കല്‍പ്പറ്റ: വയനാട്ടുകാരുടെ പ്രിയപ്പെട്ട സഖാവ് ഇനി ഓര്‍മ്മ. പോരാട്ടത്തിന്റെ കനല്‍പാതകള്‍ താണ്ടിയാണ് പി കുഞ്ഞിക്കണ്ണന്‍ എന്ന പൊതുപ്രവര്‍ത്തകന്‍ ജനകീയ നേതാവായത്. പ്രവര്‍ത്തനത്തിലെ ലാളിത്യവും സത്യസന്ധയും കൊണ്ടാണ് അദ്ദേഹം എല്ലാവരുടെയും സഖാവായത്. എണ്‍പത് പിന്നിട്ടിട്ടും കര്‍മ്മനിരതനായിരുന്നു. തീര്‍ത്തും അവശനാകുന്നതുവരെ ബഹുജനപ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ട്രേഡ് യൂണിയന്‍ രംഗത്ത് സമാനതകളില്ലാത്ത പോരാട്ടമായിരുന്നു. തോട്ടം തൊഴിലാളികള്‍ പ്രത്യേകിച്ച് വയനാട്ടിലെ തൊഴിലാളികള്‍ ഇപ്പോള്‍ അനുഭവിക്കുന്ന നേട്ടങ്ങളുടെ പിന്നില്‍ കുഞ്ഞിക്കണ്ണന്റെ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളുണ്ട്. രാഷ്ട്രീയത്തിന് അതീതമായ പിന്തുണയാണ് തോട്ടം തൊഴിലാളികള്‍ നല്‍കിയത്. ഈ അംഗീകാരം അദ്ദേഹത്തെ ജില്ലാ പഞ്ചായത്ത് അംഗം, ജില്ലാ ബാങ്ക് പ്രസിഡന്റ്, വൈത്തിരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ പദവികളിലും എത്തിച്ചു. ഈ കാലഘട്ടത്തില്‍ കൂടുതല്‍പേര്‍ അദ്ദേഹത്തെ നേരിട്ടറിഞ്ഞു. രാഷ്ട്രീയഭേദമെന്യേ എല്ലാവരുടെയും പ്രിയങ്കരനാക്കി. പ്രായാധിക്യത്തെ തുടര്‍ന്ന് അവശനിലയിലാതതോടെ രോഗവിവരം അന്വേഷിക്കാന്‍ ആളുകള്‍ മത്സരിച്ചു. പാര്‍ടി പ്രവര്‍ത്തകരുള്‍പ്പെടെ നിരവധിപേര്‍ നിത്യവും സന്ദര്‍ശിക്കാനെത്തുമായിരുന്നു.
മരണവിവരം അറിഞ്ഞതുമുതല്‍ ഗുഡ് ഷെപ്പേര്‍ഡ് ആശുപത്രിയിലേക്കും പിന്നീട് മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച എകെജി ഭവനിലേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ആളുകള്‍ ഴുകിയെത്തി. വിവിധ രാഷ്ട്രിയ സാമൂഹ്യനേതാക്കളുള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ആശുപത്രിയില്‍നിന്നും വൈകിട്ട് 5.15ഓടെ മൃതദേഹം ആംബുലന്‍സില്‍ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ കല്‍പ്പറ്റയിലെ ഏകെജി ഭവനില്‍ എത്തിച്ചു. ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, സംസ്ഥാനകമ്മിറ്റി അംഗം പി എ മുഹമ്മദ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ഭാസ്ക്കരന്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹത്തില്‍ പാര്‍ടി പതാക പുതപ്പിച്ചു. പിന്നീട് എട്ടുവരെ പൊതുദര്‍ശനത്തിനുവെച്ചു. മൃതദേഹത്തിനരികെ സ്ത്രികളുള്‍പ്പെടയുള്ളവര്‍ പൊട്ടിക്കരഞ്ഞു. കണ്ണുനീര്‍തുടച്ചാണ് തൊഴിലാളികള്‍ തങ്ങളുടെ സഖാവിനെ അവസാനമായി കാണാനെത്തിയത്. ഇടവഴിയിലൂടെ രാത്രിയിലും ആളുകള്‍ എകെജി ഭവനിലേക്ക് എത്തിക്കൊണ്ടിരുന്നു. രാത്രി 8.30ഓടെ മൃതദേഹം വിലാപയാത്രയായി വൈത്തിരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മുദ്രാവാക്യം വിളികളോടെയാണ് എകെജി ഭവനില്‍നിന്നും പ്രവര്‍ത്തകര്‍ സഖാവിന് വിടനല്‍കിയത്. വൈത്തിരിയിലെ വീട്ടില്‍ മൃതദേഹം എത്തിക്കുമ്പോള്‍ നൂറുകണക്കിനുപേരാണ് കാത്തിരുന്നത്. പൊട്ടിക്കരഞ്ഞ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആര്‍ക്കും ആശ്വസിപ്പിക്കാനയില്ല. തങ്ങള്‍ നെഞ്ചോട് ചേര്‍ത്ത സഖാവിന്റെ നിശ്ചല ശരീരം കാണാനാവതെ പലരും മുഖം പൊത്തി. ദുഖം കടിച്ചമര്‍ത്തി പര്‍ടി പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ രാത്രി മുഴുവന്‍ തങ്ങളുടെ സഖാവിന്റെ ചാരെ നിന്നു.
വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കളും വര്‍ഗബഹുജന സംഘടനകളും മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കോഴിക്കോട് ജില്ലാ സെക്രട്ടി ടി പി രാമകൃഷ്ണന്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ പി പി ആലി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ആര്‍എസ്പി ജില്ലാ സെക്രട്ടറി ഏച്ചോം ഗോപി, എന്‍സിപി ജില്ല പ്രസിഡന്റ് സി എം ശിവരാമന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി കെ ഗോപാലന്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ, ബിജെപി ജില്ലാ പ്രസിഡന്റ് കെ സദാനന്ദന്‍, സിപിഐ (എം എല്‍ ) റെഡ് ഫ്ളാഗ് ജില്ലാ സെക്രട്ടറി സാം പി മാത്യു തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. സിഐടിയു, കെഎസ്കെടിയു, കര്‍ഷകസംഘം, എകെഎസ്, ഡിവൈഎഫ്ഐ, എസ്എഫ്ഐ, എന്‍ജിഒ യൂണിയന്‍, കെഎസ്കെടിയു, വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍, പിഎസ്സി എംപ്ലോയീസ് യൂണിയന്‍ എന്നിവക്കുവേണ്ടി നേതാക്കള്‍ റീത്ത് സമര്‍പ്പിച്ചു.
സമരധീരനായ തൊഴിലാളി നേതാവ്, മാതൃകാ കമ്യൂണിസ്റ്റ്
1955ല്‍ കണ്ണൂരിലെ ആറോണ്‍ മില്‍ തൊഴിലാളികളുടെ സമരപ്രചാരണ കാല്‍നടജാഥാ ക്യാപ്റ്റനായി വയനാട്ടിലെത്തിയ കുഞ്ഞിക്കണ്ണനുമായി 60കളില്‍ തുടങ്ങിയ ആത്മബന്ധം അന്ത്യ നിമിഷം വരെയുണ്ടായിരുന്നു. പാര്‍ടി നിര്‍ദേശപ്രകാരം വയനാട്ടിലെത്തി അസംഘടിതരായി അടിമകളെപോലെ പണിയെടുത്തിരുന്ന തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാന്‍ തീവ്രശ്രമം തന്നെ നടത്തി. മുതലാളിമാരോടും അവരുടെ ഗുണ്ടകളോടും അവര്‍ക്കനുകൂലമായിരുന്ന പൊലീസധികാരികളോടും ഏറ്റുമുട്ടിക്കൊണ്ടായിരുന്നു പ്രവര്‍ത്തനം. വൈത്തിരി, പൊഴുതന, പിണങ്ങോട്, തരിയോട് ഭാഗങ്ങളിലാണ് മുഖ്യമായും കേന്ദ്രീകരിച്ചത്. വേങ്ങാക്കോട്ട കേസില്‍ ശിക്ഷിക്കപ്പെട്ടു. വിവിധ സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചു. വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വൈത്തിരിയിലെ തലമല എസ്റ്റേറ്റ് തൊഴിലാളിയായിരുന്ന മീനാക്ഷിയെ മിശ്രവിവാഹത്തിലൂടെ സഹധര്‍മിണിയാക്കി. കുടുംബപരമായ കാരണങ്ങളാല്‍ സ്വദേശമായ കണ്ണൂരിലേക്ക് പോയെങ്കിലും 1962ല്‍ സി എച്ച് കണാരന്റെ നിര്‍ദേശപ്രകാരം വീണ്ടും വയനാട്ടിലെത്തി. വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ ജന.സെക്രട്ടറിസ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ യൂണിയന്‍ ജന.