരിപൂര്‍ണമായി കൈവിട്ടു. അവധിവ്യാപാരവും ഊഹക്കച്ചവടവും കര്‍ഷകന് തുച്ഛവിലയും കോര്‍പറേറ്റുകള്‍ക്ക് വന്‍ലാഭവുമാണ് നല്‍കുന്നത്. പൊതുവിതരണ സമ്പ്രദായം തകര്‍ത്തു.
നാലരക്കോടി ടണ്‍ ധാന്യം സ്റ്റോക്കുണ്ടെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പറഞ്ഞതാണ്. ഭക്ഷ്യസുരക്ഷയ്ക്ക് 1.6 കോടി ടണ്‍ മതി. എന്നിട്ടും എല്ലാ കുടുംബങ്ങള്‍ക്കും പട്ടിണിമാറ്റാനുള്ള കുറഞ്ഞ ധാന്യംപോലും കൊടുക്കുന്നില്ല. എഫ്സിഐ ഗോഡൗണുകള്‍ റിലയന്‍സ് പോലുള്ള കമ്പനികള്‍ക്ക് പാട്ടത്തിനു നല്‍കുന്നു. ഭക്ഷ്യസബ്സിഡി അനാവശ്യമാണെന്ന് കേന്ദ്രം കരുതുന്നു. സബ്സിഡികളില്ലാത്ത ഭരണമാണ് യുപിഎയുടെ സങ്കല്‍പ്പം. ഭക്ഷ്യ സബ്സിഡി 52,489 കോടി രൂപയും കോര്‍പറേറ്റുകള്‍ക്കുള്ള ആനുകൂല്യം നാലു ലക്ഷം കോടി രൂപയും എന്നതായിരുന്നു 2009-10 ലെ ബജറ്റില്‍ ഉയര്‍ത്തിപ്പിടിച്ച അനുപാതം. ഭക്ഷ്യസബ്സിഡിക്കായി ഇനിയും തുക നീക്കിവയ്ക്കാനാവില്ലത്രെ. ഇന്ധന സബ്സിഡിയെ അവജ്ഞയോടെയാണ് കാണുന്നത്. രണ്ടാം യുപിഎ സര്‍ക്കാര്‍ വന്നയുടന്‍ പെട്രോളിന് നാലു രൂപയും ഡീസലിന് രണ്ടുരൂപയും കൂട്ടി. അതുകഴിഞ്ഞ്, പെട്രോളിന്റെ വിലനിയന്ത്രണം നീക്കി. ആ വഴിയില്‍ ഡീസലും പോകുന്നു. 2009ല്‍ 40 രൂപയായിരുന്നു പെട്രോള്‍ വില. ഉയര്‍ന്ന ഇടത്തരക്കാര്‍ക്കുപോലും പെട്രോള്‍ വാഹനം ഉപേക്ഷിക്കേണ്ടിവരികയാണ്. ഡീസലിനുമേലുള്ള വിലനിയന്ത്രണം എടുത്തുമാറ്റിയാല്‍ സര്‍വതലത്തിലും വിലക്കയറ്റത്തിര ആഞ്ഞടിക്കും. വളംവില ചെറുതായി കയറിയാല്‍ കര്‍ഷക ആത്മഹത്യകളുടെ എണ്ണം കുതിച്ചുയരും. പെട്രോളിനുപിന്നാലെ, യൂറിയ ഒഴികെയുള്ള വളങ്ങളുടെ വിലനിയന്ത്രണവും എടുത്തുകളഞ്ഞു. പൊതുവിപണിയിലെ വിലക്കയറ്റത്തിനു പുറമെയാണ് കര്‍ഷകര്‍ വളംവിലക്കയറ്റത്തിന്റെ ഭാരം താങ്ങേണ്ടത്. വൈദ്യുതിപ്രതിസന്ധിയും വിലക്കയറ്റവും അതിനും പുറമെയുണ്ട്. എല്ലാം കരുതിക്കൂട്ടി വരുത്തിവച്ചതാണ്. മുന്‍പിന്‍നോക്കാതെ ഇടുക്കിയിലെ വെള്ളം ഒഴുക്കിക്കളഞ്ഞ യുഡിഎഫ് അവിവേകത്തിന്റെ വിലയാണ്, വൈദ്യുതിച്ചാര്‍ജ് വര്‍ധനയുടെയും പവര്‍കട്ടിന്റെയും ലോഡ്ഷെഡിങ്ങിന്റെയും രൂപത്തില്‍ കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്നത്. ജീവന്‍രക്ഷാമരുന്നുകളുടെ വിലവര്‍ധന മറ്റെല്ലാ മേഖലകളെയും അപ്രസക്തമാക്കുന്ന തോതിലാണ്. അവശ്യമരുന്നുകളുടെ പട്ടിക അട്ടിമറിച്ചു. ഒരു നിയന്ത്രണവുമില്ലാതെ അന്യായവില ഈടാക്കാമെന്ന സ്ഥിതിയാണ് വന്നത്. ഇതെല്ലാം അനുഭവിക്കുന്ന ജനങ്ങള്‍ എന്തിന് ഇങ്ങനെയൊരു ഭരണം എന്ന ചോദ്യം ഉയര്‍ത്തുന്നതില്‍ അസ്വാഭാവികതയില്ല. എല്‍ഡിഎഫ് കാലത്ത് വിലക്കയറ്റത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച് ജനങ്ങള്‍ക്കുവേണ്ടി