സോളാര്‍ തട്ടിപ്പ്; ഫിറോസിനെ കണ്ടെത്താന്‍ പ്രത്യേക സംഘം
തിരു: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും പിആര്‍ഡി മുന്‍ ഡയറക്ടറുമായ എ ഫിറോസിനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ എട്ടംഗ സംഘത്തെയാണ് രൂപീകരിച്ചത്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഫിറോസിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെ കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി എന്തുകൊണ്ടാണ് ഫിറോസിനെ അറസ്റ്റ് ചെയ്യാത്തതെന്ന് സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടരുകയാണെങ്കിലും അറസ്റ്റ് ഒഴിവാക്കണമെന്ന ഫിറോസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
സോളാര്‍ ഇടപാടില്‍ 40 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഫിറോസ്. ഫിറോസിന് ഭരണതലത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ ഫിറോസിനെ ഒളിപ്പിച്ചിരിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ നടപടിയെ കോടയിയും വിമര്‍ശിച്ചതോടെയാണ് ഫിറോസിനെ കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്.
സലീം രാജിനെ അറസ്റ്റ് ചെയ്യേണ്ടെന്ന്
തിരു: സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീം രാജിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി. പൊലീസ് അസോസിയേഷന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അറസ്റ്റ് ഒഴിവാക്കുന്നതെന്ന് പറയുന്നു. അരോപണമുയര്‍ന്നപ്പോള്‍ ഗണ്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കുകമാത്രമാണ് ആദ്യം ചെയ്തിരുന്നത്. പിന്നീട് പ്രതിപക്ഷ സമരത്തെ തുടര്‍ന്നാണ് സര്‍വീസില്‍ നിന്ന് സലീം രാജിനെ സസ്പെന്‍ഡ് ചെയ്തത്.
കേസിലെ മുഖ്യപ്രതി സരിതയുമായി അടുപ്പമുണ്ടായിരുന്ന സലീം രാജ് നിരവധി തവണയാണ് അവരെ ഫോണിലും നേരിട്ടും ബന്ധപ്പെട്ടിട്ടുള്ളത്. ഇതേ കുറ്റം ചുമത്തിയാണ് മുഖ്യമന്ത്രിയുടെ പി എ ജോപ്പനെ അറസ്റ്റ് ചെയത്ത്. എന്നാല്‍ കുറ്റാരോപിതനായ മറ്റൊരു പിഎ ജിക്കുമോനെതിരെ ഇതുവരെ അന്വേഷണമുണ്ടായിട്ടില്ല. സലീം രാജിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള അടുത്ത ബന്ധമാണ് കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവടക്കം ഉന്നയിച്ചിരുന്നു
deshabhimani
No comments:
Post a Comment