Wednesday, July 17, 2013

13 മേഖലകളില്‍ വിദേശ നിക്ഷേപപരിധി കൂട്ടി

സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറാനുള്ള നടപടി എന്ന പേരില്‍ പ്രതിരോധവും ടെലികോമും ഉള്‍പ്പെടെ 13 മേഖലകളിലെ പ്രത്യക്ഷ വിദേശനിക്ഷേപ(എഫ്ഡിഐ) പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത കേന്ദ്രമന്ത്രിമാരുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം. പ്രതിരോധമന്ത്രി എ കെ ആന്റണി ഉള്‍പ്പെടെ 11 മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ഈ തീരുമാനങ്ങള്‍ ഇനി കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും.

20 മേഖലകളില്‍ എഫ്ഡിഐ പരിധി ഉയര്‍ത്താനുള്ള നിര്‍ദേശമാണ് കേന്ദ്രം നിയോഗിച്ച അരവിന്ദ് മായാറാം കമ്മിറ്റി മുന്നോട്ടുവച്ചത്. ഇതില്‍ 13 മേഖലകളില്‍ നിക്ഷേപപരിധി ഉയര്‍ത്തുകയായിരുന്നു. പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ: ടെലികോം മേഖലയില്‍ നിലവിലുള്ള 74 ശതമാനം എഫ്ഡിഐ പരിധി 100 ശതമാനമാക്കി. ഇതില്‍ 49 ശതമാനം സ്വാഭാവിക (ആട്ടോമാറ്റിക്) മാര്‍ഗത്തിലൂടെയും ശേഷിക്കുന്നത് വിദേശനിക്ഷേപ നയ-പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്ഐപിബി) അനുമതിയോടെയുമാകും. പ്രതിരോധ നിര്‍മാണ മേഖലയില്‍ 26 ശതമാനത്തില്‍നിന്ന് 49 ശതമാനമാക്കി. 26 ശതമാനംവരെ സ്വാഭാവികമാര്‍ഗത്തിലൂടെയും ബാക്കി കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതിയുടെ അംഗീകാരത്തോടെയുമായിരിക്കും. ഇന്‍ഷുറന്‍സ് രംഗത്ത് സ്വാഭാവികമാര്‍ഗത്തിലൂടെ സ്വീകരിക്കാവുന്ന വിദേശനിക്ഷേപ പരിധി 26 ശതമാനത്തില്‍നിന്ന് 49 ശതമാനമാക്കി. ഈ തീരുമാനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം വേണ്ടിവരും. ഊര്‍ജ വിപണി മേഖലയില്‍ അനുവദനീയമായ 46 ശതമാനം എഫ്ഡിഐയും സ്വാഭാവികമാര്‍ഗത്തിലേക്ക് മാറ്റി. എഫ്ഐപിബിയുടെ അനുമതി ഇനിയാവശ്യമില്ല. പെട്രോളിയം- പ്രകൃതിവാതകമേഖലയില്‍ അനുവദനീയമായ 49 ശതമാനം എഫ്ഡിഐയും സ്വാഭാവികമാര്‍ഗത്തിലേക്ക് മാറ്റി. ആസ്തി പുനര്‍നിര്‍മാണ സ്ഥാപനങ്ങളിലെ പരിധി 74 ശതമാനത്തില്‍നിന്ന് നൂറ് ശതമാനമാക്കി. ഇതില്‍ 49 ശതമാനം സ്വാഭാവികമാര്‍ഗത്തിലൂടെയും ശേഷിക്കുന്നത് എഫ്ഐപിബി മാര്‍ഗത്തിലൂടെയുമാകും.

വായ്പാ വിവരദാതാക്കളായ കമ്പനികളുടെ എഫ്ഡിഐ പരിധി 49 ശതമാനത്തില്‍നിന്ന് 74 ശതമാനമാക്കി. ചില്ലറവിപണി മേഖലയിലും വ്യോമയാനമേഖലയിലും പരിധി മാറ്റിയിട്ടില്ല. വാതക റിഫൈനറി, ചരക്ക്- ഊര്‍ജ- ഓഹരി വിപണികള്‍ എന്നീ മേഖലകളില്‍ എഫ്ഐപിബി വഴി മാത്രമാകും നിക്ഷേപം. തേയില മേഖലയില്‍ ഇന്ത്യന്‍ പങ്കാളികള്‍ക്ക് ഓഹരി നല്‍കണമെന്ന നിബന്ധന നീക്കി. മാധ്യമരംഗത്ത് എഫ്ഡിഐ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമില്ല. പ്രതിരോധമേഖലയില്‍ പരിധി ഉയര്‍ത്തുന്നതിനെ മന്ത്രി എ കെ ആന്റണി മുമ്പ് എതിര്‍ത്തിരുന്നെങ്കിലും ചൊവ്വാഴ്ചത്തെ യോഗത്തില്‍ എതിര്‍പ്പുകള്‍ മാറ്റിവച്ചു. അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിയുടെയും മറ്റും പശ്ചാത്തലത്തിലായിരുന്നു ആന്റണിയുടെ എതിര്‍പ്പ്. വാണിജ്യമന്ത്രി ആനന്ദ് ശര്‍മയ്ക്ക് എതിര്‍പ്പ് അറിയിച്ച് ആന്റണി കത്തയച്ചിരുന്നു. എന്നാല്‍, ചൊവ്വാഴ്ചത്തെ യോഗത്തില്‍ എഫ്ഡിഐ അനുവദിക്കാമെന്ന നിലപാടിന് ആന്റണിയും വഴങ്ങി. ടെലികോം മേഖലയില്‍ 100 ശതമാനം എഫ്ഡിഐ വരുന്നതില്‍ ഒരു സുരക്ഷാപ്രശ്നവുമില്ലെന്ന് മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. വിദേശ ഉപകരണങ്ങളുടെ കാര്യത്തില്‍ മാത്രമാണ് സുരക്ഷാപ്രശ്നമുള്ളതെന്നും ഇതിന് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment