എഡിബി വായ്പ തരപ്പെടുത്താമെന്നുപറഞ്ഞ് തിരുവനന്തപുരത്തെ വ്യവസായിയില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്നാം പ്രതിയാണ് ഫിറോസ്. ഈ കേസ് ഒത്തുതീര്‍പ്പാക്കി രക്ഷിക്കാനാണ് ഉന്നതതല നീക്കം.
എന്നാല്‍, ഈ കേസില്‍ മാത്രം ഒതുങ്ങുന്നതല്ല, തട്ടിപ്പുസംഘവുമായുള്ള ഫിറോസിന്റെ ബന്ധം. ഈ കേസില്‍ താനും തട്ടിപ്പിനിരയായെന്നാണ് ഫിറോസ് വാദിക്കുന്നത്. ഈ കേസില്‍ സരിത ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങി തമിഴ്നാട്ടിലേക്ക് മുങ്ങിയ സരിതയും ബിജുവും യുഡിഎഫ് അധികാരത്തില്‍ വന്നശേഷമാണ് വീണ്ടും സംസ്ഥാനത്ത് തിരിച്ചെത്തിയത്. തുടര്‍ന്നു നടന്ന തട്ടിപ്പ് പരമ്പരകള്‍ക്കെല്ലാം ഫിറോസിന്റെ ഒത്താശയുണ്ട്. എന്നിട്ടും മറ്റ് കേസുകളില്‍ ബന്ധമില്ലെന്ന് വരുത്താനാണ് തീവ്രശ്രമം. ഫിറോസിനെ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായി ഉന്നതങ്ങളില്‍ നിന്ന് ഇടപെട്ട് ഭാര്യയുടെ ചാനല്‍ അഭിമുഖം വരെ നല്‍കി. ഫിറോസും കബളിപ്പിക്കപ്പെട്ടു എന്ന് വരുത്താനാണ് ഈ അഭിമുഖം നല്‍കിയത്.
പിആര്‍ഡി ഡയറക്ടര്‍ എന്ന പദവി ഉപയോഗിച്ച് തട്ടിപ്പ് സംഘത്തിന് ഫിറോസ് എല്ലാ ഒത്താശകളും ചെയ്തിട്ടുണ്ട്. സരിതയ്ക്കും ബിജുവിനും വിലസാന്‍ പിആര്‍ഡി വാഹനം വിട്ടുനല്‍കി. ജീവനക്കാരെ തട്ടിപ്പുസംഘത്തിന്റെ സഹായികളായി നിയോഗിച്ചു. പിആര്‍ഡി മന്ത്രിയുമായി സരിതയുടെ ബന്ധം ഉറപ്പിക്കുന്നതിനും മുന്‍കൈയെടുത്തു. ഒരു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട പിആര്‍ഡി ഉദ്യോഗസ്ഥനും സെക്രട്ടറിയറ്റില്‍ തന്നെ ഇതേ വകുപ്പിലെ ഒരു ഉന്നതനും ചേര്‍ന്നാണ് ചില മന്ത്രിമാരുടെ ഓഫീസുകളിലേക്ക് സരിതയെ കൊണ്ടുപോയത്. പിആര്‍ഡി പ്രസിദ്ധീകരണമായ ജനപഥത്തിന്റെ പുറംചട്ടയില്‍ ടീം സോളാറിന്റെ എംബ്ലം പ്രസിദ്ധീകരിച്ച് തട്ടിപ്പിന് ഔദ്യോഗികപരിവേഷം നല്‍കി. തട്ടിപ്പ് പരിപാടികള്‍ക്ക് ഉദ്ഘാടകരായി മന്ത്രിമാരെ തരപ്പെടുത്തിക്കൊടുക്കുന്നതിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഇത്തരം കേസുകളില്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്തുകൈമാറ്റം തടയാനും നടപടി വേണം. പൊലീസ് അതിനും തുനിയുന്നില്ല. ആക്ഷേപം ശക്തമായപ്പോഴാണ് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ എട്ടംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. എന്നാല്‍, ഈ സംഘവും നോക്കുകുത്തിയായി.
(ജി രാജേഷ്കുമാര്‍)
മുഖ്യമന്ത്രിയുടെ തനിനിറം ഉടന്‍ പുറത്താകും: കുരുവിള
പുതുക്കാട്. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ജനങ്ങളെ ഉടന്‍ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രിയുടെ തനിനിറം വൈകാതെ പുറത്താവുമെന്നും കോട്ടയം സ്വദേശിയും ബംഗളൂരുവില്‍ ബിസിനസുകാരനുമായ എം കെ കുരുവിള. റിമാന്‍ഡിലായിരുന്ന കുരുവിള കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ പുതുക്കാട് സിഐ മുമ്പാകെ ഹാജരാകാനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.
