Saturday, July 13, 2013

സോളാര്‍ തട്ടിപ്പ്: ചോദ്യംചെയ്യല്‍ വിലക്കി

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യാനോ മൊഴി രേഖപ്പെടുത്താനോ പാടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കര്‍ശന നിര്‍ദേശം. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ്, മുന്‍ അഡീഷണല്‍ പിഎ ജിക്കുമോന്‍ ജേക്കബ് എന്നിവരെ പ്രതിയാക്കുന്നതും വിലക്കി. കേന്ദ്രമന്ത്രിമാരും എംഎല്‍എമാരും സരിതാനായരുമായി നടത്തിയ ഫോണ്‍വിളികളും അന്വേഷിക്കില്ല. അന്വേഷണം നിര്‍ണായകഘട്ടത്തിലേക്ക് കടന്നപ്പോഴാണ് പ്രത്യേക സംഘത്തിന് മൂക്കുകയര്‍ വീണത്.

ബിജു രാധാകൃഷ്ണനുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ചും ശുപാര്‍ശക്കത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപത്തിലും വ്യക്തതയുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കല്‍ അനിവാര്യമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. പാമൊലിന്‍ കേസില്‍ വിജിലന്‍സ് മുഖ്യമന്ത്രിയുടെ മൊഴി എടുത്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടാണ് മൊഴിയെടുക്കല്‍ ആഭ്യന്തരവകുപ്പ് വിലക്കിയത്. ഇതിനകം അറസ്റ്റിലായവരില്‍ അന്വേഷണം ഒതുക്കാനാണ് നിര്‍ദേശം.

ഇതിനിടെ ചില ഉന്നത കേന്ദ്രങ്ങള്‍, തട്ടിപ്പിനിരയായവരെ സമീപിച്ച് കേസില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം തുടങ്ങി. പൊലീസ് കസ്റ്റഡിയിലിരിക്കെ സരിത തട്ടിപ്പിനിരയായ നിരവധി പേരുമായി ഫോണില്‍ ബന്ധപ്പെട്ട വിവരവും പുറത്തായി. കൊച്ചിയില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ജയില്‍മോചിതയായാല്‍ ഉടന്‍ പണം നല്‍കാമെന്നുമാണ് സരിതയുടെ വാഗ്ദാനം. ചിലരെ ജയിലില്‍ വിളിച്ചുവരുത്തിയും ഉറപ്പുകള്‍ നല്‍കി. പണമിടപാട് കേസാണെന്ന് വരുത്തി ജാമ്യം നേടാനുള്ള തന്ത്രമാണ് ഇതിന് പിന്നിലെന്നാണ് പ്രത്യേക സംഘത്തിന്റെ നിഗമനം.

സരിതാനായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ പ്രതികളായി 31 കേസും ജോപ്പന്‍, നടി ശാലുമേനോന്‍ എന്നിവര്‍ക്കെതിരെ ഓരോ കേസുമാണ് നിലവിലുള്ളത്. തട്ടിപ്പിനിരയായ ശ്രീധരന്‍ നായരുടെ മൊഴി പ്രകാരമാണ് ജോപ്പനെതിരെ കേസ്. ശാലുവിനെതിരെ റാസിഖ് അലിയാണ് മൊഴി നല്‍കിയത്. സലിംരാജ്, ജിക്കുമോന്‍ എന്നിവരെ എഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തിരുന്നു. സരിതയുമായി ഇരുവരും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവ് കിട്ടിയെങ്കിലും തട്ടിപ്പില്‍ ഇരുവര്‍ക്കും പങ്കില്ലെന്ന് വരുത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ശ്രീധരന്‍നായര്‍ എതിരായി മൊഴി നല്‍കിയതിനാല്‍ മാത്രമാണ് ജോപ്പനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വിശദീകരിക്കുന്നു.
(കെ ശ്രീകണ്ഠന്‍)

സരിതയുടെ ഡയറിയില്‍ ഇരകള്‍ നൂറിലേറെ

സരിത നായരുടെ തട്ടിപ്പിന് ഇരയായവരുടെ രഹസ്യപട്ടിക ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. നൂറില്‍പ്പരംപേരുടെ വിവരമാണ് സരിത സൂക്ഷിച്ച പട്ടികയിലുള്ളത്. പതിനായിരം രൂപമുതല്‍ 50 ലക്ഷംവരെ നല്‍കിയവരുടെ പേരുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പത്തുകോടിയിലേറെ വരുന്ന തുകയുടെ ലിസ്റ്റാണ് ഇപ്പോള്‍ പുറത്തുവന്നത്. തട്ടിപ്പ് പത്തുകോടിയുടേതാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വെളിപ്പെടുത്തിയിരുന്നു. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും കൈപ്പടയിലാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇവരില്‍ പലരും ബിനാമി പേരിലാണ് പണം നല്‍കിയത്.

യഥാര്‍ഥ തട്ടിപ്പിന്റെ വ്യാപ്തി പുറത്തറിഞ്ഞതിനേക്കാള്‍ എത്രയോ വലുതാണെന്നാണ് സൂചന. ഇതിനിടെ, സരിതയുടെ തട്ടിപ്പിനിരയായ 54 പേരുടെ പട്ടിക തന്റെ പക്കലുണ്ടെന്ന അവകാശവാദവുമായി യുഡിഎഫ് ചീഫ് വിപ്പ് പി സി ജോര്‍ജ് രംഗത്തുവന്നു. ഒരുകോടി രൂപവരെ നല്‍കിയവരെ തനിക്ക് അറിയാമെന്നാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. തട്ടിപ്പിനിരയായ ചിലരും അഭിഭാഷകരും സരിതയെ ജയിലില്‍ സന്ദര്‍ശിച്ചതായും പ്രത്യേക അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

അതേസമയം, പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞപ്പോള്‍ സരിത നായര്‍ തട്ടിപ്പിന് ഇരയായവരുമായി സംസാരിച്ചെന്നത് സംബന്ധിച്ച് അന്വേഷണസംഘം വിശദീകരണം തേടി. പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലായിരിക്കെ സംസാരിച്ചെന്നാണ് വെളിപ്പെടുത്തല്‍. ജൂണ്‍ മൂന്നിനാണ് പെരുമ്പാവൂര്‍ പൊലീസ് സരിതയെ അറസ്റ്റുചെയ്തത്. 14നാണ് പ്രത്യേകസംഘം രൂപീകരിച്ചത്. മൂന്നിനും 14നും ഇടയില്‍ ബന്ധപ്പെട്ടവരുടെ വിവരമാണ് പ്രത്യേകസംഘം ശേഖരിക്കുന്നത്. തങ്ങളുടെ കസ്റ്റഡിയിലിരിക്കെ ഫോണില്‍ ആരുമായും സംസാരിച്ചില്ലെന്നാണ് പെരുമ്പാവൂര്‍ പൊലീസിന്റെ വിശദീകരണം.

deshabhimani

No comments:

Post a Comment