Friday, May 11, 2012

ഡിജിപിയെ തള്ളിപ്പറയുന്നത് കേസ് അട്ടിമറിക്കാന്‍: പിണറായി


ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാനാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡിജിപിയെ തള്ളിപ്പറയുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പറയുന്ന തിരുവഞ്ചൂര്‍ ഡിജിപിയെ തിരുത്തുകയാണ്. ഡിജിപിയെ ഇങ്ങനെ അപമാനിക്കേണ്ടതുണ്ടോ. ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെങ്കില്‍ അദ്ദേഹത്തെ പറഞ്ഞുവിടുകയാണ് വേണ്ടതെന്നും ചൊവ്വ തൊഴിലാളി ലൈബ്രറി ആന്‍ഡ് റീഡിങ് റൂം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.
സ്വകാര്യ ലാഭത്തിനു വേണ്ടിയുള്ള കൊലയാണെന്നാണ് ഡിജിപി പരസ്യമായി പറഞ്ഞത്. കൊലയാളികളെ കണ്ടെത്തിയെന്നും ചെയ്യിച്ചവരെയാണ് കിട്ടേണ്ടതെന്നും അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏതു തെളിവിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഡിജിപിയെ തള്ളിപ്പറഞ്ഞത്. ഡിജിപിയില്‍നിന്ന് വ്യത്യസ്തമായി എന്തു തെളിവാണ് അദ്ദേഹത്തിന്റെ കൈയിലുള്ളത്. ഡിജിപിയെ തള്ളിപ്പറഞ്ഞതോടെ രാധാകൃഷ്ണന്‍ രാഷ്ട്രീയമാണ് കളിക്കുന്നത്. കേസന്വേഷണത്തില്‍ തെറ്റായ രീതിയില്‍ ഇടപെടാന്‍ പോകുന്നതിന്റെ സൂചനയാണിത്.

ചന്ദ്രശേഖരന്റെ കൊലപാതകം നിഷ്ഠുരമാണ്. അതിന് ഉത്തരവാദിയായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടണം. കേസന്വേഷണം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുവരെ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം. രമേശ് ചെന്നിത്തല പറയുന്നത് സിബിഐ അന്വേഷിക്കട്ടെയെന്നാണ്. എന്തേ ചെന്നിത്തലയ്ക്ക് ഉമ്മന്‍ചാണ്ടിയെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും യുഡിഎഫ് സര്‍ക്കാരിനെയും വിശ്വാസമില്ലേ? ഞങ്ങള്‍ ഇപ്പോഴത്തെ അന്വേഷണ സംവിധാനത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അത് തുടരട്ടെ എന്നാണ് അഭിപ്രായം. എന്നാല്‍, ഈ അന്വേഷണം അട്ടിമറിക്കാന്‍ പോകുന്നുവെന്നാണ് മന്ത്രി നല്‍കുന്ന സൂചന.

നെയ്യാറ്റിന്‍കരയില്‍ ചന്ദ്രശേഖരന്റെ കുടുംബത്തെയും ബന്ധുക്കളെയും കൊണ്ടുപോകാനുള്ള ഗൂഢാലോചന അണിയറയില്‍ നടക്കുന്നുണ്ട്. തെരുവമ്പറമ്പിലെ മുസ്ലിം സ്ത്രീയെ ബലാത്സംഗം ചെയ്തെന്നു പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ 2001 ലെ അനുഭവം ഓര്‍ക്കണം. ഈ പ്രചാരണത്തിലൂടെ കിട്ടാവുന്ന വോട്ട് സംഭരിച്ചു. തങ്ങളെ അപമാനിച്ച യുഡിഎഫും ലീഗും വീടിന്റെ പടി ചവിട്ടരുതെന്നാണ് ആ മുസ്ലിം കുടുംബം പിന്നീട് പറഞ്ഞത്.

