Monday, July 15, 2013

'കമ്പിയില്ലാ കമ്പി' ഇനി ചരിത്രം...

deshabhimani
ഇന്ന് മുതല്‍ ടെലഗ്രാം ചരിത്രത്തിലെ ഒരേടാകുമ്പോള്‍ 29 വര്‍ഷം മുമ്പ് ടെലഗ്രാഫിസ്റ്റായി എത്തിയ കാലമോര്‍ക്കുകയാണ് ഗീത. എറണാകുളം ബി എസ് എന്‍ എല്‍ ഓഫീസില്‍ ടെലഗ്രാഫ് വിഭാഗത്തില്‍ ഇന്നലെ വരെ ടെലഗ്രാഫ് മാസ്റ്റര്‍ ആയിരുന്ന ഗീതയുടെ തസ്തികയും ചരിത്രത്തിലേക്ക് മാറുകയാണ്. ടെലഗ്രാമുമായി ബന്ധപ്പെട്ട് ബാക്കിയുള്ള ജോലികളെല്ലാം തീര്‍ത്ത് അടുത്ത ദിവസം തന്നെ ബി എസ് എന്‍ എല്ലിലെ മറ്റേതെങ്കിലും സെക്ഷനിലേക്ക് മാറേണ്ടിവരുമെന്നറിയാമെങ്കിലും ടെലഗ്രാം സേവനം നിര്‍ത്തലാക്കരുതെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്ന് ഗീത പറയുന്നു.

ആലുവ അശ്വതി നിവാസില്‍ ഗീത പത്രപരസ്യം കണ്ടാണ് 29 വര്‍ഷം മുമ്പ് ടെലഗ്രാഫിസ്റ്റ് പോസ്റ്റിലേക്ക് അപേക്ഷ അയച്ചത്. എസ് എസ് എല്‍ സിയും ടൈപ്പ്‌റൈറ്റിംഗ് ഹയറുമാണ് അന്ന് യോഗ്യത ആവശ്യപ്പെട്ടിരുന്നത്. അഭിമുഖവും പരിശീലനവും കഴിഞ്ഞ് എറണാകുളത്ത് പി ആന്‍ഡ് ടിയ്ക്കുകീഴില്‍ സെന്‍ട്രല്‍ ടെലഗ്രാഫ് ഓഫീസില്‍ തന്നെ ടെലഗ്രാഫിസ്റ്റായി ജോലിക്കുകയറി. അന്ന് ടെലഗ്രാഫിസ്റ്റായി ആളില്ലാത്തതിനാല്‍ പരിശീലനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ജോലിക്ക് കയറേണ്ടിവന്നെന്ന് ഗീത പറയുന്നു. പിന്നീട് ടെലഗ്രാമിന്റെ ഓരോ മാറ്റങ്ങളും അടുത്തറിഞ്ഞ 29 വര്‍ഷങ്ങള്‍.  ബി എസ് എന്‍ എല്ലിന് കീഴില്‍ ടെലഗ്രാഫ് എത്തിയപ്പോഴേക്കും ഗീതയുടെ തസ്തിക ടെലഗ്രാഫ് മാസ്റ്റര്‍ എന്നായി. ആദ്യകാലത്ത് മോഴ്‌സിലായിരുന്നു സന്ദേശങ്ങള്‍ ലഭിച്ചിരുന്നത്. ടക് ടക് ശബ്ദം ശ്രദ്ധിച്ച് ഓരോ അക്ഷരങ്ങളും തിരിച്ചറിഞ്ഞ് സന്ദേശം എഴുതിയെടുക്കും. പിന്നീടത് ടൈപ്പ് ചെയ്ത് അയയ്ക്കാനുള്ള സന്ദേശത്തിന്റെ ഫോമിലാക്കും. ക്രമേണ മെക്കാനിക്കല്‍ ടെലിപ്രിന്ററും ഇലക്ട്രാണിക് ടെലിപ്രിന്ററുമെല്ലാം കടന്നുവന്നു. അന്നൊക്കെ ടൈപ്പ് ചെയ്യുന്ന സന്ദേശങ്ങള്‍ കാണാന്‍ സാധിക്കാത്തതിനാല്‍ സൂക്ഷ്മത വേണമായിരുന്നുവെന്ന് അവര്‍ പറയുന്നു.  കമ്പ്യൂട്ടര്‍ വഴി കോഡ് നേരിട്ട് ടൈപ്പ് ചെയ്യാന്‍ കഴിയും. ആദ്യകാലങ്ങളില്‍ ചെറിയ സ്‌റ്റേഷനുകളില്‍ നിന്ന് ടെലഗ്രാം സന്ദേശം കളക്ട് ചെയ്ത് ഒരു പ്രധാന കേന്ദ്രത്തില്‍ എത്തിച്ച്  ടൈപ്പ് ചെയ്താണ് അയച്ചിരുന്നത്.

