കള്ളം പറയാന്‍ മാത്രമല്ല, കള്ളം എഴുതാനും ബഹുമിടുക്കനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം അദ്ദേഹം 'സത്യത്തിനുവേണ്ടി മുന്നോട്ട്' എന്ന പേരില്‍ വിവിധ പത്രങ്ങളില്‍ എഴുതിയ ലേഖനം. നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ സ്വീകരിച്ച അടവിന്റെ ലിഖിതരൂപം മാത്രമാണ് പ്രസ്തുത ലേഖനം. 'അസത്യത്തിനുവേണ്ടി പിന്നോട്ട്' എന്ന തലക്കെട്ടായിരുന്നു ഉചിതം.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതേവരെ നഷ്ടപ്പെട്ടത് 10 കോടിയാണെന്ന് ഇപ്പോള്‍ ലേഖനത്തില്‍ ഉമ്മന്‍ചാണ്ടി സമ്മതിക്കുന്നു. നിയമസഭയില്‍ പറഞ്ഞത് അഞ്ചുകോടിയെന്നായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞിട്ടുള്ളത് ഇതില്‍ 10,000 കോടിയുടെയെങ്കിലും തട്ടിപ്പു നടന്നിട്ടുണ്ടെന്നും വമ്പന്‍ സ്രാവുകള്‍ പലരും പുറത്തുവരാനുണ്ടെന്നുമാണ്.
പ്രശ്നം അഞ്ചു കോടിയാണോ പത്തുകോടിയാണോ എന്നതല്ല; തട്ടിപ്പ് നടന്നോ എന്നതാണ്. ആ തട്ടിപ്പിന് അടിസ്ഥാനം എന്താണ്? അതില്‍ ഭാഗഭാക്കുകള്‍ ആരൊക്കെയാണ്? തട്ടിപ്പില്‍ ജനങ്ങള്‍ക്ക് എന്ത് നഷ്ടമുണ്ടായി? അതിലൂടെ ആരൊക്ക നേട്ടമുണ്ടാക്കി? ഈ വക ചോദ്യങ്ങളാണ് പ്രസക്തം.
തട്ടിപ്പിലെ കോടികളുടെ കണക്കില്‍ മാത്രമേ മുഖ്യമന്ത്രിക്ക് തര്‍ക്കമുള്ളൂ. തട്ടിപ്പ് നടന്നുവെന്ന് അദ്ദേഹം ലേഖനത്തിലുടനീളം സമ്മതിക്കുന്നുണ്ട്. ''സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവിധ തട്ടിപ്പുകേസിലായി ഇതുവരെ നഷ്ടപ്പെട്ടതായി കണക്കാക്കിയിരിക്കുന്നത് പത്തുകോടിരൂപ'' എന്ന് അദ്ദേഹം ലേഖനത്തില്‍ പറയുന്നുണ്ട്. ''സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളുമായി എന്റെ ഓഫീസിലെ മൂന്നു ജീവനക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല'' എന്ന് ലേഖനത്തില്‍ മറ്റൊരിടത്തു പറയുന്നു.
ഇതുതന്നെയാണ് കാതലായ പ്രശ്നം. പ്രതികളുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നു ജീവനക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്ന രീതിയില്‍ ലഘൂകരിച്ചു കാണാവുന്നതാണോ പ്രശ്നം? പ്രതികളുടെ കോള്‍ലിസ്റ്റ് പരിശോധിച്ചാല്‍ ആയിരക്കണക്കിനാളുകള്‍ അവരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളത് കണ്ടെന്നു വരും. അതുപോലെയല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നു ജീവനക്കാര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നത്. ഇങ്ങനെ വരുമ്പോള്‍ അതിന്റെ ഗൗരവസ്വഭാവം വര്‍ധിക്കുകയാണ്. കാരണം മുഖ്യമന്ത്രി സൂചിപ്പിക്കുന്ന മൂന്നു ജീവനക്കാര്‍ അറസ്റ്റിലായ ജോപ്പന്, പിഎ ജിക്കുമോന്, ഗണ്മാന് സലിംരാജ് എന്നിവരാണല്ലോ. ഇവര്‍ മൂവര്‍ക്കും മുഖ്യമന്ത്രിയുമായി