Monday, July 1, 2013

ഒമ്പതിടങ്ങളില്‍ ഡിവൈഎഫ്ഐ കരിങ്കൊടി കാട്ടി

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ജില്ലയിലെങ്ങും യുവാക്കളുടെ ഉശിരന്‍ പ്രതിഷേധം. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ ഒമ്പത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അഴിമതിക്കാരനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് ജില്ലയിലുടനീളം മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പേടിച്ച് വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ തല താഴ്ത്തിയാണ് പല വേദികളിലേക്കും മുഖ്യമന്ത്രി എത്തിയത്. യുവാക്കളൊന്നായി നിരത്തിലിറങ്ങിയപ്പോള്‍ മുഖ്യമന്ത്രിക്ക് പതിവ് വഴികളിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞില്ല.

മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ നിന്ന പൊലീസ് ഞായാറാഴ്ച നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൊണ്ടയാട് ബൈപാസ് ജങ്ഷനില്‍ പ്രതിഷേധക്കാരുണ്ടെന്നറിഞ്ഞ് പാത്തുംപതുങ്ങിയും പൊറ്റമ്മല്‍ റോഡ് വഴിയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നഗരത്തില്‍ പ്രവേശിച്ചത്. ചിലയിടങ്ങളില്‍ സുരക്ഷാക്രമീകരണത്തിനെന്ന പേരില്‍ നിന്ന പൊലീസുകാര്‍ മദ്യപിച്ച് പൊതുജനങ്ങള്‍ക്ക് നേരെ ആക്രോശിച്ചതായും ആരോപണമുണ്ട്. നഗരത്തില്‍ സിഎച്ച് ഓവര്‍ ബ്രിഡ്ജിന്റെ കിഴക്ക് ഭാഗത്തും പടിഞ്ഞാറുഭാഗത്തും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം വഴിയില്‍ തടഞ്ഞ് കരിങ്കൊടികാട്ടി. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധത്തെ പൊലീസ് തടഞ്ഞു. സംഭവത്തില്‍ ഒമ്പത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സി ഷിജു, ബിജിത്ത്, വൈശാഖന്‍, ഷഫീഖ്, ബാബു, പ്രവീണ്‍, പ്രദീഷന്‍, ജലീല്‍, വിമല്‍ ചാലപ്പുറം എന്നിവരെയാണ് കസബ പൊലീസ് അന്യായമായി അറസ്റ്റ് ചെയ്തത്. എരഞ്ഞിക്കല്‍ മേഖലാകമ്മിറ്റി എരഞ്ഞിക്കല്‍ ടൗണിലും കൊടുവളളി മേഖലാ കമ്മിറ്റി പ്രവര്‍ത്തകര്‍ കൊടുവളളി ടൗണിലും മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടി. താമരശേരി ബ്ലോക്ക് കമ്മിറ്റി താമരശേരി ടൗണിലും ചുങ്കം മേഖലാ കമ്മിറ്റി താമരശേരി ചുങ്കത്തും മുഖ്യനെ വഴിയില്‍ തടഞ്ഞ് കരിങ്കൊടി കാട്ടി. അമ്പയത്തോട് മേഖലാ കമ്മിറ്റി അമ്പയത്തോടും കുന്നമംഗലം ബ്ലോക്ക് കമ്മിറ്റി കുന്നമംഗലത്തും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടിയുമായി പ്രതിഷേധമുയര്‍ത്തി.

deshabhimani

No comments:

Post a Comment