Thursday, July 18, 2013

മമതയ്ക്കെതിരെ മനുഷ്യാവകാശ കമീഷന്റെ രൂക്ഷ വിമര്‍ശം

 പൊതുയോഗത്തിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ചോദ്യംചോദിച്ചതിന് ഷിലാദിത്യ ചൗധരിയെന്ന കര്‍ഷകനെ മാവോയിസ്റ്റായി മുദ്ര കുത്തി അറസ്റ്റ്ചെയ്ത് പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന മനുഷാവകാശ കമീഷന്റെ രൂക്ഷ വിമര്‍ശം. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കമീഷന്‍ ഉത്തരവിട്ടു. മിഡ്നാപുര്‍ ബല്‍പാഹരിയില്‍ കഴിഞ്ഞ ആഗസ്ത് 8ന് നടന്ന പൊതുയോഗത്തിനിടെയായിരുന്നു ചൗധരി ചോദ്യം ഉന്നയിച്ചത്. വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ കൃഷിക്കാര്‍ക്കു വേണ്ടി എന്തുചെയ്തു എന്നായിരുന്നു പൊതുയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന മമതയോടുള്ള ചോദ്യം. ചോദ്യം ഉന്നയിച്ച ഉടനെ ചൗധരിയെ പിടികൂടിയ പോലീസ് ചോദ്യംചെയ്ത് ആദ്യം വിട്ടയച്ചു. പിന്നീട് മമതയുടെ പ്രത്യേക നിര്‍ദേശപ്രകാരം വീണ്ടും അറസ്റ്റ് ചെയ്ത് മാവോയിസ്റ്റ് എന്ന് മുദ്ര കുത്തി ജയിലിലടച്ചു. മൂന്ന് ആഴ്ച പോലീസ് ലോക്കപ്പിലിട്ടു. കേസ് ഇപ്പോഴും തുടരുന്നു.

ചൗധരിക്കുണ്ടായ മാനസിക പീഡനത്തിനും അപമാനത്തിനും സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട കമീഷന്‍ മുഖ്യമന്ത്രിയുടെ നടപടി സംസ്കാരരഹിതമാണെന്ന് വിമര്‍ശിച്ചു. ജനാധിപത്യ വ്യവസ്ഥയില്‍ പൗരന് ഭരണാധികാരിയോട് ചോദ്യം ചോദിക്കാന്‍ അവകാശമുണ്ട്. അതിന്റെ പേരില്‍ അടിസ്ഥാനരഹിതമായ കുറ്റം ചാര്‍ത്തി സാധാരണക്കാരനെ ശിക്ഷിക്കുകയാണ്. ഇത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി ചെയര്‍മാനായുള്ള മൂന്നംഗ കമീഷന്‍ ഏകകണ്ഠമായി ഉത്തരവിട്ടു. എട്ട് ആഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിനുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചയാളാണ് ചൗധരി. സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. മമതയ്ക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച കുറ്റത്തിന് അധ്യാപകന്‍ അംബികേഷ് മഹാമപത്രയെയും സുഹൃത്ത് സുബ്രതാ സെന്‍ഗുപ്തയെയും അറസ്റ്റ്ചെയ്ത സംഭവത്തിലും മനുഷ്യാവകാശ കമീഷന്‍ കേസെടുത്തിരുന്നു. ഇരുവര്‍ക്കും 50000 രൂപാ വീതം നഷ്ടപരിഹാരം നല്‍കണമെന്ന കമീഷന്‍ ഉത്തരവ് ഇതുവരെ സര്‍ക്കാര്‍ നടപ്പാക്കിയില്ല.
(ഗോപി)

deshabhimani

No comments:

Post a Comment