സെക്രട്ടറിഷിപ്പില്‍ നിന്ന് ഒഴിവായെങ്കിലും വയനാട് എസ്റ്റേറ്റ് ലേബര്‍യൂണിയന്റെ ജീവാത്മാവും പരമാത്മാവുമാണ്. എഐടിയുസിയുടെയും പിന്നീട് സിഐടിയുവിന്റെയും കോഴിക്കോട് ജില്ലാകമ്മിറ്റിയിലും കേരളാസ്റ്റേറ്റ് പ്ലാന്റേഷന്‍ ഫെഡറേഷന്റെ സംസ്ഥാനകമ്മിറ്റിയിലും ഒരിക്കല്‍ അതിന്റെ പ്രസിഡന്റുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കുഞ്ഞിക്കണ്ണന്‍ തോട്ടം തൊഴിലാളി നേതാവെന്ന നിലയിലാണ് പൊതുവെ അറിയപ്പെട്ടത്. സിപിഐ എമ്മിന്റെ കോഴിക്കോട് ജില്ലാകമ്മിറ്റിയംഗമായും 1973ല്‍ വയനാട് ജില്ലാകമ്മിറ്റി രൂപീകരിച്ചത് മുതല്‍ അതിന്റെ സെക്രട്ടറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചു. 2011ലാണ് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സെക്രട്ടറിയറ്റില്‍ നിന്നും ഒഴിവായത്. ഇപ്പോഴും ജില്ലാകമ്മിറ്റി അംഗമാണ്.
പുറത്തറിയപ്പെടുന്നത് സമരധീരനായ തൊഴിലാളി നേതാവും മാതൃക കമ്യൂണിറ്റും എന്ന നിലക്കാണെങ്കിലും പൊതുരംഗത്തും ശ്രദ്ധേയമായ വ്യക്തിമുദ്രപതിപ്പിച്ചിരുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ മേധാവിത്വം കൊടികുത്തിവാഴുന്ന കാലത്തും വൈത്തിരി പഞ്ചായത്തിലേക്ക് കോണ്‍ഗ്രസ്സ്ഥാനാര്‍ഥിയും വികാരിയും തോട്ടം മാനേജരുമായ വൈദികനെ പരാജയപ്പെടുത്തി വിജയിച്ചത്. പിന്നീടും ആ വിജയം ആവര്‍ത്തിക്കുകയുണ്ടായി. വൈത്തിരി സര്‍വീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ഭരണം കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുക്കാനായതും സഖാവിന്റെ പൊതുസമ്മതി മൂലമായിരുന്നു. ദീര്‍ഘകാലമായി ബാങ്ക് പ്രസിഡന്റായി തുടരുകയാണ്. അത് വഴി വയനാട് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറായും ഒരു ഘട്ടത്തില്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. വയനാട് കോഫി മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായും സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും സമഭാവനയില്‍ പെറുമാറുകയും പ്രശ്നങ്ങളന്വേഷിക്കുകയും സാധ്യമായ എല്ലാ സഹായവും ചെയ്തുകൊടുക്കുകയും ചെയ്യുന്ന കാര്യത്തില്‍ വയനാട്ടില്‍ ഒന്നാംസ്ഥാനക്കാരന്‍ സഖാവാണ് എന്ന് പറയാം. വീട്ടിലെ വളര്‍ത്തുപട്ടി വാഹനംതട്ടി ചത്തതില്‍ ദു:ഖിച്ച് ഭക്ഷണമുപേക്ഷിച്ച ജീവകാരുണ്യ മനസ്സായിരുന്നു സഖാവിന്റെത്. മുമ്പ് കേരളത്തില്‍ സഖാവെന്ന് പറഞ്ഞാല്‍ പി കൃഷ്ണപിള്ളയായിരുന്നത്പോലെ തന്റെ പ്രവര്‍ത്തനമേഖലകളില്‍ സഖാവെന്ന് മാത്രം പറഞ്ഞാല്‍ അത് കുഞ്ഞിക്കണ്ണന്‍ മാത്രമാണ്. ട്രേഡ് യൂണിയന്‍ നേതാവാണെങ്കിലും വയനാട്ടില്‍ നടന്ന പ്രധാന കര്‍ഷക -കര്‍ഷക തൊഴിലാളി സമരങ്ങളിലെല്ലാം സഖാവ് പങ്കെടുക്കുകയും ജയില്‍വാസം അനുഭവിക്കേണ്ടിവരികയും ചെയ്തിരുന്നു. ദീര്‍ഘകാലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വയനാട് ജില്ലാ കണ്‍വീനറായും സഖാവ് പ്രവര്‍ത്തിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്ന നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
(പി എ മുഹമ്മദ്)
മരണമുഖത്തും തളരാത്ത പോരാളി
സമ്പന്ന നായര്‍ കുടുംബത്തില്‍ നിന്നും എല്ലാം ഉപേക്ഷിച്ചിറങ്ങി ജീവിതാവസാനം വരെ ജനപക്ഷത്ത് നിന്ന ചരിത്രമാണ് പി കുഞ്ഞിക്കണ്ണന്റേത്. ജന്മി കോണ്‍ഗ്രസ് ഗുണ്ടകളില്‍ നിന്നും കൊടിയ മര്‍ദ്ദനം, ഒളിവ് ജീവിതത്തിന്റെ ദുരിതങ്ങള്‍ തുടങ്ങിയവയെല്ലാം അതിജീവിച്ച അദ്ദേഹം യൗവനാരംഭത്തില്‍ നാട് വിട്ട് ബോംബയിലെത്തിയപ്പോള്‍ അവിടുത്തെ സില്‍ക്ക് മില്‍ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടും തന്റെ സംഘടന മികവ് തെളിയിച്ചു. 1949 ല്‍ അനുഭവിച്ച കൊടിയ മര്‍ദ്ദനത്തെ തുടര്‍ന്ന് മരണത്തെ മുഖാമുഖം കണ്ട് അബോധാവസ്ഥയില്‍ രണ്ടാഴ്ച കഴിഞ്ഞ അദ്ദേഹം സഖാക്കളെയും ബന്ധുക്കളെയും അമ്പരപ്പിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നു. ജന്മിത്വ- കോണ്‍ഗ്രസ് കൂട്ടുകെട്ട് ശാന്തി സേനയുണ്ടാക്കി കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടിയ 1948 കാലം. കണ്ണപുരത്ത് ഈ സേനയിലെ പ്രധാന കൊലയാളി ഒ കെ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍.
കമ്മ്യൂണിസ്റ്റ് ബന്ധമുളളവരെ നിരന്തരം പീഡിപ്പിക്കുന്ന നമ്പ്യാര്‍ക്ക് ഒരിക്കല്‍ തിരിച്ചടി കിട്ടി. ഒളിവിലെ കമ്മ്യൂണിസ്റ്റുകാര്‍ നമ്പ്യാരെ അടിച്ചൊതുക്കി. കണ്ണപുരം ചെങ്കുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയപ്പോഴാണ് കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ കൈകാര്യം ചെയ്തത്. അന്ന് നാട്ടില്‍ അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റുകാരില്‍ രണ്ടു പേര്‍ യുവാക്കളായ പി കുഞ്ഞിക്കണ്ണനും ഇളയമ്മയുടെ മകന്‍ ടി അമ്പു നായരും. കുറ്റക്കാരല്ലെന്നറിഞ്ഞിട്ടും ഇവരെ തേടിയായി ശാന്തി സേനയുടെ നീക്കം. വീട്ടിലും ബന്ധു വീട്ടുകളിലും ശാന്തി സേനയുടെ ഗുണ്ടകള്‍ അതിക്രമം കാട്ടി. നാട്ടില്‍ കുടുംബബന്ധമുള്ള ഒരു കോണ്‍ഗ്രസ് കാരന്റെ വീട്ടില്‍ കുറച്ചു ദിവസേ ഒളിവില്‍ കഴിഞ്ഞു. പിന്നീട് കോയമ്പത്തൂരിലേക്ക് വണ്ടി കയറി. കോയമ്പത്തൂരിലും മദ്രാസിലും ജോലിക്കു ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. ഇതോടെ മടങ്ങിയെത്തിയത് കോണ്‍ഗ്രസ് ഗുണ്ടകളുടെ കൈകളിലേക്കായിരുന്നു. കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടിയിലായ ശേഷം ജന്മിമാരുടെ ക്യാമ്പില്‍ രണ്ടു ദിവസം തുടര്‍ച്ചയായ മര്‍ദ്ദനം.