അന്നൊക്കെ ടെലഗ്രാമുകള്‍ മേല്‍വിലാസക്കാരനെത്തിക്കാന്‍ ടെലഗ്രാഫ് മെസഞ്ചര്‍മാരുമുണ്ടായിരുന്നു. പിന്നീടത് തപാല്‍ മാര്‍ഗ്ഗമായി. ടെലഗ്രാമിന്റെ ചരിത്രവഴികളെക്കുറിച്ച് ഗീത വാചാലയായി.

കുറച്ചുകാലം മുന്‍പുവരെ 3. 50 രൂപയായിരുന്നു ടെലഗ്രാം അയയ്ക്കാന്‍ മിനിമം ചാര്‍ജ്ജ്. പിന്നീടത് 28 രൂപയായി. സര്‍ക്കാര്‍ ഡോക്യൂമെന്റായിട്ട് വേണമെന്നതിനാല്‍ മാത്രമാണ് ഇന്റര്‍നെറ്റും ഫോണും പ്രചാരത്തിലായിട്ടും പലരും ടെലഗ്രാം അയച്ചിരുന്നത്. കോടതി കേസുകള്‍ സംബന്ധിച്ചും ബിസിനസ് കാര്യങ്ങള്‍ തുടങ്ങിയവയുമെല്ലാമാണ് സമീപകാലത്ത് ടെലഗ്രാം സന്ദേശമായി എത്തിയിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ആശംസാ സന്ദേശങ്ങളും മറ്റും അയച്ച് ചരിത്രത്തിന്റെ ഭാഗമാവാന്‍ എത്തുന്നവരായിരുന്നു ഏറെയുമെന്ന് ഗീത പറയുന്നു.

ടെലഗ്രാം വിഭാഗത്തില്‍ ഇവിടെ ഗീതയെ കൂടാതെ മേരി, മണി എന്നിവരുമുണ്ട്. ടെലഗ്രാം നിര്‍ത്തുന്നതില്‍ ഏറെ വിഷമമുണ്ട്. ഇത്രയും വര്‍ഷം ചെയ്തുകൊണ്ടിരുന്ന ജോലി എന്നന്നത്തേയ്ക്കുമായി ഇല്ലാതാവുകയാണെന്നോര്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്ന് ഗീത. ഇനി വേറെ ഏതെങ്കിലും സെക്ഷനില്‍ ടെലഗ്രാം വിഭാഗത്തിലുള്ളവര്‍ മാറ്റപ്പെടും. ടെലഗ്രാഫിസ്റ്റായി ജോലിയില്‍ കയറി ഇപ്പോള്‍ ബി എസ് എന്‍ എല്‍ മൊബൈല്‍ വിഭാഗത്തിലുള്ള പള്ളുരുത്തി സ്വദേശി സുരേഷ് ബാബുവും ടെലഗ്രാം ചരിത്രമാകുന്നതിലുള്ള വിഷമം മറച്ചുവച്ചില്ല. ഇന്നലെ തിരക്കിട്ട ജോലിയിലായിരുന്നതിനാല്‍ ഗീതയെ സഹായിക്കാന്‍ സുരേഷും ടെലഗ്രാം വിഭാഗത്തിലുണ്ടായിരുന്നു. റിട്ടയേര്‍ഡ് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ വി ബാലകൃഷ്ണനാണ് ഗീതയുടെ ഭര്‍ത്താവ്. പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥയായ അശ്വതിയാണ് മകള്‍.

ടെലഗ്രാം ചരിത്രത്തിലാകുമ്പോഴും താന്‍ ടെലഗ്രാഫിസ്റ്റ് ജോലിക്ക് അപേക്ഷിക്കാന്‍ നോക്കിയ പത്രപരസ്യം ഇപ്പോഴും ഗീത സൂക്ഷിക്കുന്നുണ്ട്.

പി എസ് രശ്മി janayugom

കമ്പിയില്ലാകമ്പിയില്‍ സേബ അയച്ചു ചരിത്രത്തിലേക്കൊരു സന്ദേശം

കൊല്ലം: സേബ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശം ചരിത്രത്തിലേക്കുള്ള അവസാനത്തെ കമ്പിയായി. കൊല്ലം ടെലിഗ്രാം ഓഫീസിന്റെ പ്രവര്‍ത്തനം സേബയുടെ സന്ദേശത്തോടെ ചരിത്രത്തിന്റെ ഭാഗമായി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം രാജ്യത്തെ ടെലിഗ്രാം സേവനം നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് കൊല്ലത്തും ടെലിഗ്രാം ഓഫീസിന്റെ പ്രവര്‍ത്തനം ഞായറാഴ്ച അവസാനിച്ചത്. കൊട്ടിയം കിങ്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സേബ സുല്‍ത്താന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പേരില്‍ വൈകിട്ട് 5.05ന് ആണ് ഫോണോഗ്രാം സന്ദേശം അയച്ചത്. "പ്രിയപ്പെട്ട പ്രധാനമന്ത്രി, ഭീകരവാദവും അഴിമതിയും തടയുക, ജയ്ഹിന്ദ്" എന്നതായിരുന്നു സേബയുടെ സന്ദേശം.

