Friday, July 19, 2013

ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം: പ്രതിയെ സംരക്ഷിച്ചത് നടുക്കമുണ്ടാക്കുന്നു

സോളാര്‍ തട്ടിപ്പ് പുറത്തുവന്നില്ലായിരുന്നെങ്കില്‍ പിആര്‍ഡി മുന്‍ ഡയറക്ടര്‍ ഫിറോസ് ഉള്‍പ്പെട്ട തട്ടിപ്പുകേസിലെ അന്വേഷണം നിശ്ചലമാകുമായിരുന്നെന്ന് ഹൈക്കോടതി. ഉന്നതഉദ്യോഗസ്ഥനെതിരെ മൂന്നുവര്‍ഷം മുമ്പ് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടി ഉണ്ടാകാത്തത് നടുക്കമുണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു. എഡിബി വായ്പാതട്ടിപ്പുകേസില്‍ മൂന്നാംപ്രതിയായ എ ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണനും സരിതയ്ക്കുമൊപ്പം ഫിറോസിനും പങ്കുണ്ടെന്ന് സംശയിക്കാന്‍ മതിയായ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍, വായ്പാതട്ടിപ്പുകേസില്‍ ഇതുവരെ കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ല. പബ്ലിക് റിലേഷന്‍സ് ഡയറക്ടറായിരുന്ന ഫിറോസിനെ പ്രതിചേര്‍ത്ത് 2010ലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത്രകാലമായിട്ടും നടപടി ഉണ്ടാകാത്തത് നടുക്കമുണ്ടാക്കുന്നതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തവയാണ് ഫിറോസിന്റെ നടപടികള്‍.

സരിതയും ബിജുവും ചേര്‍ന്നുള്ള മറ്റു തട്ടിപ്പുകളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് കേസ് ഡയറി വ്യക്തമാക്കുന്നു. എന്നാല്‍, കൂടുതല്‍ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. സരിതയും ബിജുവും കബളിപ്പിച്ചുവെന്ന പ്രതിയുടെ വാദം കോടതി തള്ളി. കേസില്‍ പ്രതിചേര്‍ത്തതിനുശേഷമാണ് ഇവര്‍ക്കെതിരെ ഫിറോസ് പരാതി നല്‍കിയത്. ഈ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് വിലയിരുത്തിയിട്ടുണ്ട്. പരാതിക്കാരനെ ബിജുവിനും സരിതയ്ക്കും പരിചയപ്പെടുത്തിയത് പ്രതി ഫിറോസാണ്. ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് എഡിബിയുടെ ഉന്നത ഉദ്യോഗസ്ഥരാണെന്നാണ് ധരിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഇടപാടില്‍ കമീഷനായി അഞ്ചുലക്ഷം രൂപയും ഭാര്യക്ക് രണ്ടു മോതിരങ്ങളും ഐ- 20 കാറും ലഭിച്ചു. എസ്എംഎസുകളും ഇ-മെയിലുകളും മുഖേന സരിതയും ബിജുവുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

deshabhimani

No comments:

Post a Comment