Saturday, May 12, 2012

തീരാത്ത നുണക്കഥകളുമായി ചാനല്‍-പത്ര സംഘം


ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സിപിഐ എമ്മിനെതിരെ ക്വട്ടേഷന്‍ വാര്‍ത്തകള്‍ തുടര്‍ക്കഥയാകുന്നു. സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവിധത്തില്‍ പച്ചനുണകളും കള്ളക്കഥകളും മെനയുകയാണ് ചാനല്‍-പത്ര മാധ്യമസംഘം. ചാനലുകള്‍ തുടങ്ങുക...പത്രങ്ങള്‍ ഏറ്റെടുക്കുക എന്ന രൂപത്തിലാണ് ഈ വാര്‍ത്തകളുടെ പ്രചാരണം. സിപിഐ എം വിരുദ്ധ ജിഹ്വകളായ മലയാള മനോരമയും മാതൃഭൂമിയും ഇക്കാര്യത്തില്‍ മത്സരിക്കുകയാണ്. ക്വട്ടേഷന്‍ സംഘത്തിന്റെ പേരില്‍ പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന നെറികെട്ട വാര്‍ത്തകളാണ് ഇരുപത്രങ്ങളിലും. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട അപലപനീയമായ സംഭവം പുറത്തറിഞ്ഞത് മുതല്‍ അതാഘോഷമാക്കുകയാണ് "മ" പത്രങ്ങള്‍. സത്യവും വസ്തുതയുമായി ബന്ധമില്ലാത്തതാണ് വാര്‍ത്തകളെന്ന് വെളിപ്പെടുമ്പോഴും കള്ളത്തിന്റെ അച്ചുനിരത്തല്‍ തുടരുകയാണിവര്‍.

സിപിഐ എം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസില്‍നിന്ന് പ്രതികള്‍ക്ക് ഫോണ്‍ചെയ്തെന്നാണ് ശനിയാഴ്ച മാതൃഭൂമിയുടെ കണ്ടുപിടിത്തം. അന്വേഷണ ഉദ്യോഗസ്ഥരെക്കാളും സൈബര്‍സെല്ലിനേക്കാളും മികവാണ് മാതൃഭൂമി പ്രകടിപ്പിച്ചത്. പത്ര ഉടമയുടെ പ്രീതിക്കായി ഉറപ്പില്ലാത്ത കാര്യങ്ങള്‍വരെ എഴുതേണ്ട ഗതികേടിലാണ് ഈ പത്രങ്ങളിലെ ലേഖകര്‍. കൊലയറിഞ്ഞയുടന്‍ സിപിഎമ്മുകാരാണ് പ്രതിയെന്ന് ആര്‍ത്തുവിളിച്ച് ചാനലിലെത്തിയയാളാണ് വീരേന്ദ്രകുമാര്‍. വീരെന്‍റ അഭീഷ്ടപ്രകാരം ഓരോദിനവും വാര്‍ത്ത ചമയ്ക്കയാണിപ്പോള്‍ പത്രം. അവസാനം വന്ന ഫോണ്‍കോളാണ് കൊലയിലേക്ക് നയിച്ചതെന്നായിരുന്നു തുടക്കത്തിലെ വാര്‍ത്ത. എന്നാല്‍, ഫോണ്‍കോള്‍ ആര്‍എംപിക്കാരന്റേതാണെന്ന് തെളിഞ്ഞതോടെ ആ വാര്‍ത്ത അനാഥജഡമായി.

കോഴിക്കോട്ടെ ഒരു ചാനല്‍ലേഖകന്റെ "അന്വേഷണാത്മക കണ്ടെത്തലുകളാണ്" പലപ്പോഴും അടുത്തദിവസം മാതൃഭൂമി വിളമ്പുന്നത്. മനോരമയാകട്ടെ വാര്‍ത്തയെന്ന പേരില്‍ അബദ്ധങ്ങളും പെരുംനുണയുമാണ് തട്ടിവിടുന്നത്. കഴിഞ്ഞ ദിവസത്തെ പ്രധാനവാര്‍ത്ത 12 പേര്‍ കൂടി കസ്റ്റഡിയിലെന്നായിരുന്നു. എന്നാല്‍, വാര്‍ത്തയില്‍ പറയുന്ന കോഴിക്കോട് വളയം സ്വദേശികളായ ഏഴുപേരും പൊലീസ് വിളിച്ചുവരുത്തുകപോലും ചെയ്യാത്തവരാണ്. വാര്‍ത്ത തിരുത്താനോ ഖേദംപറയാനോ മനോരമ തയ്യാറായില്ല. കേസില്‍ ആര്‍എസ്എസുകാരനായ പാനൂര്‍ മാക്കുനിയിലെ ശ്രീജേഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, ഈ പത്രങ്ങളിലൊന്നും വാര്‍ത്ത വന്നില്ല. മാത്രമല്ല ആര്‍എസ്എസുകാരടക്കം പിടിയിലായപ്പോള്‍, വിവിധ രാഷ്ട്രീയകക്ഷികളിലുള്ളവര്‍ പ്രതികളാകാമെന്നും അതിനു കാരണം ഗൂഢാലോചനയാണെന്നുമായി പുതിയ കണ്ടെത്തല്‍. അതേസമയം,കഴിഞ്ഞ ദിവസം കേസില്‍ മുന്നുപേരെ കസ്റ്റഡിയിലെടുത്തപ്പോള്‍ അവര്‍ക്ക് സിപിഐ എം ബന്ധം വച്ചുകെട്ടാന്‍ ഇവര്‍ക്ക് യാതൊരു മടിയുമുണ്ടായില്ല.

deshabhimani 130512

1 comment:

  1. ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സിപിഐ എമ്മിനെതിരെ ക്വട്ടേഷന്‍ വാര്‍ത്തകള്‍ തുടര്‍ക്കഥയാകുന്നു. സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവിധത്തില്‍ പച്ചനുണകളും കള്ളക്കഥകളും മെനയുകയാണ് ചാനല്‍-പത്ര മാധ്യമസംഘം. ചാനലുകള്‍ തുടങ്ങുക...പത്രങ്ങള്‍ ഏറ്റെടുക്കുക എന്ന രൂപത്തിലാണ് ഈ വാര്‍ത്തകളുടെ പ്രചാരണം. സിപിഐ എം വിരുദ്ധ ജിഹ്വകളായ മലയാള മനോരമയും മാതൃഭൂമിയും ഇക്കാര്യത്തില്‍ മത്സരിക്കുകയാണ്. ക്വട്ടേഷന്‍ സംഘത്തിന്റെ പേരില്‍ പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന നെറികെട്ട വാര്‍ത്തകളാണ് ഇരുപത്രങ്ങളിലും. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട അപലപനീയമായ സംഭവം പുറത്തറിഞ്ഞത് മുതല്‍ അതാഘോഷമാക്കുകയാണ് "മ" പത്രങ്ങള്‍. സത്യവും വസ്തുതയുമായി ബന്ധമില്ലാത്തതാണ് വാര്‍ത്തകളെന്ന് വെളിപ്പെടുമ്പോഴും കള്ളത്തിന്റെ അച്ചുനിരത്തല്‍ തുടരുകയാണിവര്‍.

    ReplyDelete