Monday, July 15, 2013

സോളാര്‍ തട്ടിപ്പ്: നോക്കിനില്‍ക്കില്ലെന്ന് കോടതി

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളില്‍ മൂകസാക്ഷിയായി നോക്കിനില്‍ക്കാനാവില്ലെന്ന് ഹൈക്കോടതി. പിആര്‍ഡി മുന്‍ ഡയറക്ടര്‍ ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്റെ നിരീക്ഷണം.

സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ് നായരും തന്റെ കക്ഷിയെയും കബളിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിയെപ്പോലും പ്രതികള്‍ കബളിപ്പിച്ചുവെന്നും ഫിറോസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ക്രിമിനല്‍ക്കേസില്‍ പ്രതിയായിരുന്ന ഫിറോസ് 2013 വരെ സര്‍വീസില്‍ തുടര്‍ന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. കേസിലെ മറ്റു പ്രതികളുമായി ഫിറോസ് എസ്എംഎസ് മുഖേനയും ഇ-മെയില്‍ മുഖേനയും നിരന്തരം ബന്ധപ്പെട്ടതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലി ചൂണ്ടിക്കാട്ടി.

എഡിബി വായ്പ വാഗ്ദാനംചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ പരാതിക്കാരനെ ബിജു രാധാകൃഷ്ണന്‍ എഡിബി ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തിയത് ഫിറോസിനെയായിരുന്നുവെന്നും സരിത എസ് നായരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന് പരിചയപ്പെടുത്തിയെന്നും ഡിജിപി വാദിച്ചു. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഇരയായിട്ടുണ്ടോ എന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും ഫിറോസിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

കോടതിനിര്‍ദേശത്തെത്തുടര്‍ന്ന് കേസ് ഡയറി പ്രോസിക്യൂഷന്‍ കോടതിക്കു കൈമാറി. മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാകുംവരെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധിപറയാന്‍ മാറ്റി.

deshabhimani

No comments:

Post a Comment