Wednesday, May 23, 2012

നെയ്യാറ്റിന്‍കരയില്‍ ചട്ടലംഘനം തുടരുന്നു: എല്‍ഡിഎഫ്


നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡി.എഫ് തെരഞ്ഞെടുപ്പ് ചട്ടങ്ങളെ തുടര്‍ച്ചയായി ലംഘിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ജനങ്ങളില്‍നിന്ന് പരാതികള്‍ വാങ്ങി അതിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന രീതിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്തുടരുന്നത്. ഇത് പരാതിയായി വന്നപ്പോള്‍ ജില്ലയിലെ ഒരു എംഎല്‍എ യോഗങ്ങളില്‍ വച്ച് പരാതി വാങ്ങി മുഖ്യമന്ത്രിയെ ഏല്‍പ്പിച്ച് പണം ഉള്‍പ്പെടെ അനുവദിക്കുന്ന നില ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ഒരു മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പില്‍ ചെയ്യാത്ത രീതിയാണ് ഇവിടെ പിന്തുടരുന്നത്. സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കിയവര്‍ക്ക് 1000 രൂപ ധനസഹായം പ്രഖ്യാപിച്ച സ്ഥിതി പോലും ഇവിടെ ഉണ്ടായി. നെയ്യാറ്റിന്‍കരയിലെ കുടിവെള്ളം ക്ഷാമം പരിഹരിക്കുന്നതിന്റെ ഭഭാഗമായി ലോഡ് കണക്കിന് പൈപ്പുകള്‍ കൊണ്ടുവന്ന് ഇറക്കുന്ന നാടകവും അവിടെ അരങ്ങേറുകയാണ്. കുടിവെള്ള പ്രശ്നം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും എന്ന നില വന്നപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പൈപ്പ് ഇറക്കുകയാണ്. കുടിവെള്ള പദ്ധതിക്കാവശ്യമായ ടാങ്ക് നിര്‍മ്മാണത്തിനുള്ള സ്ഥലം ഉള്‍പ്പെടെയുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാതെയാണ് ഇത്തരം നടപടികള്‍. അതോടൊപ്പം ഈ പദ്ധതിയുടെ ഭാഗമായുള്ള പാറശ്ശാല മണ്ഡലത്തിന്റെ ഭാഗത്ത് പൈപ്പ് ഇറക്കിയിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്.

തൊഴിലുറപ്പുപദ്ധതിയിലെ തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് നേതൃത്വം നല്‍കിയതിന്റെ തുടര്‍ച്ചയായിട്ടാണ് ഇത്തരം നടപടികള്‍. യുഡിഎഫിന്റെ പഞ്ചായത്ത് മെമ്പര്‍മാര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുന്നവരെ പഞ്ചായത്തിന്റേതെന്ന പേരില്‍ യോഗം വിളിച്ചുചേര്‍ത്ത് ഇത്തരം ആനുകൂല്യങ്ങള്‍ തങ്ങള്‍ നല്‍കുന്നതാണെന്ന് പ്രഖ്യാപിച്ച് വോട്ട് നേടുന്നതിനുള്ള സമീപനവും തുടരുകയാണ്. ഓരോ മന്ത്രിമാരും യോഗങ്ങളില്‍ ചെന്ന് നിരവധി വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി വോട്ട് നേടുന്നതിനുള്ള പരിശ്രമങ്ങളും നടത്തുകയാണ്. എംപാനല്‍ ജീവനക്കാരായി ഉള്‍പ്പെടെ ആളുകളെ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനവുമുണ്ട്. ഇത്തരത്തില്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ജനാധിപത്യപരമായി നടത്താതിരിക്കാനുള്ള നടപടിയാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടികളെത്തന്നെ അട്ടിമറിക്കുന്ന യുഡിഎഫിന്റെ ഇടപെടലുകളില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഈ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണം. നീതിയുക്തമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികള്‍ നെയ്യാറ്റിന്‍കരയില്‍ ഉണ്ടാക്കണം- എല്‍ഡിഎഫ് കണ്‍വീനര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani news

1 comment:

  1. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡി.എഫ് തെരഞ്ഞെടുപ്പ് ചട്ടങ്ങളെ തുടര്‍ച്ചയായി ലംഘിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ജനങ്ങളില്‍നിന്ന് പരാതികള്‍ വാങ്ങി അതിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന രീതിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്തുടരുന്നത്. ഇത് പരാതിയായി വന്നപ്പോള്‍ ജില്ലയിലെ ഒരു എംഎല്‍എ യോഗങ്ങളില്‍ വച്ച് പരാതി വാങ്ങി മുഖ്യമന്ത്രിയെ ഏല്‍പ്പിച്ച് പണം ഉള്‍പ്പെടെ അനുവദിക്കുന്ന നില ഉണ്ടായിട്ടുണ്ട്.

    ReplyDelete