Monday, May 21, 2012

ജീവിക്കാനുള്ള അവകാശത്തിനായി ആയിരങ്ങള്‍ ഒത്തുചേര്‍ന്നു


ജീവിക്കാനും പ്രവര്‍ത്തിക്കാനുമായുള്ള സ്വാതന്ത്ര്യത്തിനായി കമ്യൂണിസ്റ്റുകാരുടെ ഒത്തുചേരല്‍. ചെങ്കൊടിയുടെ തണലില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന ഒഞ്ചിയത്തിന്റെ മക്കള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയുമായാണ് പോരാളികളും തൊഴിലാളിസഖാക്കളും ബഹുജനങ്ങളും ഒത്തുകൂടിയത്. കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ രക്തശോഭയാര്‍ന്ന ഒഞ്ചിയത്തിന്റെ മണ്ണില്‍ രക്തപതാകയേന്തിയുള്ള പ്രവര്‍ത്തനത്തെ തടയുന്ന ശക്തികള്‍ക്ക് മുന്നില്‍ പതറാതെ ധീരരായി മുന്നേറുമെന്ന് പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും പ്രഖ്യാപിച്ചു. രക്തസാക്ഷിയും ചെങ്കൊടിയും അഭിമാനവും ആവേശവുമുയര്‍ത്തുന്ന ദേശത്തിനെ കമ്യുണിസ്റ്റ്വിരുദ്ധരുടെ പരീക്ഷണശാലയാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു കൂട്ടായ്മ.

ഒഞ്ചിയം രക്തസാക്ഷി പാറോള്ളതില്‍ കണാരന്റെ മകന്‍ ടി എം ദാമോദരനടക്കം രക്തസാക്ഷികളുടെ പിന്മുറക്കാര്‍ പോരാട്ടത്തിനും പ്രതിഷേധത്തിനും പിന്തുണയായി പങ്കാളികളായി. പൊലീസിന്റെയും ഭരണകൂടത്തിന്റെയും തണലിലല്ല കമ്യൂണിസ്റ്റ്രപസ്ഥാനം വളര്‍ന്നതും മുന്നേറിയതുമെന്നത് മാര്‍ക്സിസ്റ്റ്വിരുദ്ധരെ ഓര്‍മ്മിപ്പിച്ച ജനകീയകൂട്ടായ്മ പാര്‍ടിക്ക് പോറലേല്‍പിക്കുന്ന ശക്തികള്‍ക്കെതിരായ ചെങ്കൊടിപ്രസ്ഥാനത്തിന്റെ താക്കീതായി മാറി. ഒഞ്ചിയം, ഓര്‍ക്കാട്ടേരി, മുയിപ്ര, അഴിയൂര്‍ , ഏറാമല, കുന്നുമ്മക്കര, ആദിയൂര്‍ തുടങ്ങി കടത്തനാടിന്റെ വിപ്ലവപാരമ്പര്യം തുടിക്കുന്ന പ്രദേശങ്ങളില്‍ സിപിഐ എമ്മുകാരായതിനാല്‍ ജീവിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടവും ദുരിതങ്ങളും വിവിരിച്ച് നൂറോളം അമ്മമാരും സോദരിമാരുമാണ് വടകര കോട്ടപ്പറമ്പിലെത്തിയത്.

വീടുതകര്‍ക്കപ്പെട്ടവര്‍, ശാരീരികാക്രമണത്തിന് വിധേയരായവര്‍, വഴിനടക്കാന്‍സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവര്‍, നിരന്തരം അധിക്ഷേപത്തിനും അവഹേളനത്തിനുമിരയാകുന്നവര്‍, രാഷ്ട്രീയകക്ഷിയില്‍ വിശ്വസിക്കുന്നതിനാല്‍ പൗരാവകാശങ്ങളൊന്നുമില്ലാതെ അക്രമവും പീഡനവുമേറ്റുവാങ്ങേണ്ടിവരുന്ന ജനതയുടെ കഥകളാണ് കൂട്ടായ്മയില്‍ പുറത്തുവന്നത്. "കൊന്നാലും ഞങ്ങള്‍ സിപിഐ എമ്മുകാരായി തുടരു"മെന്ന് പറയുന്ന മുയിപ്രയിലെ പുത്തന്‍പുരയില്‍ നാരായണി, വീട്തീവെച്ച് നശിപ്പിക്കപ്പെട്ട മുയിപ്രയിലെ അടിനിലംകുനി ലീല, ഒഞ്ചിയത്തെ കെ പി ഗോപാലന്‍, വടക്കയില്‍ കൃഷ്ണന്‍, വടക്കേമലോല്‍ ബാബു, കുന്നുമ്മക്കരയിലെതൈക്കണ്ടി രജനി, പാലേരി മീത്തല്‍ പുഷ്പ, എ കെ ബാലകൃഷ്ണന്‍, കിഴക്കേപുന്നോറത്ത് ദേവു, പുത്തനപുരയില്‍ സുകുമാരന്‍, വണ്ണാറത്ത് ബാബു.........തുടങ്ങി അക്രമത്തിലും പതറാത്ത മനസുമായി നൂറോളം കുടുംബങ്ങളാണ് വടകര കോട്ടപ്പറമ്പില്‍ സംഗമിച്ചത്. ചന്ദ്രശേഖരന്റെ ക്രൂരമായ വധത്തില്‍ ദു:ഖവും പ്രതിഷേധവുമുള്ളവരാണിവരെല്ലാം. സിപിഐ എമ്മുകാരാണ് എന്നതാണ് ഇവരുടെയാകെ കുറ്റം.

ബഹുജനകൂട്ടായ്മ പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ, എ പ്രദീപ്കുമാര്‍ കെ കുഞ്ഞമ്മദ്, കെ കെ ലതിക, മേയര്‍ പ്രൊഫ. എ കെ പ്രേമജം, വടകര നഗരസഭാ ചെയര്‍പേഴ്സണ്‍ പി പി രഞ്ജിനി, കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ശാന്ത, പാര്‍ടി ജില്ലാ സെക്രട്ടറിയറ്റംഗം എം ഭാസ്കരന്‍എന്നിവര്‍ സംസാരിച്ചു. പാര്‍ടി ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരന്‍ സ്വാഗതവും ടി പി ബാലകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.

deshabhimani  news

1 comment:

  1. ജീവിക്കാനും പ്രവര്‍ത്തിക്കാനുമായുള്ള സ്വാതന്ത്ര്യത്തിനായി കമ്യൂണിസ്റ്റുകാരുടെ ഒത്തുചേരല്‍. ചെങ്കൊടിയുടെ തണലില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന ഒഞ്ചിയത്തിന്റെ മക്കള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയുമായാണ് പോരാളികളും തൊഴിലാളിസഖാക്കളും ബഹുജനങ്ങളും ഒത്തുകൂടിയത്. കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ രക്തശോഭയാര്‍ന്ന ഒഞ്ചിയത്തിന്റെ മണ്ണില്‍ രക്തപതാകയേന്തിയുള്ള പ്രവര്‍ത്തനത്തെ തടയുന്ന ശക്തികള്‍ക്ക് മുന്നില്‍ പതറാതെ ധീരരായി മുന്നേറുമെന്ന് പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും പ്രഖ്യാപിച്ചു. രക്തസാക്ഷിയും ചെങ്കൊടിയും അഭിമാനവും ആവേശവുമുയര്‍ത്തുന്ന ദേശത്തിനെ കമ്യുണിസ്റ്റ്വിരുദ്ധരുടെ പരീക്ഷണശാലയാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു കൂട്ടായ്മ.

    ReplyDelete