പുണ്യാളമുഖംമൂടികള്‍ അഴിഞ്ഞു വീണിട്ടും യഥാര്‍ഥമുഖം അനാവൃതമായിട്ടും അവയെല്ലാം തൃണവല്‍ഗണിച്ച് മുമ്പോട്ടുപോകുന്ന രാഷ്ട്രീയ തൊലിക്കട്ടി സാക്ഷര കേരളത്തിന്റെ ദുരന്തമാണ് എന്നു പറയുന്ന ലേഖനത്തിലുടനീളം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും രൂക്ഷമായി വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറ്റു മന്ത്രിമാരും എംഎല്‍എമാരും മന്ത്രിമാരുടെ സന്തത സഹചാരികളായ പിഎമാരും ഉള്‍പ്പെട്ട രാജ്യത്തെ ആദ്യത്തെ അഴിമതി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് കേരളത്തിലെ സോളാര്‍ അഴിമതി. നാട്ടുകാരുടെയും, ലോകരുടെയും കണ്ണില്‍ പൊടിയിട്ട ജനസമ്പര്‍ക്ക പരിപാടി എന്ന നാടകത്തിനു ലഭിച്ച യുഎന്‍ സമ്മാനവുമായി എത്തിയ മുഖ്യമന്ത്രിയെ കാത്തിരുന്നത് മനഃസാക്ഷി സൂക്ഷിപ്പുകാരന്റെ അറസ്റ്റാണ്. മുഖ്യമന്ത്രിയുടെ സന്തതസഹചാരികളായ ജിക്കു ജേക്കബിനെയും തോമസ് കുരുവിളയെയും പോറല്‍ ഏല്‍ക്കാതെ സംരക്ഷിക്കുന്ന ചാണക്യതന്ത്രം ഉമ്മന്‍ചാണ്ടിയുടെ വികലമായ മുഖം കേരളത്തിനു മനസ്സിലാക്കിത്തന്നു.
യാക്കോബായ സഭയുടെ പള്ളികളില്‍ അധികാരം സ്ഥാപിക്കാന്‍ മെത്രാന്‍ കക്ഷിക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഈ തീരുമാനങ്ങളെല്ലാം നടപ്പാക്കിയത് ജിക്കുവിലൂടെയും കുരുവിളയിലൂടെയുമാണ്. ഒരു മണിക്കൂര്‍ ഒരു പൗരന്റെ കുടുംബകാര്യം കേള്‍ക്കാന്‍ മാത്രം മഹാമനസ്ക്കതയും ലാളിത്യവുമുള്ള മുഖ്യമന്ത്രിയും മിസ്ഡ് കോള്‍ കണ്ട് തിരിച്ചുവിളിക്കുന്ന, വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍പോലും ക്ഷണിക്കാതെ എത്തുന്ന നല്ല മനസ്സുമുള്ള ആഭ്യന്തര മന്ത്രിയും യാക്കോബായ സഭയുടെ നേര്‍ക്ക് പീഡനങ്ങള്‍ അഴിച്ചു വിടുന്നത് ബോധപൂര്‍വ്വമാണ്. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ യാക്കോബായ സഭയോട് ആദരപൂര്‍വ്വം പെരുമാറി നീതി നടപ്പാക്കുന്നതില്‍ വിജയിച്ചിരുന്നു എന്നും ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ വക്താക്കള്‍, ദൈവത്തില്‍ വിശ്വസിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ മുഖം വ്യക്തമാക്കിത്തന്നു എന്ന് പറയുന്നതാകും ശരിയെന്നും ലേഖനത്തില്‍ പറയുന്നു.
deshabhimani
No comments:
Post a Comment