മരിച്ചെന്ന് കരുതി മൂന്നാം ദിവസം പൊതുസ്ഥലത്ത് ഉപേക്ഷിച്ചു. ബന്ധുക്കള്‍ കണ്ടെത്തി നാടന്‍ ചികിത്സ നല്‍കിയെങ്കിലും ബോധം തെളിഞ്ഞത് രണ്ടാഴ്ച കഴിഞ്ഞ്.മാസങ്ങള്‍ക്ക് ശേഷം നടക്കാമെന്നായപ്പോള്‍ വീണ്ടും പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമായി. മുഴുവന്‍ സമയപ്രവര്‍ത്തകനായതോടെ കുടുംബതൊഴിലായ മരക്കച്ചവടം ഉപേക്ഷിച്ചു. വീണ്ടും വേട്ടയാടപ്പെട്ടതോടെ പാര്‍ടി നിയന്ത്രണത്തിലുള്ള കേരള തൊഴിലാളി സേവാസഘം മുഖേന ബോംബെയില്‍ സില്‍ക്ക് മില്ലില്‍ ജോലി നേടുകയും മൂന്ന് വര്‍ഷം അവിടെ യൂണിയന്‍ പ്രവര്‍ത്തനം നടത്തുകയും ചെയ്തു.
54-ല്‍ ആറോണ്‍ മില്‍ സമരത്തോടനുബന്ധിച്ച് പട്ടിണി ജാഥ നടത്താന്‍ പാര്‍ടി തീരുമാനിച്ചു. അന്ന് വയനാട് ജില്ലയുടെ ലീഡറായി പ്രവര്‍ത്തിച്ചതോടെയാണ് വയനാട് പ്രവര്‍ത്തന മേഖലയായി പി കുഞ്ഞിക്കണ്ണന്‍ തെരഞ്ഞെടുക്കുന്നത്.
തോട്ടംമേഖലയുടെ സമരകരുത്ത്
കല്‍പ്പറ്റ: അജാനുബാഹു, കക്ഷത്തില്‍ ഒരു ബാഗ്, ഇടതുകയ്യില്‍ ഒരു ശീലകുട, സദാപുകവലിയും. അറുപതുകളില്‍ തോട്ടംമേഖലകളില്‍ നിറഞ്ഞുനിന്ന പി കുഞ്ഞിക്കണ്ണന്റെ രൂപം ഇങ്ങനെയായിരുന്നു. ഈ കാലം മുതലാണ് പി കുഞ്ഞിക്കണ്ണന്‍ എന്ന യൂണിയന്‍ നേതാവ് വയനാട്ടിലെ തോട്ടംമേഖലക്ക് അവിഭാജ്യഘടകമായ "സഖാവാ"കുന്നത്. തുടര്‍ന്നിങ്ങോട്ടുള്ള സഖാവിന്റെ ജീവിതം തോട്ടംമേഖലയുടെ ചരിത്രം തന്നെയാണ്. കുഞ്ഞിക്കണ്ണന് ആദ്യം പൊഴുതന കേന്ദ്രീകരിച്ചാണ് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ ചുമതല നല്‍കിയത്. പി ശങ്കര്‍ പ്രസിഡന്റും ടി എച്ച് കെ വാര്യറും ജനറല്‍ സെക്രട്ടറി വി എന്‍ ശിവരാമനുമായിരുന്നു. പി കുഞ്ഞിക്കണ്ണന്‍ ജോ. സെക്രട്ടറിയാണ്. പിന്നീട് വൈത്തിരി, തരിയോട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെയും ചുമതലയായി. മേപ്പാടിയാണ് അന്ന് യൂണിയന്‍ ഓഫീസ്. പൊഴുതനയില്‍ നിന്നും ആനോത്ത് വഴി ചുണ്ടേല്‍ എത്തിയാലും യൂണിയന്‍ കേന്ദ്രമായ മേപ്പാടിയില്‍ എത്താന്‍ ഏറെ ദൂരമുണ്ട്. യോഗങ്ങള്‍ക്കും മറ്റും മേപ്പാടിയില്‍ എത്തുന്നതും പുലരുംവരെ നടക്കുന്ന യോഗങ്ങള്‍ക്കൊടുവില്‍ മടങ്ങുന്നതും കാല്‍നടയായിതന്നെ.
