Thursday, July 18, 2013

സത്യം പുറത്തുവരാന്‍ ഉമ്മന്‍ചാണ്ടി പോകണം: കാരാട്ട്

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തു തുടർന്നുകൊണ്ട് സോളാര്‍ കുംഭകോണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്നതിനാലാണ് മുഖ്യമന്ത്രിയുടെ രാജി എല്‍ഡിഎഫ് ആവശ്യപ്പെടുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വന്‍ തട്ടിപ്പാണ് നടന്നിരിക്കുന്നത്. അതിന്റെ എല്ലാവശവും പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രി ഒഴിഞ്ഞേ തീരു എന്ന് കാരാട്ട് പറഞ്ഞു.

ചിന്ത വാരികയുടെ സൂവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള സെമിനാര്‍ വിജെടി ഹാളില്‍ ഉദ്ഘാടനം ചെയ്ത് "നവലിബറലിസം: അഴിമതിയും കേന്ദ്രീകരണവും - ഇടതുപക്ഷ ബദലിനായുള്ള സമരം" എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സംസാരിച്ചു.

നവലിബറല്‍ നയങ്ങള്‍ രാജ്യത്താകെ നടപ്പാക്കിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം പോലും കവര്‍ന്നെടുക്കുകയാണെന്ന് എല്ലാരംഗത്തും സംസ്ഥാനങ്ങള്‍ക്ക് യോജിക്കാത്ത നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്.ഈ നയങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാരുകള്‍ക്ക് ധനകമ്മീഷന്‍ വഴി നല്‍കേണ്ട ആനുകൂല്ല്യങ്ങള്‍ പോലും നിഷേധിക്കുകയാണ്. കാര്‍ഷിക രംഗത്ത് പോലും ഇത് കാണാം.

വന്‍കിട മുതലാളിമാരുടെ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എല്ലാ മേഖലയിലും പ്രതിസന്ധിയിലാക്കുന്നു. വന്‍ കോര്‍പ്പറേറ്റുകളുടെ താല്‍പര്യം മാത്രമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. പ്രകൃതിവാതകത്തിെന്‍റ വില ഇരട്ടിയാക്കിയ അടുത്തകാലത്തെ നടപടി ഇതിന് തെളിവാണ്. റിലയന്‍സ് കമ്പനിക്ക് വമ്പന്‍ ലാഭം നേടിക്കൊടുക്കാനാണ് ഈ തീരുമാനം. യുപിഎ സര്‍ക്കാരിന്റെ ഈ നയങ്ങള്‍ക്കെതിരായ ബദല്‍ ഉയര്‍ത്തികൊണ്ടുവരാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

ഈ ബദലാകാന്‍ ബിജെപിക്ക് കഴിയില്ല. അവര്‍ക്ക് വ്യത്യസ്തമായ സാമ്പത്തിക നയമില്ല. പ്രകൃതിവാതക വില ഇരട്ടിയാക്കിയതിനെതിരെ ബി ജെ പി മിണ്ടിയിട്ടില്ല. ബിജെപി ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്ന നേതാവായ നരേന്ദ്ര മോഡി വന്‍കിട വ്യവസായികളുടെ മാനസപുത്രനാണ്. ജനകീയ സമരങ്ങളിലൂടെ ഉയര്‍ന്നുവരുന്ന ബദല്‍ നയങ്ങളില്‍ അധിഷ്ഠിതമായ ഒരു മുന്നണിയാണ് വേണ്ടത്. അതിനാണ് സിപിഐ എം ശ്രമിക്കുന്നതെന്ന് കാരാട്ട് പറഞ്ഞു.

deshabhimani

No comments:

Post a Comment