എങ്ങനെ സര്‍ക്കാര്‍ ഇടപെടണം എന്ന് തെളിയിച്ചതാണ്. വിശേഷാവസരങ്ങളില്‍ വിപുലമായ ചന്തകള്‍ സംഘടിപ്പിച്ചു; നേരിട്ടും മാവേലിസ്റ്റോറുകളിലൂടെയും സഹകരണസംഘങ്ങളിലൂടെയും സര്‍ക്കാര്‍ പൊതുകമ്പോളത്തില്‍ ഇടപെട്ടു. രാജ്യത്താകെ വിലക്കയറ്റത്തിന്റെ രൂക്ഷത വര്‍ധിക്കുമ്പോള്‍ അന്ന് കേരളത്തിന് ഒരളവുവരെ വേറിട്ടു നില്‍ക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ സ്ഥിതി മറിച്ചായി. വിലക്കയറ്റം കടിഞ്ഞാണില്ലാതെ പായുമ്പോഴും സര്‍ക്കാരിന് അനക്കമില്ല. സംസ്ഥാനത്ത് സര്‍ക്കാര്‍തന്നെ ഇല്ല എന്ന് പറയാം. എന്നാല്‍, ജനങ്ങളെ ദ്രോഹിക്കുന്ന നടപടികള്‍ക്ക് ഒട്ടും കുറവില്ല. സമരങ്ങളെ അടിച്ചമര്‍ത്തുകയാണ്. അരി തരാത്ത, പണി തരാത്ത ഭരണത്തെക്കുറിച്ച് പ്രതികരിക്കുന്നവര്‍ക്കെതിരെ കള്ളക്കേസുകളാണ്. സമരവും പ്രകടനവുംപോലും തടയുന്നു. പങ്കെടുക്കുന്നവരെ വിവിധ വകുപ്പുകള്‍ ചുമത്തി തുറുങ്കിലടയ്ക്കുന്നു.
ജനജീവിതം സര്‍വതലത്തിലും പ്രയാസകരമാകുന്ന അവസ്ഥയില്‍, അതിനു കാരണമാകുന്ന ദുര്‍നയങ്ങള്‍ക്കെതിരെ ജനകീയ സമരം ഉയര്‍ന്നുവന്നേ തീരൂ. അത്തരമൊരു സമരത്തിന്റെ നായകത്വം ഏറ്റെടുത്ത് സംസ്ഥാനത്താകെ ജനങ്ങളെ അണിനിരത്തുക എന്ന കടമയാണ് സിപിഐ എം ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ ഭാഗമായി വെള്ളിയാഴ്ച സിപിഐ എം നേതൃത്വത്തില്‍ സംസ്ഥാനത്തെ താലൂക്ക് ഓഫീസുകള്‍ പിക്കറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ സര്‍ക്കാര്‍വിരുദ്ധ സമരമോ ഒരു രാഷ്ട്രീയ പാര്‍ടിയുടെ മാത്രമായ പ്രക്ഷോഭപ്രവര്‍ത്തനമോ എന്നതില്‍ കവിഞ്ഞ പ്രാധാന്യവും പ്രസക്തിയും ആ സമരത്തിനുണ്ട്. ജീവിതദുരിതങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള സാധാരണ ജനങ്ങളുടെ വികാരമാണ്; അതിന്റെ രൂക്ഷതയാണ് എല്ലാ അര്‍ഥത്തിലും ആ സമരത്തില്‍ പ്രതിഫലിക്കേണ്ടത്. അതുകൊണ്ടുതന്നെ കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള ബഹുജന പങ്കാളിത്തം ആ സമരത്തില്‍ ഉണ്ടാകേണ്ടതുണ്ട്.
deshabhimani editorial 040512
വിലക്കയറ്റം പിടിച്ചുനിര്‍ത്തപ്പെടുമെന്ന നേരിയ പ്രതീക്ഷപോലും ജനങ്ങള്‍ക്കുമുന്നിലില്ല. ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയുന്ന നാളിലേക്കാണ് ജനങ്ങള്‍ ഭീതിയോടെ നോക്കുന്നത്. അതോടെ എല്ലാറ്റിന്റെയും വില വീണ്ടും കുതിച്ചുയരും. ദിവസം ശരാശരി ഇരുപതുരൂപമാത്രം ചെലവഴിക്കാന്‍ ശേഷിയുള്ളവരാണ് 77 ശതമാനം ഇന്ത്യക്കാരും. വില കുറച്ച് ഭക്ഷണം ലഭിക്കുന്ന റസ്റ്റോറന്റുകളില്‍ചെന്ന് ഒരു നേരം ഊണുകഴിക്കാനുള്ള ശേഷിപോലും ഇന്ത്യാ മഹാരാജ്യത്തെ മഹാഭൂരിപക്ഷത്തിനും ഇല്ല എന്നര്‍ഥം.
ReplyDelete