ഏത് വിഷയമായാലും ശരി അതിന്റെ എല്ലാവശവും കാര്യകാരണ സഹിതം പരിശോധിച്ച് മാത്രമാണ് കുഞ്ഞിക്കണ്ണന്‍ തീരുമാനത്തിലെത്തുക. ഈയൊരു ശീലം അവസാനം വരെ മുറുകെ പിടിക്കാന്‍ സഖാവിനായി. കുടുംബപരമായ ആവശ്യങ്ങള്‍ക്കായി കണ്ണപുരത്തേക്ക് പി കുഞ്ഞിക്കണ്ണന്‍ മടങ്ങിയെങ്കിലും പാര്‍ടി വയനാട്ടിലെ തോട്ടംമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ വീണ്ടും നിര്‍ദേശിക്കുകയായിരുന്നു. ചൈനീസ് അതിര്‍ത്തിതര്‍ക്കവുംമറ്റും മൂലമുണ്ടായ പ്രശ്നങ്ങളില്‍ സംഘടനാപ്രവര്‍ത്തനം നിശ്ചലമായ അവസ്ഥയിലാണ് 1963ല്‍ വീണ്ടുംചുരം കയറുന്നത്. മൂവായിരത്തിലധികമുള്ള യൂണിയന്‍ മെമ്പര്‍ഷിപ് 312 ആയി കുറഞ്ഞിരുന്നു. തുടര്‍ന്നാണ് കുഞ്ഞിക്കണ്ണന്‍ ജന. സെക്രട്ടറിയും വി എന്‍ ശിവരാമന്‍ പ്രസിഡന്റുമായി യൂണിയന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പി എ മുഹമ്മദായിരുന്നു അന്ന് യൂണിയന്‍ സെക്രട്ടറി.
വയനാട്ടില്‍ തോട്ടം രംഗത്ത് നടന്ന വേങ്ങാക്കോട്ട സമരം, എടത്തില്‍തോട്ടത്തിലെ സമരം, അരിമുള സമരം, കോട്ടനാട് സമരം തുടങ്ങിയവ വിജയിപ്പിക്കുന്നതില്‍ പി കുഞ്ഞിക്കണ്ണന്റെ പങ്ക് വലുതാണ്. 1968ലെ സംയുക്തസമരവും കാപ്പിതോട്ടം തൊഴിലാളി സമരവും തുടങ്ങി തുടര്‍ന്നുള്ള എല്ലാ തൊഴിലാളി സമരത്തിന്റെയും മുന്നണിപോരാളി സഖാവ് തന്നെയായിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനരംഗത്ത് സജീവമായിരിക്കെ മിച്ചഭൂമി സമരം, കുടികിടപ്പ് സമരം തുടങ്ങിയ കര്‍ഷക സമരങ്ങള്‍ക്കും സജീവ നേതൃത്വം നല്‍കാന്‍ കുഞ്ഞിക്കണ്ണന്‍ തയ്യാറായിരുന്നു. ഏറ്റവുമൊടുവില്‍ നടന്ന ആദിവാസികളുടെയും ഭൂരഹിതരുടെയും സമരമുഖങ്ങളിലും അവശതയെ അവഗണിച്ച് പി കുഞ്ഞിക്കണ്ണന്‍ നിത്യ സാന്നിദ്ധ്യംതന്നെയായി.
deshabhimani
No comments:
Post a Comment