Friday, May 4, 2012

രാജ്യസഭ: ജാര്‍ഖണ്ഡില്‍ ബിജെപി സ്ഥാനാര്‍ഥി തോറ്റു


ജാര്‍ഖണ്ഡില്‍നിന്നുള്ള രണ്ട് രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എസ് എസ് അലുവാലിയ തോറ്റു. ബിജെപിയുടെ സഖ്യകക്ഷിയായ ജെഎംഎമ്മിന്റെയും പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും ഓരോ സ്ഥാനാര്‍ഥികള്‍ ജയിച്ചു.

മാര്‍ച്ച് 30ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം നടന്നുവെന്ന് തെളിഞ്ഞതിനെതുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ബിജെപിയെ തോല്‍പ്പിച്ച് ജെഎംഎം സ്ഥാനാര്‍ഥി വിജയിച്ചതോടെ ജാര്‍ഖണ്ഡിലെ ബിജെപി- ജെഎംഎം മന്ത്രിസഭയുടെ ഭാവി തുലാസിലായി. കോണ്‍ഗ്രസിന്റെ പ്രദീപ്കുമാര്‍ ബാല്‍മുചുവാണ് 25 വോട്ടോടെ ഒന്നാംസ്ഥാനത്തെത്തിയത്. ജെഎംഎമ്മിന്റെ സ്ഥാനാര്‍ഥി സഞ്ജീവ്കുമാര്‍ 23 വോട്ട് നേടി. അലുവാലിയക്ക് 20 വോട്ടുമാത്രമേ ലഭിച്ചുള്ളൂ. ജാര്‍ഖണ്ഡ് നിയമസഭയില്‍ 81 അംഗങ്ങളാണുള്ളത്. 68 അംഗങ്ങള്‍ വോട്ടുചെയ്തു. 11 അംഗങ്ങളുള്ള ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച(പ്രജാതാന്ത്രിക്)വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ബിജെപിക്കും ജെഎംഎമ്മിനും 18 വീതം അംഗങ്ങളുണ്ട്. 13 അംഗങ്ങളുള്ള കോണ്‍ഗ്രസിന് അഞ്ച് ആര്‍ജെഡി എംഎല്‍എമാരുടെയും ഏഴ് സ്വതന്ത്രരുടെയും പിന്തുണ കിട്ടി. അഞ്ച് ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ അംഗങ്ങളുടെ പിന്തുണ ജെഎംഎം സ്ഥാനാര്‍ഥിക്ക് ലഭിച്ചു.

രണ്ട് സീറ്റിലേക്ക് ആറ് സ്ഥാനാര്‍ഥികള്‍ രംഗത്തെത്തിയ മാര്‍ച്ച് 30ന്റെ തെരഞ്ഞെടുപ്പില്‍ വിദേശവ്യവസായി അംശുമാന്‍ മിശ്രയെ സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു.ബിജെപിയിലെ കൂട്ടക്കുഴപ്പത്തിനൊടുവില്‍ അംശുമാനെ സ്ഥാനാര്‍ഥിയാക്കുന്നില്ലെന്ന് നേതൃത്വത്തിന് തീരുമാനിക്കേണ്ടിവന്നു. ഈ തെരഞ്ഞെടുപ്പില്‍ അലുവാലിയയും സ്ഥാനാര്‍ഥിയായിരുന്നില്ല. സ്വതന്ത്ര സ്ഥാനാര്‍ഥി ആര്‍ കെ അഗര്‍വാളിന്റെ ബന്ധുവിന്റെ കാറില്‍നിന്ന് 2.15 കോടി രൂപ കണ്ടെടുത്തതിനെതുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് റദ്ദാക്കല്‍. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ പിന്തുണയോടെ മത്സരിച്ച അഗര്‍വാളിന്റെ സഹോദരന്റെ വാഹനത്തില്‍നിന്നാണ് പണം പിടിച്ചത്. എംഎല്‍എമാരെ വിലയ്ക്കെടുക്കാനാണ് പണം കൊണ്ടുവന്നതെന്ന്് വ്യക്തമായിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ രാജ്യസഭയില്‍ ബിജെപിയുടെ ഉപനേതാവായിരുന്ന എസ് എസ് അലുവാലിയയെ സ്ഥാനാര്‍ഥിയാക്കി. ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്നും ജെഎംഎമ്മിന് രാജ്യസഭാ സീറ്റ് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇരു പാര്‍ടികളും നിലപാട് മാറ്റാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് ഭരണമുന്നണിയിലെ പാര്‍ടികള്‍ പരസ്പരം മത്സരിക്കാന്‍ വഴിയൊരുങ്ങിയത്.
(വി ജയിന്‍ )

deshabhimani 040512

1 comment:

  1. ജാര്‍ഖണ്ഡില്‍നിന്നുള്ള രണ്ട് രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എസ് എസ് അലുവാലിയ തോറ്റു. ബിജെപിയുടെ സഖ്യകക്ഷിയായ ജെഎംഎമ്മിന്റെയും പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും ഓരോ സ്ഥാനാര്‍ഥികള്‍ ജയിച്ചു.

    മാര്‍ച്ച് 30ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം നടന്നുവെന്ന് തെളിഞ്ഞതിനെതുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.

    ReplyDelete