സാധാരണ ജീവനക്കാര്‍ എന്ന നിലയിലുള്ള ഔദ്യോഗികബന്ധമല്ല ഉള്ളതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? സ്വന്തമായി മൊബൈല്‍ ഫോണില്ലാത്ത മുഖ്യമന്ത്രി മറ്റുള്ളവരുമായി ബന്ധപ്പെടുന്നതും മറ്റുള്ളവര്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടുന്നതും ഈ മൂവരുടെ ആരുടെയെങ്കിലും മൊബൈലിലൂടെയാണ്. ഇവര്‍ ഓരോരുത്തരും എത്രയോ തവണ അങ്ങോട്ടുമിങ്ങോട്ടും വിളിച്ചിട്ടുണ്ടെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. കൊട്ടാരക്കരക്കാരന്‍ ജോപ്പനും പുതുപ്പള്ളിക്കാരന്‍ ജിക്കുമോനും പത്തനംതിട്ടക്കാരന് സലിംരാജുമൊന്നും ഒരു തരത്തിലും ശ്രദ്ധയര്ഹിക്കുന്നവരല്ല. അവര്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുമായി ചേര്‍ന്നു നില്‍ക്കുമ്പോഴാണ്. എന്നു പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ മേല്‍വിലാസത്തില്‍ മാത്രമാണ് ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കോരോന്നിനും പ്രാധാന്യം കൈവരുന്നത്. തെളിയിക്കപ്പെട്ടത് 40 ലക്ഷത്തിന്റെ കണക്കാണല്ലോ. വെറുമൊരു ജോപ്പന്റെ പിന്‍ബലത്തില്‍ 40 ലക്ഷം നല്കാന് ആരും തയ്യാറാവുകയില്ലല്ലോ. അതിന്റെയര്‍ത്ഥം മുഖ്യമന്ത്രിയെന്ന സംസ്ഥാനത്തെ ഏറ്റവും വലിയ അധികാരകേന്ദ്രത്തിന്റെ ഉറപ്പിലാണ് ഇത്തരം ഇടപാടുകള്‍ നടന്നതെന്നാണ്. ഇത്തരം ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിതന്നെ സമ്മതിക്കുന്ന കോടികളുടെ തട്ടിപ്പ് നടന്നിട്ടുള്ളത്.
ഇങ്ങനെ തട്ടിപ്പുമായി ബന്ധപ്പെട്ടവരെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്ന മൂന്നു പേരില്‍ ഒരാള്‍ മാത്രമല്ലേ അറസ്റ്റിലായിട്ടുള്ളൂ. മറ്റ് രണ്ടുപേരെ എന്താണ് അറസ്റ്റ് ചെയ്യാത്തത്? ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ധനസ്ഥിതിയും ധനവിനിയോഗവും പരിശോധിക്കുകയും ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെപ്പറ്റി എന്തേ മുഖ്യമന്ത്രി മൗനം പാലിക്കുന്നു?
സത്യത്തെ കെട്ടിപ്പിടിച്ച് ആണയിടുന്ന മുഖ്യമന്ത്രി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡല്‍ഹിയിലെ പാവം പയ്യന് തോമസ് കുരുവിളയെപ്പറ്റി എന്തേ ലേഖനത്തില്‍ ഒരിടത്തും പരാമര്‍ശിക്കാതിരുന്നത്? ഈ പാവം പയ്യനും മുഖ്യമന്ത്രിയും സരിതാ നായരും ഒത്തുള്ള കൂടിക്കാഴ്ചകളെപ്പറ്റിയും എന്തേ മുഖ്യമന്ത്രി മൗനം ഭജിക്കുന്നു? ഡല്‍ഹിയിലെ അധികാരകേന്ദ്രങ്ങളില്‍ കിരീടം വയ്ക്കാത്ത രാജാവിനെപ്പോലെ വാഴുന്ന തോമസ് കുരുവിള ആരാണെന്നോ മുഖ്യമന്ത്രിയുമായി ഇയാള്‍ക്കുള്ള ബന്ധമെന്താണെന്നോ ഇയാളുടെ ധനസ്രോതസ്സ് എന്താണെന്നോ എന്നതിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി പറയുന്നില്ലല്ലോ.