ചവറ ഐആര്‍ഇയിലെ ജിയോളജിസ്റ്റ് അബ്ദുല്‍ റസാക്കിന്റെയും സബീനയുടെയും മകളായ സേബ എല്ലാ വിശേഷദിവസങ്ങളിലും പ്രമുഖര്‍ക്ക് ടെലിഗ്രാം സന്ദേശം അയക്കാറുണ്ട്. വൈകിട്ട് അഞ്ചുവരെ കൊല്ലം ടെലിഗ്രാം ഓഫീസില്‍നിന്ന് ടെലിഗ്രാം സന്ദേശം അയക്കാമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും സേബയ്ക്ക് ചീഫ് ടെലിഗ്രാം ഓഫീസര്‍ എം എന്‍ അശോകന്‍നായര്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നു. കൊല്ലം ടെലിഗ്രാഫ് ഓഫീസില്‍നിന്നുള്ള അവസാന ടെലിഗ്രാം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കുള്ളതായിരുന്നു. റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പരവൂര്‍ സജീബ് 4.50ന് ആണ് ടെലിഗ്രാം അയച്ചത്. പരശുറാം എക്സ്പ്രസിന് പരവൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ ആവശ്യമായ നടപടിയെടുക്കണമെന്നായിരുന്നു സജീബിന്റെ സന്ദേശം. ഇത് ഉള്‍പ്പെടെ കൊല്ലം ടെലിഗ്രാഫ് ഓഫീസില്‍നിന്നുള്ള അവസാനത്തെ അഞ്ച് ടെലിഗ്രാം സന്ദേശങ്ങളും അവ അയയ്ക്കുന്നതിന്റെ വിവിധ ഘട്ടങ്ങളും ഫോട്ടോയെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ഒരു പകര്‍പ്പ് ഡെല്‍ഹിയിലെ ബിഎസ്എന്‍എല്‍ കോര്‍പറേറ്റ് ഓഫീസിലും സൂക്ഷിക്കും.

കൊല്ലത്തുനിന്ന് ഞായറാഴ്ച 222 ടെലിഗ്രാം സന്ദേശങ്ങളാണ് അയച്ചത്. ഏഴു ഫോണോഗ്രാമുകളും അയച്ചു. സാധാരണ ദിവസങ്ങള്‍ ശരാശരി 25നും 60നും മധ്യേ ടെലിഗ്രാമുകളാണ് കൊല്ലം ഓഫീസില്‍നിന്ന് അയയ്ക്കാറുള്ളത്. വിവാഹ സീസണുകളില്‍ എണ്ണം ഇരട്ടിയോളമാകും. സാമ്പത്തിക വര്‍ഷാവസാനം റെവന്യൂ റിക്കവറിക്കായി ബാങ്കുകള്‍ അയയ്ക്കുന്ന ടെലിഗ്രാം സന്ദേശങ്ങള്‍ ദിവസം 400 കവിയാറുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ടെലിഗ്രാം പ്രവര്‍ത്തനസമയം ദിവസവും രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു. ഫോണോഗ്രാം സന്ദേശങ്ങള്‍ 24 മണിക്കൂറും അയയ്ക്കാമായിരുന്നു. കൊല്ലത്തെ കമ്പി ഓഫീസ് ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയര്‍ ഓഫീസായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

