Wednesday, July 17, 2013

വിദേശനിക്ഷേപ പരിധി കൂട്ടിയ തീരുമാനം പിന്‍വലിക്കണം: സിപിഐ എം

വിവിധ മേഖലകളില്‍ പ്രത്യക്ഷ വിദേശ നിക്ഷേപ(എഫ്ഡിഐ) പരിധി ഉയര്‍ത്തിയതിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വിദേശ കുത്തകകള്‍ക്ക് മുന്നില്‍ പണയം വെയ്ക്കുന്ന നടപടിയാണ് യുപിഎ സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള നടപടിയുടെ ഭാഗമെന്ന പേരില്‍ സ്വീകരിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കണം.

ടെലികോം രംഗത്ത് നൂറ് ശതമാനവും വിദേശ നിക്ഷേപം അനുവദിച്ച തീരുമാനത്തെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നു. പ്രതിരോധ രംഗത്തെ വിദേശനിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്നും ഉയര്‍ത്തിയ നടപടി ഗുരുതര പ്രത്യാഘാതമുണ്ടാക്കും. രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും അന്യാധീനപ്പെടാനേ സര്‍ക്കാര്‍ തീരുമാനം ഉപകരിക്കൂ. ചെറുകിട വ്യാപാര മേഖലകളില്‍ വിദേശ നിക്ഷേപകര്‍ക്ക് പ്രവേശിക്കാനുള്ള കടമ്പകള്‍ ലഘൂകരിക്കുക വഴി രാജ്യത്തെ ചെറുകിട വ്യാപാര മേഖല തകര്‍ത്ത സര്‍ക്കാര്‍ വീണ്ടും തെറ്റായ തീരുമാനങ്ങള്‍ സ്വീകരിക്കുകയാണ്.

ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള നിയമനിര്‍മ്മാണം പാര്‍ലമെന്റില്‍ നടത്താനാണ് സര്‍ക്കാര്‍ പദ്ധതി. സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ രംഗത്ത് വരേണ്ടതുണ്ട്. വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment