ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ (ഇടിഎം) ഭൂരിഭാഗവും തകരാറിലായതോടെ കെഎസ്ആര്‍ടിസിയുടെ പ്രതിമാസ നഷ്ടം 100 കോടി കവിഞ്ഞു. കണ്ടക്ടറുടെ ജോലിഭാരം ഇരട്ടിയായതിനൊപ്പം സര്‍വീസിന്റെ കാര്യക്ഷമതയെയും ഇത് ബാധിച്ചുതുടങ്ങി. ഇടിഎം പണിമുടക്കിയതിനൊപ്പം അടിക്കടി സര്‍വീസ് മുടക്കവുമായതോടെയാണ് കെഎസ്ആര്‍ടിസിയുടെ പ്രതിമാസനഷ്ടം സര്‍വകാല റെക്കോഡിലെത്തിയത്. മഴയില്‍ റോഡുകള്‍ തകര്‍ന്നതും വരുമാനത്തെ ബാധിച്ചു. സര്‍വീസ് റദ്ദാക്കാന്‍ തുടങ്ങിയതോടെ പ്രതിദിനവരുമാനം നാലുമുതല്‍ 4.5 കോടിവരെയായി. നേരത്തേ ഇത് അഞ്ചരക്കോടിവരെയായി ഉയര്‍ന്നിരുന്നു. 2002-03ല്‍ തിരുവനന്തപുരം, കൊല്ലം യൂണിറ്റുകളിലാണ് ഇടി എമ്മുകള്‍ ഏര്‍പ്പെടുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇവ എല്ലാ ബസുകളിലുമാക്കി. സോഫ്റ്റ്ലാന്‍ഡ്, മെക്രോ എഫ്എക്സ് എന്നീ സ്ഥാപനങ്ങളില്‍നിന്നാണ് യന്ത്രങ്ങള്‍ വാങ്ങിയത്. ഇവര്‍ക്കായിരുന്നു അറ്റകുറ്റപ്പണിയുടെ കരാറും. മൂന്നുവര്‍ഷമാണ് യന്ത്രങ്ങളുടെ കാലാവധി. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം പുതിയ യന്ത്രം വാങ്ങിയില്ല. അറ്റകുറ്റപ്പണി കരാര്‍ പുതുക്കിയതുമില്ല. അറ്റകുറ്റപ്പണി മുടങ്ങിയതോടെ പകുതിയിലേറെ യന്ത്രങ്ങളും പ്രവര്‍ത്തനരഹിതമായി. പഴയ ടിക്കറ്റ് റാക്ക് പുതിയ കണ്ടക്ടര്‍മാര്‍ക്ക് ഉപയോഗിച്ചുശീലമില്ല. തിരക്കുള്ള സമയത്ത് റാക്ക് ഉപയോഗിച്ച് മുഴുവന്‍ യാത്രക്കാര്‍ക്കും ടിക്കറ്റ് നല്‍കി തീര്‍ക്കാനാവുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
ഇതിനിടെയാണ് കെഎസ്ആര്‍ടിസി റെക്കോഡ് നഷ്ടത്തിലേക്ക്കൂപ്പുകുത്തിയത്. 80-90 കോടിയില്‍ ഒതുങ്ങിയിരുന്ന പ്രതിമാസനഷ്ടം മഴക്കാലമായതോടെ 100 കോടി കവിഞ്ഞു. 5780 ബസില്‍ ശരാശരി 4500 ബസുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ടയറും സ്പെയര്‍പാര്‍ട്ടുകളുമില്ലാതെ നൂറുകണക്കിനു ബസ് കട്ടപ്പുറത്താണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിദിനം 5600 സര്‍വീസ്വരെ നടത്തിയിരുന്നു. അക്കാലത്ത് ഒരുലിറ്റര്‍ ഡീസല്‍കൊണ്ട് 4.27 കിലോമീറ്റര്‍ ഓടിയിരുന്നു. ഇപ്പോള്‍ 3.8 കിലോമീറ്ററായി ചുരുങ്ങി. യുഡിഎഫ് അധികാരത്തില്‍ വന്ന് ശേഷം 746 ബസ് മാത്രമാണ് പുതുതായി നിരത്തിലിറക്കിയത്. 520 പഴയ ബസുകള്‍ സര്‍വീസ് നിര്‍ത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഓരോവര്‍ഷവും ആയിരം വീതം പുതുതായി ഇറക്കുകയും 15 വര്‍ഷം പിന്നിട്ട ബസുകള്‍ നീക്കുകയും ചെയ്തിരുന്നു.
deshabhimani
No comments:
Post a Comment