Tuesday, May 22, 2012

റേഷന്‍ മണ്ണെണ്ണയ്ക്ക് 57 രൂപ


റേഷന്‍സബ്സിഡി പടിപടിയായി നിര്‍ത്തലാക്കുന്നതിനു മുന്നോടിയായി മണ്ണെണ്ണയുടെ സബ്സിഡി ഉപയോക്താവിന് ബാങ്ക് വഴി നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നു. ഇതുസംബന്ധിച്ച ഉത്തരവ് സിവില്‍സപ്ലൈസ് വകുപ്പ് കമീഷണര്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് കൈമാറി. സെപ്തംബറോടെ ആരംഭിക്കുന്ന പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകളും ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് ഉത്തരവിലുണ്ട്.

പദ്ധതിയുടെ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ശനിയാഴ്ചയാണ് സപ്ലൈ ഓഫീസര്‍മാര്‍ക്കു കിട്ടിയത്. പദ്ധതി തുടങ്ങിയാല്‍ കാര്‍ഡുടമകള്‍ മണ്ണെണ്ണയ്ക്ക് ഇപ്പോള്‍ നല്‍കുന്നതിന്റെ നാലിരട്ടി പണം നല്‍കണം. സബ്സിഡി തുക പിന്നീട് കാര്‍ഡുടമയുടെ അക്കൗണ്ടിലിടുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇതിനായി കാര്‍ഡുടമകള്‍ ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് തുടങ്ങണം. ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് സഹിതം താലൂക്ക് സപ്ലൈ ഓഫീസുകളില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. 14-15 രൂപയാണ് റേഷന്‍ മണ്ണെണ്ണയുടെ ഇപ്പോഴത്തെ വില. പൊതുമാര്‍ക്കറ്റില്‍ 50-60 രൂപയും. അതനുസരിച്ച് പദ്ധതി പ്രകാരം റേഷന്‍ മണ്ണെണ്ണയ്ക്ക് 57 രൂപയോളം ഈടാക്കും. 57ല്‍നിന്ന് 14.50 കഴിച്ചുള്ള 42.50 രൂപയോളം പിന്നീട് സര്‍ക്കാര്‍ ബാങ്കിലിടും. നിലവില്‍, വീട് വൈദ്യുതീകരിക്കാത്ത കാര്‍ഡുടമകള്‍ക്ക് നാലുലിറ്ററും അല്ലാത്തവര്‍ക്ക് അരലിറ്ററുമാണ് മണ്ണെണ്ണ ലഭിക്കുന്നത്. അരലിറ്റര്‍ മണ്ണെണ്ണയ്ക്ക് സബ്സിഡി ലഭിക്കാന്‍പോലും കാര്‍ഡുടമകള്‍ 500 രൂപ മുടക്കി ബാങ്ക് അക്കൗണ്ട് തുടങ്ങേണ്ടിവരും. ബാങ്ക് ഇടപാട് പരിചയമില്ലാത്ത നിര്‍ധനകുടുംബങ്ങള്‍ക്ക് ഇത് പ്രയാസമുണ്ടാക്കും. സബ്സിഡി തുക എപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന കാര്യത്തില്‍ ഒരു ഉറപ്പും നല്‍കുന്നില്ല. സര്‍ക്കാരിന്റെ സാമ്പത്തികാനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അനുഭവപ്പെടുന്ന കാലതാമസം ഇവിടെയും ഉറപ്പ്. സംസ്ഥാനത്ത് ആകെയുള്ള 78 ലക്ഷം കാര്‍ഡുടമകളില്‍ ഒമ്പതുലക്ഷത്തിലേറെ ഉപയോക്താക്കള്‍ വീട് വൈദ്യുതീകരിച്ചിട്ടില്ലാത്ത നിര്‍ധനവിഭാഗമാണ്. നാലിരട്ടിയോളം ഉയര്‍ന്ന നിരക്ക് നല്‍കി റേഷന്‍മണ്ണെണ്ണ വാങ്ങണമെന്ന നിര്‍ദേശം ഇവര്‍ക്ക് താങ്ങാനാകില്ല. സബ്സിഡി തുക അക്കൗണ്ടില്‍ എത്താന്‍ വൈകിയാല്‍ അവര്‍ പ്രതിസന്ധിയിലാകും. ബാങ്കിടപാടിനുള്ള യാത്രാചെലവും സമയനഷ്ടവും ഇതിനുപുറമെയാണ്. പൊതുമാര്‍ക്കറ്റിലെ വിലയ്ക്ക് മണ്ണെണ്ണ വിറ്റാല്‍ റേഷന്‍ കടകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇതുവഴി സബ്സിഡി ചെലവും കുറയ്ക്കാം.

അടുത്ത ഘട്ടത്തില്‍ അരിയടക്കമുള്ള സാധനങ്ങള്‍ക്കും പാചകവാതകത്തിനും ക്യാഷ് സബ്സിഡി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. വിവിധ സംസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പദ്ധതിക്കെതിരെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ രാഷ്ട്രീയകക്ഷികളില്‍നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. റേഷന്‍മണ്ണെണ്ണയുടെ കരിഞ്ചന്തയും ദുരുപയോഗവും തടയാനും അര്‍ഹര്‍ക്കുമാത്രം മണ്ണെണ്ണ നല്‍കാനുമാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് സിവില്‍ സപ്ലൈസ് കമീഷണറുടെ വിശദീകരണം. റേഷന്‍കട വഴിയുള്ള മണ്ണെണ്ണവിതരണം നിര്‍ത്തലാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ ശ്രമമാരംഭിച്ചിരുന്നു. മണ്ണെണ്ണയുടെ അളവ് വെട്ടിക്കുറച്ചാണ് ദ്രോഹനടപടി ആരംഭിച്ചത്. മണ്ണെണ്ണവിതരണം വൈദ്യുതീകരിക്കാത്ത വീടുള്ള കാര്‍ഡുടമകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി കഴിഞ്ഞമാസം സിവില്‍സപ്ലൈസ് വകുപ്പ് ഉത്തരവിറക്കി. പാചകവാതക കണക്ഷനുള്ള വൈദ്യുതീകരിക്കാത്ത വീടുകള്‍ക്കും ഇതുപ്രകാരം ആനുകൂല്യം നിഷേധിച്ചു. കടുത്ത പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ഇത് ഭാഗികമായി പുനഃസ്ഥാപിച്ചത്.

deshabhimani 220512

1 comment:

  1. റേഷന്‍സബ്സിഡി പടിപടിയായി നിര്‍ത്തലാക്കുന്നതിനു മുന്നോടിയായി മണ്ണെണ്ണയുടെ സബ്സിഡി ഉപയോക്താവിന് ബാങ്ക് വഴി നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നു. ഇതുസംബന്ധിച്ച ഉത്തരവ് സിവില്‍സപ്ലൈസ് വകുപ്പ് കമീഷണര്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് കൈമാറി. സെപ്തംബറോടെ ആരംഭിക്കുന്ന പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകളും ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് ഉത്തരവിലുണ്ട്.

    ReplyDelete