പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല എന്ത് അപമാനവും അവഹേളനവും സഹിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും പാര്‍ട്ടി പറഞ്ഞാല്‍ രാജിവെയ്ക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ആരെങ്കിലും കൈകാട്ടിയാല്‍ വീഴുന്ന മന്ത്രിസഭയല്ല യുഡിഎഫിന്റെതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത അധ്യയനവര്‍ഷം മുതല്‍ ബി.എഡ് കോഴ്സിന്റെ ദൈര്‍ഘ്യം രണ്ട് വര്‍ഷമാക്കാനും കോഴ്സ് പരിഷ്ക്കരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 2014-15 അധ്യയനവര്‍ഷം മുതല്‍ 4 സെമിസ്റ്ററുകളായാണ് ബി.എഡ് കോഴ്സ് പരിഷ്കരിച്ചിരിക്കുന്നത്. ബി.എഡ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലസ് ടു തലം വരെയുള്ള കുട്ടികളെ പഠിപ്പിക്കാനുള്ള യോഗ്യത ലഭിക്കുന്ന തരത്തില്‍ കേഴ്സില്‍ മാറ്റങ്ങള്‍ വരുത്തും. നിലവില്‍ പത്താംതരം വരെയുള്ള കുട്ടികളെ പഠിപ്പിക്കാനുള്ള യോഗ്യത മാത്രമേ ബി.എഡ് കോഴ്സിലൂടെ ലഭിക്കൂ. സംസ്ഥാനത്തിന് പുറത്ത് ജോലി ലഭിക്കാന്‍ സഹായകമാകുന്ന രീതിയിലാണ് കോഴ്സ് പരിഷ്കരിക്കുന്നത്.
കട്ടപ്പനയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിനിരയായ കൂട്ടിയുടെ ചികില്‍സ ചിലവ് സര്‍ക്കാര്‍ വഹിക്കും. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീര്‍ ആശുപത്രിയിലെത്തി കുട്ടിയുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ, ആരോഗ്യ, കുടുംബക്ഷേമ, ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരടങ്ങുന്ന കമ്മറ്റിയോട് കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനകം കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രിസഭ തീരുമാനിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ നിയമരൂപീകരണമടക്കമുള്ള നടപടികള്‍ കൈക്കൊള്ളും.
ജാഗ്രത സമിതികള്‍, അംഗന്‍വാടികള്‍, ബന്ധപ്പെട്ട സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പാള്‍മാര്‍ തുടങ്ങിയ വ്യക്തികളും സ്ഥാപനങ്ങളും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരവാദികളായിരിക്കും. മനശാസ്ത്ര കൗണ്‍സിലിങ്ങ് ആവശ്യമായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമുള്ള കൗണ്‍സിലിങ്ങ് നടത്താന്‍ സ്കൂള്‍ അധികൃതര്‍ ശ്രദ്ധിക്കണം. ഇതിനുള്ള തുക കേന്ദ്രസര്‍ക്കാരിന്റെ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്കീമില്‍ നിന്ന് ലഭ്യമാക്കും. സംശയകരമായ സാഹചര്യത്തില്‍ ആശുപത്രികളില്‍ ചികില്‍സയ്ക്കെത്തുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം.
രണ്ട് പുതിയ ഓര്‍ഡിനന്‍സുകള്‍ ഉള്‍പ്പെടെ ഒന്‍പത് ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണ്ണറുടെ പരിഗണനയ്ക്ക് അയയ്ക്കും. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 108 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. തിരുവനന്തപുരത്ത് പുതിയ പൊലീസ് സ്റ്റേഷന്‍ അനുവദിച്ചു. മണ്ണാര്‍ക്കാട് പ്രവര്‍ത്തിക്കുന്ന ട്രാഫിക് യൂണിറ്റ് ട്രാഫിക് പൊലീസ് സ്റ്റേഷനായി ഉയര്‍ത്തി. ചടയമംഗലത്ത് വാഹനാപകടത്തില്‍ മരിച്ച അഞ്ച് പേരുടെയും കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും.
സോളാര്‍ തട്ടിപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല. കേസ് കോടതിയുടെ പരിഗണയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ടീം സോളാറില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചിരുന്നതായി അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി. തന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആശ്രയ ട്രസ്റ്റിന് ടീം സോളാര്‍ ഭാരവാഹികളില്‍ നിന്ന് ഒരു രൂപയുടെ പോലും സഹായം ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
deshabhimani
No comments:
Post a Comment