ലുക്ക് ഔട്ട് നോട്ടീസ്, പൊലീസിന്റെ എട്ടു സംഘങ്ങള്‍, ഷാഡോ പൊലീസ് തുടങ്ങിയ കോലാഹലങ്ങള്‍ക്കിടയില്‍ സ്വന്തം ബൈക്കില്‍ പൊലീസ് സ്റ്റേഷനിലെത്തിയ സോളാര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനിക്കുമുന്നില്‍ കേരള പൊലീസ് മുട്ടുമടക്കി സല്യൂട്ടടിച്ചു. അറസ്റ്റ് ചെയ്യുമെന്ന് പെരുമ്പറ മുഴക്കിയ സിറ്റി കമീഷണറുടെ പരിധിയിലെ പ്രധാന പൊലീസ് സ്റ്റേഷനില്‍ത്തന്നെ ഫിറോസ് കൂളായി നടന്നുകയറി. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി അഞ്ചുമിനിറ്റ് തികയുംമുമ്പായിരുന്നു ഇത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഫിറോസിനായി പൊലീസ് നാടാകെ അരിച്ചുപെറുക്കുന്നു എന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിച്ചിരുന്നത്. ഒടുവില്‍ പ്രതി പൊലീസ് സ്റ്റേഷനിലെത്തി സ്വയം പരിചയപ്പെടുത്തി. കേരള പൊലീസിന്റെ മാനംപോയ നിമിഷമായി അത്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളുമെന്ന ധാരണ പരന്നതോടെ രാവിലെതന്നെ തിരുവനന്തപുരം കോടതി സമുച്ചയത്തിലും പരിസര റോഡുകളിലും കനത്ത പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തി. കോടതി സമുച്ചയത്തിലേക്ക് കടന്നുപോയ വാഹനങ്ങളിലെല്ലാം പരിശോധനാനാടകം പൊടിപൊടിച്ചു. നഗരത്തില്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. ജാമ്യം നിഷേധിക്കപ്പെട്ടാല്‍ കോടതിയില്‍ കീഴടങ്ങാനെത്തുന്ന ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ധാരണ പരന്നു. ഇതിനിടയില്‍ ഫിറോസ് കൊല്ലത്തുണ്ടെന്നും അവിടെയേതെങ്കിലും കോടതിയില്‍ ഹാജരാകുമെന്ന വാര്‍ത്തയും പരത്തി. മാധ്യമശ്രദ്ധ തിരിക്കാനുള്ള പൊലീസിന്റെ ബുദ്ധിയായിരുന്നു ഇതിനുപിന്നില്‍. പകല്‍ പതിനൊന്നോടെ ഫിറോസിന്റെ അഭിഭാഷകന്‍ സിറ്റി കമീഷണറെ സന്ദര്‍ശിച്ചു. ജാമ്യം ലഭിച്ചില്ലെങ്കില്‍ ഫിറോസിന് കമീഷണര്‍ക്കുമുന്നില്‍ കീഴടങ്ങാന്‍ അവസരം നല്‍കണമെന്നായിയിരുന്നു അഭിഭാഷകന്റെ ആവശ്യം. ഇത് കമീഷണര്‍ നിരസിച്ചതായും പ്രതിയെ അറസ്റ്റ് ചെയ്യുക തങ്ങളുടെ ജോലിയാണെന്നും അത് നിര്‍വഹിക്കുമെന്നും അറിയിച്ചതായുമാണ് അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്ത സ്റ്റേഷനില്‍ ഫിറോസ് കീഴടങ്ങാന്‍ എത്താനുള്ള സാധ്യത പൊലീസ് തിരിച്ചറിഞ്ഞില്ലെന്നതില്‍ ദുരൂഹതയുണ്ട്. ഫിറോസ് സ്റ്റേഷനിലെത്തിയതിനെത്തുടര്‍ന്നുള്ള നടപടികളിലും പൊലീസിന്റെ കള്ളക്കളി വ്യക്തമായി. ഹെല്‍മെറ്റുമായി സ്റ്റേഷനിലേക്ക് നടന്നുകയറിയത് ഫിറോസാണെന്ന് തിരിച്ചറിഞ്ഞതോടെ ജനം തടിച്ചുകൂടി. അഞ്ചു മിനിറ്റിനുള്ളില്‍ പൊലീസ് ഇയാളെ ജീപ്പില്‍ കയറ്റി സ്റ്റേഷനുപുറത്തേക്ക് കൊണ്ടുപോയി. കമീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി എന്ന് പുറത്ത് പ്രചരിപ്പിച്ചു. ഇതോടെ ജനം പിരിഞ്ഞുപോയി. എന്നാല്‍, പട്ടംവരെ ചുറ്റിക്കറങ്ങി പത്തുമിനിറ്റിനകം ഇയാളെ തിരികെ സ്റ്റേഷനിലെത്തിച്ചു. പിന്നീടാണ് സ്റ്റേഷനില്‍ മൊഴിയെടുക്കാന്‍ തുടങ്ങിയത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പൊലീസിലെ ഉന്നതരും ചേര്‍ന്ന് നടത്തിയ നാടകം കേരള പൊലീസിനാകെ നാണക്കേടായി.
deshabhimani
No comments:
Post a Comment