പാന്‍ ഏഷ്യ എന്ന സ്ഥാപനത്തിലൂടെ തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് എം കെ കുരുവിള അറസ്റ്റിലായത്. എന്നാല്‍ സോളാര്‍ തട്ടിപ്പിനിരയായ തന്നെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് കുരുവിള വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരാണെന്ന് ജനങ്ങള്‍ കൂടുതല്‍ അറിയാന്‍പോകുകയാണെന്നും കുരുവിള പറഞ്ഞു. മുഖ്യമന്ത്രിയുടെ ബന്ധുവും പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവരും ചേര്‍ന്ന് തന്നില്‍നിന്ന് 1.35 കോടി രൂപയാണ് തട്ടിയെടുത്തത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനുപിന്നാലെ സത്യം പുറത്തു വരാതിരിക്കാനാണ് തന്നെ കള്ളക്കേസില്‍പ്പെടുത്തിയത്. പാന്‍ ഏഷ്യ എന്ന സ്ഥാപനവുമായി തനിക്ക് ബന്ധമില്ല. ഇക്കാര്യം നേരത്തേ അന്വേഷിച്ച പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്. താന്‍ ആരെയും പറ്റിച്ചിട്ടുമില്ല. താന്‍ നിരപരാധിയാണെന്ന് തെളിയിക്കുന്നതും മുഖ്യമന്ത്രിയുടെ അറിവോടെ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വ്യക്തമാക്കുന്നതുമായ രേഖകള്‍ രണ്ടുദിവസത്തിനകം കിട്ടും. ഇക്കാര്യം വാര്‍ത്താസമ്മേളനം വിളിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തും.
ആമ്പല്ലൂര്‍ സ്വദേശി സുനിലില്‍നിന്ന് 52 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയാണ് കുരുവിളക്കെതിരെ പുതുക്കാട് പൊലീസിലുള്ളത്. ഈ പരാതിയിലും പൊലീസ് അന്വേഷണം നല്ല രീതിയിലായിരുന്നില്ലെന്ന് കുരുവിള പറഞ്ഞു. ഇതിനിടെ തന്നെ വഞ്ചിച്ചവരില്‍ ഒരാളെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കിയെന്ന് കഴിഞ്ഞ ദിവസം കുരുവിള പറഞ്ഞിരുന്നു. ഇയാള്‍ കൊടകര പേരാമ്പ്ര സ്വദേശി ഡെല്‍ജിത്ത് ആണെന്നാണ് നാട്ടില്‍ സംസാരം. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര ഡിവിഷനില്‍ ഇയാള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
പാവം പയ്യന്റെ ബിസിനസില്‍ സരിതയുടെ നിക്ഷേപവും
ന്യൂഡല്‍ഹി: സരിത നായര്‍ സോളാര്‍ തട്ടിപ്പിലൂടെ സമ്പാദിച്ച കോടികള്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ പാവം പയ്യന്‍ തോമസ് കുരുവിളയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ നിക്ഷേപിച്ചതായി സൂചന. 200 കോടി രൂപയുടെ റിയല്‍എസ്റ്റേറ്റ് ബിസിനസിനെ കുറിച്ച് സരിതയും കുരുവിളയും ചര്‍ച്ച നടത്തിയെന്ന് സരിതയുടെ ഡ്രൈവര്‍ ശ്രീജിത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യയിലെ റിയല്‍എസ്റ്റേറ്റ് രംഗത്ത് വന്‍നിക്ഷേപം നടത്താമെന്ന വാഗ്ദാനമാണ് കുരുവിള സരിതയ്ക്ക് മുമ്പാകെ വച്ചത്.
നാട്ടിലെ ബിസിനസ് പൊളിഞ്ഞ് ഏതാനും വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ എത്തിയ തോമസ് കുരുവിളയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. റിയല്‍ എസ്റ്റേറ്റ് രംഗത്ത് താന്‍ സജീവമാണെന്ന് "ഇന്ത്യാ ടുഡേ" വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ കുരുവിള വെളിപ്പെടുത്തുകയും ചെയ്തു. ഗുജറാത്തിലും ഡല്‍ഹിക്ക് സമീപം വളര്‍ന്നുവരുന്ന റിയല്‍എസ്റ്റേറ്റ് കേന്ദ്രമായ ഭിവാഡിയിലുമാണ് കുരുവിളയുടെ ബിസിനസുകള്‍. ഉത്തരേന്ത്യയിലെ മറ്റ് വിവിധ നഗരങ്ങളിലെ റിയല്‍എസ്റ്റേറ്റ് സാധ്യതകള്‍ കുരുവിള ആരാഞ്ഞു തുടങ്ങിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹിയിലെ അനൗദ്യോഗിക സെക്രട്ടറിയായി അറിയപ്പെട്ടു തുടങ്ങിയതോടെയാണ് റിയല്‍എസ്റ്റേറ്റ് രംഗത്ത് കുരുവിളയുടെ വളര്‍ച്ച തുടങ്ങിയത്. നിക്ഷേപത്തിനുള്ള പണം പല കേന്ദ്രങ്ങളില്‍ നിന്ന് ഒഴുകുകയായിരുന്നു.