28 ദിവസം നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം 12 ദിവസം മാത്രമേ ചേര്ന്നുള്ളുവെന്നും അതില്‍ത്തന്നെ നാലു ദിവസം മാത്രമേ ചര്‍ച്ച നടന്നുള്ളൂവെന്നും ഒരേ വിഷയത്തില്‍ തുടര്‍ച്ചയായി എട്ട് ദിവസം അടിയന്തിരപ്രമേയവും ഒരു സബ്മിഷനും ഉണ്ടായി എന്നും ഇത് അസാധാരണമാണെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ വിലപിക്കുന്നുണ്ട്. സഭ സ്തംഭിക്കാനിടയാക്കിയത് സത്യത്തില്‍ ഭരണപക്ഷത്തിന്റെ ദുര്‍വാശിയും സത്യം ജനങ്ങളില്‍ നിന്ന് മൂടിവയ്ക്കാനുള്ള ശ്രമവും മൂലമാണ്. എട്ടുദിവസവും ഒരേ വിഷയത്തില്‍ അടിയന്തിരപ്രമേയം കൊണ്ടുവന്നു എന്നത് വസ്തുതാപരമായി ശരിയല്ല. കാരണം, സോളാര്‍ തട്ടിപ്പായിരുന്നു എല്ലാ ദിവസവും അടിയന്തിരപ്രമേയത്തിന് ആധാരമായിരുന്നതെങ്കിലും ഓരോ ദിവസവും ഇതുമായി ബന്ധപ്പെട്ട് പുതിയ പുതിയ വിവരങ്ങളും വെളിപ്പെടുത്തലുകളും പുറത്തുവന്നുകൊണ്ടിരുന്നു. ആ വെളിപ്പെടുത്തലുകളിലൊക്കെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹത്തിന്റെ സില്‍ബന്തികളുമാണ്. വിഷയമാകട്ടെ കേരളത്തിന്റെ നാനാഭാഗങ്ങളിലുള്ള നിരവധിയാളുകളില്‍ നിന്ന് മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും പേരുപയോഗിച്ച് കോടികള്‍ തട്ടിപ്പു നടത്തിയതും. അതായത് ജനങ്ങളെയാകെ ബാധിക്കുന്ന ഒരു വിഷയമാണെന്നര്‍ത്ഥം.
ഇത്ര ഗൗരവതരമായ വിഷയത്തില്‍ ചര്‍ച്ചയേ പാടില്ലെന്ന കര്‍ക്കശ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സഭ നിര്‍ത്തിവച്ച് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായിരുന്നുവെങ്കില്‍ ഇതു സംബനധിച്ച എല്ലാ വിവരങ്ങളും ജനങ്ങള്‍ക്ക് ബോധ്യപ്പെടുമായിരുന്നു. ആദ്യദിവസത്തെ അടിയന്തിരപ്രമേയം തന്നെ ചര്‍ച്ച ചെയ്യാന്‍ ഭരണപക്ഷം തയ്യാറായിരുന്നുവെങ്കില്‍ പിന്നീടുണ്ടായ പ്രശ്നങ്ങളൊക്കെ ഒഴിവാക്കാമായിരുന്നതല്ലേ? അതിന് ഭരണപക്ഷം തയ്യാറാകാതിരുന്നതാണ് സത്യത്തില്‍ സഭാസ്തംഭനത്തിനിടയാക്കിയത്. സഭ സ്തംഭിച്ചാലും ജനകീയപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതിരുന്നാലും വേണ്ടില്ല, തങ്ങളുടെ തട്ടിപ്പുബന്ധം പുറംലോകം അറിയരുതെന്ന പിടിവാശിയായിരുന്നു മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും.
'പണം നഷ്ടപ്പെട്ട ശ്രീധരന് നായര്‍ക്ക് ഒരു വര്‍ഷമായിട്ടും എന്നോടൊന്ന് പറയാമായിരുന്നില്ലേ' എന്ന് മുഖ്യമന്ത്രി ചോദിക്കുന്നുണ്ട്. ഇപ്പോള്‍ ശ്രീധരന് നായര്‍ പറഞ്ഞിട്ടും അദ്ദേഹത്തിന് ക്രെഡിബിലിറ്റി ഇല്ലെന്നാണല്ലോ മുഖ്യമന്ത്രി പറയുന്നത്. പറയുന്നത് വിശ്വാസമാകുന്നില്ലെങ്കില്‍ തന്നെ നുണപരിശോധനയ്ക്ക് വിധേയമാക്കൂ എന്നും ശ്രീധരന് നായര്‍ വെല്ലുവിളിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ എന്തുകൊണ്ട് ഈ വെല്ലുവിളി സ്വീകരിച്ചുകൂടാ?
