Wednesday, July 17, 2013

ഫിറോസ് എവിടെ?

ഷാഡോ പൊലീസും സിറ്റി കമീഷണറുടെ സ്വന്തം സംഘാംഗങ്ങളും അസിസ്റ്റന്റ് കമീഷണറുമൊക്കെ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം തെരച്ചില്‍ നടത്തുന്നതായി പ്രചരിപ്പിച്ചിട്ടും സോളാര്‍ തട്ടിപ്പിലെ കൂട്ടുപ്രതി ഫിറോസിനെ കാണാനില്ല. ഒന്നര മാസമായി മുന്‍ പിആര്‍ഡി ഡയറക്ടര്‍കൂടിയായ ഈ ഉന്നത ഉദ്യോഗസ്ഥന്‍ എവിടെയെന്ന ചോദ്യത്തിന് കൊച്ചിയില്‍ ഉണ്ടാകാമെന്നാണ് പൊലീസിന്റെ വിശദീകരണം. തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ സാജന്‍ കോയിക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ സ്വന്തം അംഗങ്ങളും ഷാഡോ പൊലീസ് അംഗങ്ങളുമൊക്കെയുണ്ട്. ഇവര്‍ കൊച്ചി സിറ്റി പൊലീസിന്റെ സഹായത്തോടെ എല്ലായിടവും അരിച്ചുപെറുക്കിയെന്നാണ് അവകാശപ്പെടുന്നത്. ഫിറോസിന്റെ രണ്ട് മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു എന്നതാണ് സംഘത്തിന്റെ അന്വേഷണത്തില്‍ കിട്ടിയ "സുപ്രധാന" വിവരം.

പ്രതിയെ പിടിക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചിട്ടും, തന്റെ കക്ഷി ഒളിവിലില്ലെന്ന് ഫിറോസിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടും പൊലീസിനുമാത്രം ആളെ കണ്ടെത്താനാകുന്നില്ല. സരിതയും ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് നടത്തിയ തട്ടിപ്പുകേസിലാണ് ഫിറോസ് പ്രതിയായത്. എഡിബി വായ്പ തരപ്പെടുത്താമെന്ന പേരില്‍ തിരുവനന്തപുരത്തെ കെട്ടിടനിര്‍മാണ കമ്പനി ഉടമയില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തട്ടിയ പണത്തില്‍നിന്ന് ഫിറോസിന് അഞ്ചുലക്ഷം രൂപയും പുതിയ കാറുമാണ് പ്രതിഫലമായി കിട്ടിയത്. ഫിറോസിനെ സഹായിക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യംമുതല്‍ സ്വീകരിച്ചത്. തട്ടിപ്പിലെ പങ്ക് സംബന്ധിച്ച വിവരം പുറത്തുവന്നശേഷം, ജൂണ്‍ 22ന് ഫിറോസ് അപ്രത്യക്ഷനായി. അറസ്റ്റ് അനിവാര്യമാണെന്നു കണ്ടതോടെ നെഞ്ചുവേദനയെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ഇതിനിടയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ മജിസ്ട്രേട്ട് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കോടതി വിധി വരുന്നതിന് രണ്ടുദിവസംമുമ്പ് ആശുപത്രിയില്‍നിന്ന് മുങ്ങി. പിന്നീട് ഹൈക്കോടതിയില്‍ നേരിട്ടെത്തി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എന്നിട്ടും പൊലീസിന് ഫിറോസിനെ കണ്ടെത്താനാകുന്നില്ല.

ഫിറോസിന്റെ കണിയാപുരത്തെ വീട്ടിലും ബന്ധുവീടുകളിലുമൊക്കെ എല്ലാ ദിവസവും റെയ്ഡ് നടത്തുന്നുവെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. രാത്രിയിലാണത്രെ പരിശോധന. തന്റെ അഭിഭാഷകനുമായി ഫിറോസ് നിരന്തരം ബന്ധപ്പെടുന്നതായാണ് വിവരം. ഫിറോസിന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മന്ത്രി കെ സി ജോസഫുമൊക്കെയായി വളരെ അടുത്ത ബന്ധമാണുള്ളത്. ഫിറോസിന് ജാമ്യം കിട്ടുമെന്ന കണക്കുകൂട്ടലിലായിരുന്നു പൊലീസ്. കോണ്‍ഗ്രസിലെ ചില ഉന്നതരുടെ സംരക്ഷണയിലാണ് ഫിറോസിന്റെ ഒളിവുസുഖവാസം.

മുഖ്യമന്ത്രി ഇടപെട്ട് കള്ളക്കേസില്‍ കുടുക്കി: എം കെ കുരുവിള

തിരു: സോളാര്‍ തട്ടിപ്പിനിരയായ തന്നെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്ന് കള്ളക്കേസുകളില്‍ പെടുത്തി ജയിലിലടച്ചെന്ന് വ്യവസായി എം കെ കുരുവിള. താന്‍ പുറത്തുവരാതിരിക്കാന്‍ പുതിയ കേസുകളില്‍ കുടുക്കുകയാണെന്നും കുരുവിള റിപ്പോര്‍ട്ടര്‍ ചാനലിനോട് വെളിപ്പെടുത്തി.

തട്ടിപ്പു നടത്തിയെന്ന് പറയുന്ന എ കെ കുരുവിള താനല്ല. ബംഗളൂരുവില്‍ വ്യവസായിയായ തന്നെ സരിതയ്ക്കും ബിജു രാധാകൃഷ്ണനുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് കേസില്‍ പെടുത്തിയത്. തനിക്ക് ഒരു കോടി രൂപ നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാണ് തന്നോട് പണം വാങ്ങിയത്. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് തന്നെ ജയിലിലടച്ചത്. തന്നെ ബംഗളൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവരികയായിരുന്നെന്ന് കുരുവിള ആരോപിച്ചു. വെള്ള ഇന്നോവ കാറില്‍ ബലംപ്രയോഗിച്ച് കയറ്റി. കേരളത്തില്‍ എത്തിയശേഷമാണ് തങ്ങള്‍ പൊലീസുകാരാണെന്നും കേരള പൊലീസിന്റെ സ്റ്റൈല്‍ ഇങ്ങനെയാണെന്നും പറയുന്നത്.

സോളാര്‍ തട്ടിപ്പിനെക്കുറിച്ച് ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനുശേഷമാണ് മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് അദ്ദേഹത്തിനു പരാതി നല്‍കിയത്. അതിനുപിന്നാലെ തന്നെ തട്ടിപ്പുകേസില്‍ പ്രതിയാക്കി. സോളാര്‍ തട്ടിപ്പുകാരുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധു കുഞ്ഞ് ഇല്ലമ്പള്ളിക്കും വളരെ അടുപ്പമുണ്ട്. തന്നെ വഞ്ചിച്ചവരുടെ കൂട്ടത്തിലുള്ള ഒരാളെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കിയെന്നും കുരുവിള ആരോപിച്ചു.

deshabhimani

No comments:

Post a Comment