2011 മുതലാണ് സരിതയും ബിജു രാധാകൃഷ്ണനും തട്ടിപ്പുമായി ഡല്‍ഹിയില്‍ സജീവമായത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായതിനാല്‍ ഡല്‍ഹിയില്‍ ഇവര്‍ ആദ്യം വലയത്തിലാക്കിയത് കുരുവിളയെ തന്നെയാണ്. കുരുവിളയുമായി ചേര്‍ന്ന് പല പ്രമുഖരെയും ഇവര്‍ അനായാസം സ്വാധീനിച്ചു. കച്ചവടത്തില്‍ പങ്കാളിയായതോടെ കുരുവിള വഴി നിരവധി ഇരകള്‍ സരിതയിലേക്ക് എത്തി. സരിതയും ബിജു രാധാകൃഷ്ണനുമായി അടുത്ത ബന്ധം പുറത്തുവന്നിട്ടും കുരുവിളയെ ചാദ്യംചെയ്യാന്‍ പോലും അന്വേഷണസംഘം തയ്യാറായിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ സംരക്ഷണം ഇപ്പോഴും തുടരുന്നതാണ് കാരണം. അനൗദ്യോഗിക സെക്രട്ടറി മാത്രമായ കുരുവിളയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഇത്രയേറെ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതും ദുരൂഹമാണ്.
നിരപരാധി അകത്തും താപ്പാനകള്‍ പുറത്തും: ടെന്നി ജോപ്പന്റെ അച്ഛന്‍
കൊല്ലം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മകനെ ബലിയാടാക്കിയെന്ന് സോളാര്‍ കേസില്‍ അറസ്റ്റിലായ ടെന്നി ജോപ്പന്റെ അച്ഛന്‍ എം ജി ജോപ്പന്‍. ഇപ്പോഴത്തെ അന്വേഷണത്തില്‍ നിരപരാധി അകത്തും താപ്പാനകള്‍ പുറത്തുമായെന്നും അദ്ദേഹം ചാനലുകളോട് പ്രതികരിച്ചു. മകന്‍ കുറ്റക്കാരനല്ല. കേസില്‍ കുടുക്കുകയായിരുന്നു. ടെന്നിയെ ആയുധമാക്കി മറ്റുള്ളവര്‍ മുതലെടുത്തു. ഇപ്പോള്‍ കോണ്‍ഗ്രസും മറ്റെല്ലാവരും അവനെ കൈവിട്ടു. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോന്റെയും സലിംരാജിന്റെയും പങ്ക് അന്വേഷിക്കണം. ടെന്നിക്ക് ഒരു സെന്റ് ഭൂമിപോലും സ്വന്തമായില്ല. വിദേശത്ത് ജോലിചെയ്യുന്ന അനുജനാണ് അവന് വീട് നിര്‍മിച്ചുനല്‍കിയത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടോ എന്നറിയല്ല. എല്ലാവരും കൂടി മകനെ ചതിച്ചെന്നും അവന്റെ കാര്യത്തില്‍ അന്വേഷകസംഘം അനാവശ്യ ഇടപെടല്‍ നടത്തിയെന്നും എം ജി ജോപ്പന്‍ പറഞ്ഞു.
കോട്ടയം: സോളാര്‍ തട്ടിപ്പുകേസിലെ സരിത എസ് നായരെ ഫോണ്‍ വിളിച്ചത് കുറ്റമാണെങ്കില്‍ ഉന്നതരായ പലരും കുടുങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പിഎ ജിക്കുമോന്‍ ജേക്കബിന്റെ ഭീഷണി. മുഖ്യമന്ത്രിയുമായി സരിതക്ക് ബന്ധമില്ല. മറ്റ് പല പ്രമുഖ നേതാക്കളുമായും സരിതക്ക് ബന്ധമുണ്ടെന്നും ജിക്കു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ടെന്നിജോപ്പന്റെ കാര്യത്തില്‍ അന്വേഷണസംഘം പൊലീസിനുള്ള സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണ്. ജോപ്പനെ തെറ്റുകാരനായി കരുതുന്നില്ല. സരിതയെ താന്‍ നാനൂറ് പ്രാവശ്യം വിളിച്ചത് ആരും അന്വേഷിക്കേണ്ട. തന്റെ ഭാര്യയോട് മാത്രം ഇക്കാര്യം ബോധിപ്പിച്ചാല്‍ മതി. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സരിതയെക്കുറിച്ച് ജോപ്പനോടല്ല, മുഖ്യമന്ത്രിക്കായിരുന്നു മുന്നറിയിപ്പ് നല്‍കേണ്ടിയിരുന്നത്. ജോപ്പനെ താന്‍ ചതിച്ചെന്ന ജോപ്പന്റെ അച്ഛന്റെ പ്രതികരണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തെ താന്‍ വിളിച്ചിരുന്നതായും ജിക്കു പ്രതികരിച്ചു.
deshabhimani
No comments:
Post a Comment