ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതിയായിരുന്ന സ്വാമി സത്യാനന്ദസരസ്വതിയുടെ സമാധിക്കു തൊട്ടുപിന്നാലെ കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളിലുമായി 15,000 കോടിയിലേറെ വിലവരുന്ന ആശ്രമസ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ വ്യാജ രേഖ ചമച്ച സംഘത്തിലും സോളാര്‍ പാനല്‍ തട്ടിപ്പുകേസിലെ പ്രതിയായ മുന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എ ഫിറോസ് പങ്കാളിയായിരുന്നുവെന്ന തെളിവുകളും പുറത്ത്.
ഒരു പരേതന്റെ കള്ള ഒപ്പിട്ട സാക്ഷ്യപത്രത്തോടെ ശ്രീരാമദാസമിഷന്റെ പേരില്‍ വ്യാജഭരണഘടന തയാറാക്കുകയും ചെയ്തു. സ്വാമി സത്യാനന്ദസരസ്വതിയുടെ സമാധിക്കുശേഷം ആശ്രമത്തില്‍ നടന്ന ഒരനാശാസ്യ സംഭവത്തെത്തുടര്‍ന്ന് കയ്യോടെ പിടികൂടപ്പെട്ട് ബംഗളൂരുവിലേക്ക് മുങ്ങിയ സായി സമ്പത്ത് എന്ന വ്യാജ ബ്രഹ്മചാരിചമച്ച വ്യാജരേഖ സാക്ഷ്യപ്പെടുത്തിയത് ഫിറോസായിരുന്നു. ആശ്രമത്തിലെ അനാശാസ്യത്തിന് സായി സമ്പത്തിനും മിഷന്റെ ട്രഷററായിരുന്ന ശങ്കരപാദാനന്ദ സരസ്വതിയെന്ന സുധര്‍മന്‍ നായര്‍ക്കുമെതിരെ കഴക്കൂട്ടം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലും പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലും രണ്ട് കേസുകള്‍ നിലവിലുണ്ട്.
2006 നവംബര്‍ 26 തീയതിവെച്ചുള്ള ഈ വ്യാജരേഖ സാക്ഷ്യപ്പെടുത്തിയപ്പോള്‍ ഫിറോസ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറായിരുന്നു. തന്റെ ഔദ്യോഗിക മുദ്രയ്ക്കുപുറമേ വ്യാജരേഖയ്ക്കു കൂടുതല്‍ വിശ്വാസ്യത കൈവരാന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മാത്രം ഉപയോഗിക്കുന്ന സര്‍ക്കാര്‍ മുദ്രകൂടി പതിച്ചിട്ടുണ്ട്. ഒരു രേഖ സാക്ഷ്യപ്പെടുത്തുമ്പോള്‍ തീയതി കൂടി രേഖപ്പെടുത്തണമെന്ന നിയമവും ഫിറോസ് ഈ ഗൂഢാലോചനയ്ക്കിടയില്‍ ബോധപൂര്‍വം ലംഘിച്ചത് പിന്നീട് പലപ്പോഴായി ആവശ്യമുളള തീയതിവെച്ച് കോടതികള്‍ക്കു മുമ്പാകെ സമര്‍പ്പിക്കാന്‍ പാകത്തിലായിരുന്നു.
ഫിറോസും സായി സമ്പത്തും സ്വാമി സത്യാനന്ദ സരസ്വതിയുടെ അരിവയ്പുകാരനായിരുന്ന ഇപ്പോഴത്തെ സ്വയം അവരോധിത മഠാധിപതി കൃഷ്ണന്‍ നമ്പൂതിരി എന്ന ബ്രഹ്മപാദാനന്ദ സരസ്വതിയും ചേര്‍ന്നാണ് ഈ വ്യാജരേഖ ചമച്ചതെന്ന് സോളാര്‍ തട്ടിപ്പ് അന്വേഷണ സംഘത്തിനു സൂചന ലഭിച്ചതായി അറിയുന്നു. ഫിറോസിന്റെ തട്ടിപ്പുകളുടെ ചരിത്രം ചികയുന്ന പ്രത്യേക അന്വേഷണ സംഘത്തിനു കിട്ടിയ വിവരമനുസരിച്ച് അയാളുടെ തട്ടിപ്പുകള്‍ക്കും വ്യാജരേഖ ചമയ്ക്കലിനും ക്രിമിനല്‍ ഗൂഢാലോചനകള്‍ക്കും ഒരു പതിറ്റാണ്ടോളം പ്രായമുണ്ടത്രേ.
