Tuesday, July 16, 2013

പാര്‍ലമെന്റ് ആക്രമണവും മുംബൈ ഭീകരാക്രമണവും വ്യാജമെന്ന്

രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണവും മുംബൈ ഭീകരാക്രമണവും വ്യാജമായിരുന്നെന്ന ആരോപണവുമായി മുന്‍ ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥന്‍ രംഗത്ത്. ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍ വി എസ് മണിയാണ് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചേക്കാവുന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഏറ്റുമുട്ടല്‍ കേസില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഒപ്പുവച്ചത് മണിയായിരുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ ഇസ്രത്ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഈ ആരോപണമെന്നതും ശ്രദ്ധേയം.

ഭീകരര്‍ക്കെതിരായ വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് ഈ "ഭീകരാക്രമണങ്ങള്‍" വഴി നടന്നതെന്ന് കേസുകളിലെ പ്രത്യേകാന്വേഷണസംഘാംഗമായിരുന്ന സതീഷ്വര്‍മയാണ് തന്നോട് വെളിപ്പെടുത്തിയതെന്നും മണി പറയുന്നു. 2001ല്‍ പാര്‍ലമെന്റ് ആക്രമണമുണ്ടായത് പോട്ട നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ്. 2006ല്‍ മുംബൈ ഭീകരാക്രമണമുണ്ടായത് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) പ്രാബല്യത്തില്‍ വന്നതിനുപിന്നാലെയുമായിരുന്നുവെന്നതും ശ്രദ്ധേയമാണെന്ന് വര്‍മ തന്നോട് സൂചിപ്പിച്ചിരുന്നതായി മണി പറഞ്ഞു. പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട ആഭ്യന്തരവകുപ്പിന്റെ സത്യവാങ്മൂലത്തെക്കുറിച്ച് തന്നെ ചോദ്യം ചെയ്യുന്നതിനിടയില്‍ ജൂണ്‍ 22നാണ് വര്‍മ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് മണി പറഞ്ഞു. ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സതീഷ് വര്‍മ നിലവില്‍ ഗുജറാത്തിലെ ജൂനഗഡ് പൊലീസ് ട്രെയ്നിങ് കോളേജ് പ്രിന്‍സിപ്പലാണ്. ആര്‍ വി എസ് മണിയുടെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ വര്‍മ വിസമ്മതിച്ചു. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളോടു പ്രതികരിക്കാന്‍ കഴിയില്ലെന്നും കൂടുതല്‍ കാര്യം സിബിഐയോട് ചോദിക്കണമെന്നുമായിരുന്നു വര്‍മയുടെ പ്രതികരണം.

deshabhimani

No comments:

Post a Comment