ഉത്തര കേരളത്തിലെ ചില ക്ഷേത്രങ്ങളിലെ അയിത്തവും ജാതിവിവേചനവും ക്രിമിനല്‍ കുറ്റമാണെന്ന് മനുഷ്യാവകാശ കമീഷന്‍. ഈ ദുരാചാരത്തിനെതിരെ സര്‍ക്കാരും മലബാര്‍ ദേവസ്വം ബോര്‍ഡും ശക്തമായ നിയമനടപടി സ്വീകരിക്കണം. ഇത്തരം ദേവസ്വം സമിതികള്‍ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള കര്‍ശനനടപടികള്‍ അടിയന്തരമായി സ്വീകരിച്ച് അക്കാര്യം അറിയിക്കണമെന്നും തളിപ്പറമ്പ് ടിടികെ ദേവസ്വത്തിനു കീഴിലെ അയിത്താചരണത്തിനെതിരായ സുപ്രധാന ഉത്തരവില്‍ കമീഷന്‍ അംഗം കെ ഇ ഗംഗാധരന്‍ നിര്‍ദേശിച്ചു. ടിടികെ ഗ്രൂപ്പ് ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളും മനുഷ്യാവകാശലംഘനവും സംബന്ധിച്ച് കല്യാശേരി മാങ്ങാട്ടെ പുത്തലത്ത് ഹൗസില്‍ പി ചന്ദ്രന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമീഷന്‍ പ്രശ്നത്തില്‍ ഇടപെട്ടത്.
പുഷ്പാഞ്ജലി പ്രസാദം ബ്രാഹ്മണര്‍ക്ക് കൈയില്‍ കൊടുക്കുമ്പോള്‍ മറ്റു ഭക്തര്‍ക്ക് തറയില്‍ വയ്ക്കുന്നുവെന്നായിരുന്നു പ്രധാന പരാതി. ബ്രാഹ്മണരല്ലാത്തവര്‍ക്ക് തീര്‍ത്ഥം നല്‍കുന്നില്ല. സോപാന പടിയില്‍നിന്ന് തൊഴുതു പ്രാര്‍ഥിക്കാന്‍ ബ്രഹ്മണരെ മാത്രമേ അനുവദിക്കൂ. കളഭാഭിഷേകം നടക്കുമ്പോള്‍ അബ്രാഹ്മണരെ നാലമ്പലത്തിനകത്ത് പ്രവേശിപ്പിക്കുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കമീഷന്റെ നിര്‍ദേശപ്രകാരം മലബാര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങളെല്ലാം ശരിവയ്ക്കുന്നതായി ഉത്തരവില്‍ വ്യക്തമാക്കി. ഈ ക്ഷേത്രങ്ങളില്‍ ജാതിവിവേചനവും ഉച്ചനീചത്വവും നിലനില്‍ക്കുന്നതായി വ്യക്തമായിട്ടുണ്ട്. ഇതേറ്റവും കൂടുതല്‍ നടക്കുന്നത് രാജരാജേശ്വരി ക്ഷേത്രത്തിലാണ്. ഇവിടെ നടക്കുന്ന നടപടികള്‍ ക്ഷേത്രപ്രവേശന ചട്ടങ്ങള്‍ക്ക് എതിരും മറ്റൊരു ക്ഷേത്രത്തിലും കാണാത്തതുമാണ്. ഇത്തരം ദുരാചാരങ്ങള്‍ തുടരുന്നത് ക്രിമിനല്‍ നിയമനടപടിപ്രകാരം കുറ്റകരമാണ്. നിയമംമൂലം നിരോധിച്ച് അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഈ ദുരാചാരത്തിന്റെ കളങ്കിത അവശിഷ്ടങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും സാക്ഷരകേരളത്തില്‍ കാണുന്നുവെന്നത് അതീവഗൗരവത്തോടെയും ആശങ്കയോടെയുമാണ് കമീഷന്‍ കാണുന്നത്. സാമുദായിക സ്പര്‍ധ വളര്‍ത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം. നാടിനെ ദശാബ്ദങ്ങള്‍ പിന്നിലേക്ക് തള്ളിമാറ്റുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടുകൂടാ- ഉത്തരവില്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment