Wednesday, July 17, 2013

സ്വയം ഭരണാവകാശം: സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചു

സ്വയം ഭരണാവകാശം സംബന്ധിച്ച് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചു. സുപ്രീം കോടതിയിലാണ് സിബിഐ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. സിബിഐ ഡയറക്ടര്‍ പദവി കേന്ദ്രസെക്രട്ടറിക്ക് തുല്യമാക്കണമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സി.ബി.ഐ ഡയറക്ടറുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി ഉയര്‍ത്തണമെന്നും ,നിലവില്‍ പരിമിതമായ അധികാരം മാത്രമേ സിബിഐയ്ക്ക് ഉള്ളൂ എന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

കല്‍ക്കരി കുംഭകോണകേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുന്നേ അതേ കുറിച്ച് കേന്ദ്രമന്ത്രിയും ഊര്‍ജമന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തിരുന്നുവെന്ന് സിബിഐ ഡയറക്ടര്‍ കോടതിയെ മുമ്പ് അറിയിച്ചിരുന്നു. കേസന്വേഷണത്തില്‍ സിബിഐക്കുള്ള പരിമിതി വെളിപ്പെടുത്തുന്നതായിരുന്നു ആ പരാമര്‍ശം. തുടര്‍ന്നാണ് സിബിഐയുടെ സ്വയം ഭരണാവകാശത്തെ കുറിച്ച് സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്.

ജനപ്രാതിനിധ്യ നിയമം ഉത്തരവ് അടുത്ത തെരഞ്ഞെടുപ്പ് മുതല്‍

ന്യൂഡല്‍ഹി: ജനപ്രാതിനിധ്യ നിയമവുമായി ബന്ധപ്പെട്ടു സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് അടുത്ത തെരഞ്ഞെടുപ്പു മുതല്‍ നടപ്പാക്കുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍. ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതിയാണ് കമ്മിഷന്‍ അടുത്ത തെരഞ്ഞെടുപ്പു മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ദിവസം മുതല്‍ ജനപ്രാതിനിധ്യ സ്ഥാനം നഷ്ടപ്പെടുമെന്നാണ് സുപ്രീം കോടതി വിധി. ശിക്ഷിക്കപ്പെട്ടവര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടെ സുപ്രീം കോടതി വിധിയെക്കുറിച്ചു പഠിക്കാന്‍ കേന്ദ്ര നിയമ കമ്മീഷന്‍ സര്‍വകക്ഷി യോഗം വിളിക്കും. ഈ യോഗത്തിലെ തീരുമാനം അനുസരിച്ച് സുപ്രീം കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ഇസ്രത്ത് തീവ്രവാദിയാണെന്ന് പറഞ്ഞിട്ടില്ലെന്ന്

ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് ഡേവിഡ് ഹെഡ്ലി പറഞ്ഞിട്ടില്ലെന്ന് എന്‍ഐഎ. ഔദ്യോഗിക കുറ്റസമ്മതത്തില്‍ ഇത്തരത്തിലൊരു പരാമര്‍ശം ഹെഡ് ലി നടത്തിയിട്ടില്ലെന്നും എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഇസ്രത്ത് ജഹാന്‍ തീവ്രവാദിയെന്ന ഐബിയുടെ വാദം ദുര്‍ബലമാകുകയാണ്. ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍. ഗുജറാത്തിലെ ഇസ്രത്ത് ജഹാന്‍ വ്യാജ എറ്റുമുട്ടല്‍ കേസ് സംബന്ധിച്ചുള്ള ദുരൂഹത മാറ്റുന്നതിനായി ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് എന്‍.ഐ.എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

deshabhimani

No comments:

Post a Comment