പ്രതിപക്ഷം നടത്തുന്ന ഹര്‍ത്താലുകളൊക്കെ അമ്പേ പരാജയമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ഹര്‍ത്താല്‍ മൂലമുണ്ടായ നഷ്ടത്തിന്റെ കണക്ക് അവതരിപ്പിക്കുന്നത് കൗതുകമുണര്‍ത്തുന്നുണ്ട്.
''സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കേസാണ് ഇടതു സര്‍ക്കാരിന്റെ കാലത്തുണ്ടായത്. 1.72 കോടി രൂപയാണ് അന്ന് തട്ടിയെടുത്തത്'' എന്ന് മുഖ്യമന്ത്രി പറയുന്നുണ്ട്. അതായത് തട്ടിപ്പുകാരായ സരിതാ നായര്‍, ബിജു രാധാകൃഷ്ണന് തുടങ്ങിയവര്‍ കുഴപ്പക്കാരാണെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം തെളിയിക്കുന്നത്. അങ്ങനെ നിയമത്തിന്റെ മുമ്പില്‍ തട്ടിപ്പുകാരെന്ന് അറിയാവുന്ന ഇവരുമായി മുഖ്യമന്ത്രി ബന്ധപ്പെട്ടതെന്തിനെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറയേണ്ടത്.
തട്ടിപ്പുകാരനെന്നറിയാവുന്ന ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരു മണിക്കൂര്‍ രഹസ്യസംഭാഷണം നടത്തിയതിന് ഒരു വിശദീകരണവും ലേഖനത്തില്‍ നല്‍കുന്നില്ല. എന്താണ് സംസാരിച്ചതെന്നുപോലും മുഖ്യമന്ത്രി പറയുന്നില്ല. എല്ലാം സുതാര്യമായാണ് ചെയ്യുന്നതെന്ന് ആണയിടുന്ന മുഖ്യമന്ത്രി ബിജു രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ച എന്താണെന്ന് എന്തേ ഇപ്പോഴും വെളിപ്പെടുത്താത്തത്? ഇത് ജനങ്ങള്‍ അറിയരുതെന്ന് നിര്ബന്ധമുള്ളതുകൊണ്ടല്ലേ?
ജനസമ്പര്‍ക്കത്തിന്റെ പേരില്‍ യുഎന്‍ അവാര്‍ഡ് വാങ്ങിയതിലുള്ള അസൂയയാണ് പ്രതിപക്ഷത്തിന്റെ കോലാഹലത്തിനു പിന്നിലെന്ന് മുഖ്യമന്ത്രി സാന്ത്വനം കൊള്ളുന്നുണ്ട്. പ്രസ്തുത അവാര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തം ഓഫീസ് തന്നെ ശുപാര്‍ശ ചെയ്ത് അവാര്‍ഡ് തരപ്പെടുത്തകയും അത് രാജ്യത്തെ ഒരു മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ആദ്യ അവാര്‍ഡാണെന്ന കള്ളപ്രചാരണം നടത്തുകയും ചെയ്തതു സംബന്ധിച്ച് ഞാന്‍ അന്നുതന്നെ ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ അതിന് ഒരു മറുപടിയും കത്തിലില്ല.
കേസന്വേഷണം സംബന്ധിച്ചും തെറ്റിദ്ധാരണ പരത്തുകയാണ് മുഖ്യമന്ത്രി കത്തില്‍ ചെയ്യുന്നത്. ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമാണെന്നതുകൊണ്ടാണ് സിബിഐ അന്വേഷണംപോലും വേണ്ടെന്ന് പ്രതിപക്ഷം പറയുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പ്രതിപക്ഷം പറയുന്നത് ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമല്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ്. സംസ്ഥാനഭരണത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് എന്ന നിലയില്‍ മുഖ്യമന്ത്രികൂടി പ്രതിസ്ഥാനത്ത് ആരോപിക്കപ്പെടുന്ന കേസില്‍ മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ പൊലീസ് അന്വേഷണത്തിന് ഒന്നും ചെയ്യാനാവില്ല എന്നതുകൊണ്ടാണ് ഇതേപ്പറ്റിയെല്ലാം അന്വേഷിക്കാന്‍ അധികാരമുള്ള ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമാണെങ്കില്‍, ഭയപ്പെടാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹം ജുഡീഷ്യല്‍ അന്വേഷണത്തെ ഭയക്കുന്നത്?
വി എസ് അച്യുതാനന്ദന്
No comments:
Post a Comment