Monday, July 15, 2013

തിരുവഞ്ചൂര്‍ ഒഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ്

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജിവയ്ക്കണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം. സോളാര്‍ കേസില്‍ മറ്റുനേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സ്വയം "മിസ്റ്റര്‍ ക്ലീന്‍"ആകാന്‍ ശ്രമിച്ച തിരുവഞ്ചൂരിന് ആഭ്യന്തരമന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു. ആഭ്യന്തരമന്ത്രിക്കെതിരെ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കാനും യോഗം തീരുമാനിച്ചു. രാജി ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്ന് ഐ വിഭാഗവും എ ഗ്രൂപ്പിലെ ഒരുവിഭാഗവും ശക്തമായി ആവശ്യപ്പെട്ടെങ്കിലും യോഗത്തില്‍ പങ്കെടുത്ത അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അര്‍ധനാരി ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കാന്‍ യോഗം തീരുമാനിച്ചത്. സോളാര്‍ കേസില്‍ ആഭ്യന്തരമന്ത്രിയുടെ നിലപാടുകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നും യോഗം വിലയിരുത്തി.

തിരുവഞ്ചൂരിനെതിരെ രൂക്ഷമായ ആക്രമണമാണ് ചര്‍ച്ചയില്‍ ഐ വിഭാഗം അഴിച്ചുവിട്ടത്. സോളാര്‍ കേസ് ഇത്രയധികം വളര്‍ന്നതിനുപിന്നില്‍ ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണെന്ന് യോഗം കുറ്റപ്പെടുത്തി. ഇന്റലിജന്‍സിനെ വേണ്ടവിധം ഉപയോഗിക്കാനോ കേസ് ഉയര്‍ന്നുവന്ന സമയത്തുതന്നെ നടപടിയെടുക്കാനോ വകുപ്പിന് കഴിഞ്ഞില്ല. മുഖ്യമന്ത്രി യുഎന്‍ അവാര്‍ഡ് വാങ്ങി മടങ്ങിയെത്തിയപ്പോള്‍ത്തന്നെ സ്റ്റാഫ് അംഗം ജോപ്പനെ അറസ്റ്റ്ചെയ്തത് മുഖ്യമന്ത്രിക്കെതിരെയുള്ള തിരുവഞ്ചൂരിന്റെ നീക്കമായിരുന്നു. ശാലു മേനോന്റെ വീട്ടില്‍ പോയില്ലെന്ന് ആദ്യം പറഞ്ഞ തിരുവഞ്ചൂര്‍ പിന്നീട് നിലപാട് തിരുത്തിയത് ഗുരുതര വീഴ്ചയായി. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ശാലു മേനോന്റെ കിടപ്പുമുറിയില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ പാര്‍ടിക്ക് നാണക്കേടുണ്ടാക്കിയെന്നും യോഗത്തില്‍ ഗ്രൂപ്പുവ്യത്യാസമില്ലാതെ അഭിപ്രായമുയര്‍ന്നു. സരിതയുടെ ഫോണ്‍ വിളികളുടെ പട്ടിക പുറത്തുവിട്ടത് ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണ്. തന്റെ ഭാഗം ന്യായീകരിക്കുന്നതിനൊപ്പം മറ്റുനേതാക്കളെ കരിവാരിത്തേയ്ക്കാനും തിരുവഞ്ചൂര്‍ ഫോണ്‍പട്ടിക ഉപയോഗിച്ചു. മുഖ്യമന്ത്രിയെയും മറ്റുനേതാക്കളെയും അടിക്കാനുള്ള വടി പ്രതിപക്ഷത്തിന്റെ കൈയില്‍ വച്ചുകൊടുക്കുന്നതായിരുന്നു തിരുവഞ്ചൂരിന്റെ നടപടിയെന്നും യൂത്ത് കോണ്‍ഗ്രസ് യോഗം വിലയിരുത്തി. ആഗസ്ത് 15ന് പാലക്കാട്ട് സംസ്ഥാന റാലി നടത്താനും തീരുമാനിച്ചു.

deshabhimani

No comments:

Post a Comment