1835ല്‍ സാമുവല്‍ മോഴ്സിന്റെ കണ്ടുപിടിത്തം ഇന്ത്യയില്‍ പ്രചാരത്തില്‍വന്നത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലത്ത് 1850ല്‍ ആണ്. കൊല്ലത്ത് കമ്പി ഓഫീസ് നിലവില്‍വന്നിട്ട് 75 വര്‍ഷമായി. നഗരപരിധിയില്‍ കാവനാട് മുതല്‍ കിളികൊല്ലൂര്‍ വരെ 24 മണിക്കൂറും 60 ടെലിഗ്രാഫ് മെസഞ്ചര്‍മാര്‍ ടെലിഗ്രാം സന്ദേശവുമായി എത്തിയിരുന്ന കാലമുണ്ടായിരുന്നു. ആധുനിക കാലത്തിന്റെ വേഗത്തിനൊപ്പം ഓടിയെത്താനാകാതെയാണ് ടെലിഗ്രാം ഇപ്പോള്‍ പടിയിറങ്ങുന്നത്. ടെലിഗ്രാഫ് മെസഞ്ചര്‍മാരെ പിന്നീട് മെക്കാനിക്കല്‍ വിഭാഗത്തിലേക്കു മാറ്റി. ബിഎസ്എന്‍എല്‍ ഏറ്റെടുത്തശേഷം ടെലിഗ്രാം പോസ്റ്റുവഴി അയയ്ക്കാന്‍ തീരുമാനിച്ചതാണ് പ്രതിസന്ധിയായത്. ടെലിഗ്രാം സന്ദേശം കിട്ടാന്‍ കാലതാമസമുണ്ടാക്കി. കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ടെലിഗ്രാഫ് മെസഞ്ചര്‍മാര്‍ ജോലി ഉപേക്ഷിച്ചുപോയി. ടെലിഗ്രാഫ് വകുപ്പില്‍ 82നുശേഷം നിയമനം നടന്നിട്ടില്ല. ടെലിഗ്രാഫ് ഓഫീസര്‍മാര്‍ വിരമിച്ചതോടെ കൊട്ടാരക്കര, പുനലൂര്‍ ടെലിഗ്രാഫ് ഓഫീസുകള്‍ പൂട്ടി. കൊല്ലം ഓഫീസില്‍ ഇപ്പോള്‍ കമ്പിയില്ലാകമ്പിയുടെ ഓര്‍മകളും പേറി ചീഫ് ടെലിഗ്രാം ഓഫീസര്‍ മാത്രമാണ് അവശേഷിക്കുന്നത്.

അവസാനദിനം തിരക്കോട് തിരക്ക്; കമ്പിയില്ലാ കമ്പി ഇനി ചരിത്രം

തിരു: ചരിത്രത്തിലേക്ക് മായുംമുമ്പ് കമ്പിയില്ലാ കമ്പി അയക്കാന്‍ കമ്പി ഓഫീസില്‍ തിരക്കോട് തിരക്ക്. ഞായറാഴ്ച രാത്രി അവസാനിച്ച ടെലിഗ്രാം സേവനത്തിന്റെ അവസാനനിമിഷങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് കമ്പിയടിച്ച് ചരിത്രത്തില്‍ ഇടംപിടിച്ചത്. തിരുവനന്തപുരം സ്റ്റാച്യുവിലെ കേന്ദ്ര കമ്പി ഓഫീസില്‍ ഞായറാഴ്ച അര്‍ധരാത്രി വരെ കമ്പി അയക്കാന്‍ ആളുകള്‍ എത്തി. സാധാരണ ഇരുപതില്‍ താഴെ ആളുകളാണ് കമ്പി അയക്കാന്‍ എത്താറുള്ളതെങ്കില്‍ ഞായറാഴ്ച തിരുവനന്തപുരത്ത് ആയിരത്തോളം പേര്‍ കമ്പി അയച്ചു. ഓര്‍മയിലേക്ക് മായുംമുമ്പ് ടെലിഗ്രാം സംവിധാനം എന്താണെന്ന് അറിയാനും അവസാനദിനം കമ്പിയടിച്ച് ചരിത്രത്തില്‍ ഇടംപിടിക്കാനുള്ള കൗതുകത്തിനുമാണ് ഭൂരിഭാഗംപേരും എത്തിയത്.

160 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ടെലിഗ്രാഫ് സര്‍വീസിന് ചരിത്രത്തിലെ ഏറ്റവും തിരക്കുള്ള ദിവസമായിരുന്നു ഒടുവിലത്തെ ദിനം. കൗതുകത്തിന് സ്വന്തം വിലാസത്തിലേക്ക് കമ്പി അയക്കാന്‍ എത്തിയവരും ഏറെയുണ്ട്. ടെലിഗ്രാം സംവിധാനം കുട്ടികളെ പരിചയപ്പെടുത്താനായി രക്ഷിതാക്കളും എത്തിയിരുന്നു. ചുരുങ്ങിയ വാക്കുകളില്‍ കൈമാറിയിരുന്ന ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശങ്ങള്‍ക്കാണ് ഞായറാഴ്ച അര്‍ധരാത്രി വിരാമമായത്. ഇപ്പോള്‍ അയക്കുന്ന ഓര്‍മക്കമ്പികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മേല്‍വിലാസക്കാരെ തേടിയെത്തും.

deshabhimani

No comments:

Post a Comment