ജീര്‍ണ്ണതകള്‍ക്ക് കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസിനൊപ്പം യുഡിഎഫില്‍ തുടരണോ എന്ന് ജനാധിപത്യ ബോധമുള്ള കക്ഷികള്‍ ചിന്തിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഗൗരവതരമായ പുനര്‍വിചിന്തനം നടത്തി ശരിയായ തീരുമാനമെടുക്കണം. യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്ത കേരളത്തിന്റെ സാംസ്കാരിക നിലവാരം തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും പിണറായി വ്യക്തമാക്കി.
ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ഉതകുന്ന സോളാര്‍ എന്ന നല്ല പദ്ധതി സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്തു. ചിന്ത വാരികയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ പദ്ധതി തട്ടിപ്പുകാരുടെ കയ്യില്‍ ഏല്‍പ്പിച്ച് എല്ലാ വൃത്തികേടുകള്‍ക്കും മുഖ്യമന്ത്രി നേതൃത്വം നല്‍കി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ അറസ്റ്റിലായവര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ തട്ടിപ്പ് നടത്താന്‍ കഴിയില്ല. തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിയ്ക്കുള്ള പങ്ക് വ്യക്തമാണ്. തട്ടിപ്പുകാര്‍ക്ക് മുഖ്യമന്ത്രിയുടെ അടുത്ത് ഇത്ര സ്വാധീനം എങ്ങനെയുണ്ടായെന്ന് അന്വേഷിക്കണം.
സരിതയുടെയും ബിജുവിന്റെയും കുടുംബപ്രശ്നം പരിഹരിക്കേണ്ട വ്യക്തിയാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും പിണറായി ചോദിച്ചു. സോളാര്‍ തട്ടിപ്പില്‍ ബിജുവും സരിതയുമാണോ അതോ എല്ലാത്തിനും നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയാണോ തെറ്റുകാരനെന്ന സംശയം സ്വാഭാവികമായും ഉണ്ടാകും. ശ്രീധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ടാണ് അന്വേഷണം നടക്കാത്തത്. മുഖ്യമന്ത്രി എന്ന പദവി ഉപയോഗിച്ച് സാധാരണ നടപടിക്രമങ്ങള്‍ തടഞ്ഞ് രക്ഷപ്പെടാമെന്ന് ഉമ്മന്‍ചാണ്ടി കരുതേണ്ട.
കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം സംരക്ഷിക്കുന്നെന്ന് കരുതി ഉമ്മന്‍ചാണ്ടി രക്ഷപ്പെടില്ല. നാടിന്റെ ബഹുജന ശക്തി ശരിയായ രീതിയില്‍ അദ്ദേഹം കാണും. ജനകീയ സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താമെന്ന് കരുതരുത്. ഉമ്മന്‍ചാണ്ടിയേക്കാളും തിരുവഞ്ചൂരിനെക്കാളും വലിയ കൊമ്പന്‍മാരെ മുട്ടുകുത്തിച്ച ചരിത്രം കേരളത്തിനുണ്ട്.
deshabhimani
No comments:
Post a Comment