സ്വാമി സത്യാനന്ദസരസ്വതിയുടെ സമാധിക്കു തൊട്ടുമുമ്പ് 2006 ഒക്‌ടോബര്‍ 19ന് മിഷന്റെ ഭരണഘടന നോട്ടറി പബ്ലിക് കൂടിയായ ആറ്റിങ്ങല്‍ മധുസൂദനന്‍ പിള്ള സാക്ഷ്യപ്പെടുത്തി രജിസ്‌ട്രേഷന്‍ പുതുക്കിയിരുന്നു. സ്വാമിയടക്കം 11 അംഗങ്ങളാണ് മിഷന്റെ ഭരണസമിതിയിലുള്ളത്. ഇപ്പോള്‍ കൊല്ലത്തുനിന്നുള്ള ലോകസഭാംഗമായ എന്‍ പീതാംബരകുറുപ്പ്, ഇടയിലവീട്, നാവായിക്കുളം, ഡോ. എം ശശിധരന്‍ നായര്‍, എം എസ് ബുക്ക് ഡിപ്പോ, കൊല്ലം, ദാമോദരന്‍ പിള്ള, രാജീവ്ഗിരി, അയിരൂപ്പാറ, ചേങ്കോട്ടുകോണം എന്നിവര്‍ മാത്രമേ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളു.
ഒരാള്‍ ജീവിച്ചിരുന്നാല്‍പോലും അദ്ദേഹമായിരിക്കും മിഷന്റെ ഭരണാധികാരിയെന്ന വ്യവസ്ഥ ഭരണഘടനയിലുള്ളതിനാലാണ് പീതാംബരകുറുപ്പ് എം പിയടക്കമുള്ളവരെ ഒഴിവാക്കി 15,000 കോടിയില്‍പരം വിലവരുന്ന ആശ്രമസ്വത്തുക്കള്‍ കയ്യടക്കാന്‍ ഫിറോസും സായിസമ്പത്തും കൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് പരേതനായ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സെക്രട്ടറി കെ വിജയകുമാരന്‍ പിള്ളയുടെ കള്ള ഒപ്പിട്ട് വ്യാജസീല്‍ പതിച്ച് ഭരണഘടന ഭേദഗതി ചെയ്ത വ്യാജരേഖ ചമച്ചത്. ഈ കള്ള ഒപ്പിനുതാഴെയും തീയതിയില്ല. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക സീലുമില്ല. വ്യാജ മിനിറ്റ്‌സിലെ മിക്ക ഒപ്പുകളും ഇട്ടിരിക്കുന്നത് സായിസമ്പത്താണ്.
ഈ വ്യാജരേഖകള്‍ക്കും ആശ്രമം നിയമവിരുദ്ധമായി കയ്യടക്കിവച്ചിരിക്കുന്നവര്‍ക്കുമെതിരെ നിരവധി കേസുകള്‍ സംസ്ഥാനത്തെ കോടതികളില്‍ നിലവിലുണ്ട്. ശ്രീരാമദാസ ആശ്രമം സ്ഥാപകന്‍ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ വില്‍പത്രവും ഇതിനിടെ പുറത്തുവന്നു. ആശ്രമസ്വത്തുക്കള്‍ മുഴുവന്‍ ഗുരുപാദര്‍ സ്ഥാപിച്ച ശ്രീരാമദാസ സമിതിക്കാണെന്ന് രജിസ്റ്റര്‍ ചെയ്ത ഈ വില്‍പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് തിരുവനന്തപുരം കോടതിയില്‍ നടക്കുന്ന കേസില്‍ വ്യാജരേഖ ചമച്ചവര്‍ക്കെതിരെ സ്വാമി സത്യാനന്ദസരസ്വതിയുടെ അനുജന്‍ എം കെ രഘുറാമും കക്ഷി ചേര്‍ന്നിട്ടുണ്ട്. രഘുറാമും സമിതി ഭാരവാഹികളും ഫിറോസിന്റെയും കൂട്ടാളികളുടേയും ഈ തട്ടിപ്പും വ്യാജരേഖചമയ്ക്കലും ക്രിമിനല്‍ ഗൂഢാലോചനയും സോളാര്‍ പാനല്‍ തട്ടിപ്പ് അന്വേഷണസംഘത്തെ ധരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
(കെ രംഗനാഥ്)
janayugom
No comments:
Post a Comment