Friday, July 19, 2013

കുടുങ്ങുമെന്നുറപ്പായപ്പോള്‍ സിസിടിവി പരിശോധന ഉപേക്ഷിച്ചു

തന്റെ ഓഫീസിലെയും സെക്രട്ടറിയറ്റിലെയും സിസിടിവി ദൃശ്യപരിശോധനയില്‍നിന്ന് പിന്മാറി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും മലക്കം മറിഞ്ഞു. മുഖ്യമന്ത്രിയെ കണ്ടത് സോളാര്‍ തട്ടിപ്പുകാരി സരിതയ്ക്കൊപ്പമാണെന്ന് ക്രഷര്‍ ഉടമ ശ്രീധരന്‍നായര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സിസിടിവി പരിശോധിക്കണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നത്. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ പരമാവധി 14 ദിവസംമാത്രമേ സൂക്ഷിക്കാനാവൂ എന്ന് തുടക്കത്തില്‍ പറഞ്ഞ് മുഖ്യമന്ത്രി പിന്മാറാന്‍ നോക്കി. ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതോടെയാണ് ദൃശ്യപരിശോധന പിന്നീട് ആവാമെന്ന് സമ്മതിച്ചത്. എന്നാല്‍, അന്വേഷണസംഘത്തെ ഇതിന് ചുമതലപ്പെടുത്താതെ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍, പരിശോധന നടന്നാല്‍ ഹാര്‍ഡ് ഡിസ്കില്‍നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന് വ്യക്തമായതോടെ അപകടം മനസിലാക്കി വീണ്ടും പിന്മാറുകയാണ്.

ഇതിനിടെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാവില്ലെന്ന് കെല്‍്രടോണ്‍ അധികൃതര്‍ അറിയിച്ചതായും പ്രചാരണമുണ്ട്. പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണപരിധിയില്‍ വരുന്ന കാര്യം സമാന്തരപരിശോധനയ്ക്ക് വിട്ടത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ തട്ടിപ്പിന് കൂട്ടുനില്‍ക്കില്ലെന്ന് സിപിഐ എമ്മും എല്‍ഡിഎഫും വ്യക്തമാക്കി. അപ്പോള്‍ എന്തുവന്നാലും ദൃശ്യപരിശോധനയുമായി മുന്നോട്ടുപോകുമെന്നും സിഡിറ്റ്, കെല്‍ട്രോണ്‍, സി ഡാക് തുടങ്ങിയ സ്ഥാപനങ്ങളുടെ സാങ്കേതികസഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാന്തര അന്വേഷണം നിയമവിരുദ്ധമാകുമെന്ന് ഇതിനിടെ സര്‍ക്കാരിന് ഉപദേശം കിട്ടി. അന്വേഷണത്തിന് നിയോഗിച്ച ഐടി വിദഗ്ധര്‍ക്ക് ഈ പരിശോധനയിലുള്ള വൈദഗ്ധ്യവും ചോദ്യംചെയ്യപ്പെട്ടു.

2012 ജൂലൈ ഒമ്പതിന് സരിതയോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ടെന്നി ജോപ്പനെയും തുടര്‍ന്ന് മുഖ്യമന്ത്രിയെയും കണ്ടതായാണ് ശ്രീധരന്‍നായര്‍ വെളിപ്പെടുത്തിയത്. ഇതിനുശേഷമാണ് സരിതയ്ക്ക് സോളാര്‍ പദ്ധതിക്കായി പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 40 ലക്ഷം രൂപയാണ് ഇദ്ദേഹത്തില്‍നിന്ന് സരിത കൈക്കലാക്കിയത്. എന്നാല്‍, മുഖ്യമന്ത്രി ഇത് നിഷേധിച്ചു. ശ്രീധരന്‍നായരെ കണ്ടിട്ടേയില്ലെന്ന് ആദ്യം വാദിച്ചു. പിന്നീട് ശ്രീധരന്‍നായരെ കണ്ടെന്നും ക്വാറി ഉടമകളുടെ അസോസിയേഷന്‍ നേതാക്കള്‍ക്കൊപ്പമാണ് വന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സരിത രണ്ടു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയതായും ശ്രീധരന്‍നായര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള രണ്ടു ലക്ഷത്തിന്റെ ചെക്ക് കിട്ടിയതായി മുഖ്യമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു. എന്നാല്‍,ആരാണ് തന്നതെന്നും ആരാണ് വാങ്ങിയതെന്നും അറിഞ്ഞുകൂടെന്ന വിചിത്രന്യായം അദ്ദേഹം ഉയര്‍ത്തി. ഇതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി.

തന്റെ ഓഫീസില്‍ ലൈവ് വെബ്കാസ്റ്റ് മാത്രമേ ഉള്ളൂവെന്നും സിസിടിവി ഇല്ലെന്നും മുഖ്യമന്ത്രി വാദിച്ചുനോക്കി. എന്നാല്‍, സരിതയുമായുള്ള ബന്ധം പുറത്തുവന്നതോടെ ഒരാഴ്ചയോ കൂടിയാല്‍ 14 ദിവസമോ മാത്രമേ ദൃശ്യങ്ങള്‍ സൂക്ഷിക്കാനാവൂ എന്നായി ന്യായം. ശ്രീധരന്‍നായര്‍, സരിത, ക്വാറി അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ എന്നിവരുടെ മൊബൈല്‍ഫോണുകള്‍ ജൂലൈ ഒമ്പതിന് ഏത് മെബൈല്‍ ടവറിനു കീഴിലായിരുന്നു എന്ന് പരിശോധിക്കാന്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. അസോസിയേഷന്‍ ഭാരവാഹികളില്‍ പലരും തങ്ങള്‍ ശ്രീധരന്‍നായര്‍ക്കൊപ്പമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കികഴിഞ്ഞു. മറ്റു ഭാരവാഹികളുടെ അന്നത്തെ മൊബൈല്‍ ടവര്‍ സ്ഥാനം പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടെ മറ്റൊരു കള്ളംകൂടി പൊളിയും.

ആശ്രയ ട്രസ്റ്റിന്റെ വരവ് പരസ്യപ്പെടുത്താനാവില്ല: ചെയര്‍മാന്‍

പുതുപ്പള്ളി: ആശ്രയ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വരവുചെലവ് കണക്കുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാനാവില്ലെന്ന് ചെയര്‍മാന്‍ എന്‍ എ പങ്കജാക്ഷന്‍നായര്‍. പണം നല്‍കിയവരുടെ പേരുകള്‍ വെളിപ്പെടുത്തണമെങ്കില്‍ അവരുടെ അനുമതി വാങ്ങണം. ഡയറക്ടര്‍ബോര്‍ഡ് തീരുമാനം ഇല്ലാതെ കണക്ക് പരസ്യപ്പെടുത്താനാവില്ലെന്നും പങ്കജാക്ഷന്‍നായര്‍ പറഞ്ഞു. ട്രസ്റ്റ് പ്രവര്‍ത്തനം സുതാര്യമാണെന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കണക്കുകള്‍ പരിശോധിക്കാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം പറഞ്ഞത് കള്ളമാണെന്ന് ഇതോടെ വ്യക്തമായി.

ട്രസ്റ്റിന് ഒരുവര്‍ഷം ലഭിക്കുന്ന ഏകദേശം തുകയെക്കുറിച്ച് ചോദിച്ചപ്പോഴും ഭരണസമിതിയോട് ചോദിക്കണമെന്നായിരുന്നു പങ്കജാക്ഷന്‍നായരുടെ മറുപടി. പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കണമെന്ന് നിയമമില്ല. നിയമാനുസൃതമായ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന ആളുകളുടെ പണം ചെക്കായി സ്വീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഉമ്മന്‍ചാണ്ടി ട്രസ്റ്റിന്റെ ചെയര്‍മാന്‍ പദവി ഒഴിഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുമെന്ന് മുന്‍കൂട്ടി കണ്ടായിരുന്നു ഈ തീരുമാനം. 2011-12 സാമ്പത്തിക വര്‍ഷത്തെ വരവ്ചെലവ് കണക്കുകള്‍ ട്രസ്റ്റ് ഓഡിറ്റുചെയ്തിട്ടുണ്ട്. 2012-13 സാമ്പത്തികവര്‍ഷത്തെ കണക്ക് പൂര്‍ത്തിയായിട്ടില്ല. എം കെ കുരുവിളയാണ് ഓഡിറ്റര്‍. ജിക്കുമോന്‍ ജേക്കബ്, എം ആര്‍ സുരേന്ദ്രന്‍, നൈനാന്‍ കുര്യന്‍, സി ജി ജോര്‍ജ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

deshabhimani

No comments:

Post a Comment