ലോകത്ത് കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഒരുപാട് ഗൂഢാലോചന നടന്നിട്ടുണ്ട്. ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരം തീയിട്ടത് കമ്യൂണിസ്റ്റുകാരാണെന്ന് പറഞ്ഞാണ് ഹിറ്റ്ലര്‍ വേട്ട തുടങ്ങിയത്. ബംഗാളില്‍ ഫോര്‍വേഡ് ബ്ലോക്ക് നേതാവിനെ കൊന്നത് സിപിഐ എമ്മാണെന്ന് പ്രചരിപ്പിച്ചാണ് അര്‍ധ ഫാസിസ്റ്റ് ഭരണം തുടങ്ങിയത്. രാധാകൃഷ്ണന്റെ വാക്കില്‍ ഇവരുടെ സ്വരം മുഴങ്ങുന്നു. വേറിട്ട് പോയവരെ ശാരീരികമായല്ല, രാഷ്ട്രീയമായി നേരിട്ട അനുഭവമേ സിപിഐ എമ്മിനുള്ളൂ. എം വി രാഘവന്‍ പാര്‍ടി വിടുമ്പോള്‍ നല്ലൊരുഭാഗം പോകുമെന്നായിരുന്നു പ്രചാരം. ചില ജില്ലകളില്‍ രാഘവനാണ് മേധാവിത്വമെന്നുവരെ പ്രചരിപ്പിച്ചു. സംസ്ഥാനത്ത് പാര്‍ടി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. തെറ്റായ രാഷ്ട്രീയം തിരുത്തുന്നതിന് ശക്തമായ പ്രചാരണം നടത്തി. ആരെയും ശാരീരികമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിച്ചില്ല. തെറ്റ് തിരുത്തി വന്നവരെ സ്വീകരിച്ചു.

ഈ നിരാശയില്‍നിന്നാണ് ഇ പി ജയരാജനെ കൊല്ലാന്‍ തോക്ക് കൊടുത്ത് ചിലര്‍ കൊലയാളികളെ അയച്ചത്. ഇതിനു പിന്നിലുള്ള ആരെയും കൊല്ലാന്‍ പാര്‍ടി ശ്രമിച്ചില്ല. കൊന്നുതള്ളല്‍ നമ്മുടെ ശൈലിയല്ല. ഇ പി ജയരാജന്‍ ഇപ്പോള്‍ ജീവിക്കുന്നത് അത്ഭുതമാണ്.

യുഡിഎഫ് നമ്മളെ തെറ്റായി ചിത്രീകരിക്കുന്നത് മനസിലാക്കാം. എന്നാല്‍ ഒപ്പമുള്ളവര്‍ അങ്ങനെ ചെയ്യുന്നത് മനസ്സിലാവുന്നില്ല. ചിലര്‍ എന്തോ മനസ്സില്‍ കാണുന്നുണ്ട്. യുഡിഎഫിന് വളംവച്ചുകൊടുക്കുന്ന വാചകങ്ങളാണ് ഇവര്‍ പറയുന്നത്. നാലാളെ കിട്ടാന്‍ നമ്മുടെ തലക്കിട്ട് മേടേണ്ടല്ലോ. നമുക്കിട്ട് ഒരു പാട് മേടിയിട്ടുണ്ട്. എല്ലാവരും ശ്രമിച്ചിട്ടും ഈ പര്‍ടിയെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ചങ്ങാത്തത്തിന്റെ ഭാഗമായുള്ള ഈ കളിയൊക്കെ മനസ്സിലാക്കാനുള്ള വിവരം നമുക്കുണ്ട്- പിണറായി പറഞ്ഞു.

deshabhimani 110512

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാനാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡിജിപിയെ തള്ളിപ്പറയുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പറയുന്ന തിരുവഞ്ചൂര്‍ ഡിജിപിയെ തിരുത്തുകയാണ്. ഡിജിപിയെ ഇങ്ങനെ അപമാനിക്കേണ്ടതുണ്ടോ. ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെങ്കില്‍ അദ്ദേഹത്തെ പറഞ്ഞുവിടുകയാണ് വേണ്ടതെന്നും ചൊവ്വ തൊഴിലാളി ലൈബ്രറി ആന്‍ഡ് റീഡിങ് റൂം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.

    ReplyDelete