Tuesday, July 16, 2013

12 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കോടതിയില്‍ വിലങ്ങണിയിച്ച് ഹാജരാക്കി

സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് അറസ്റ്റിലായ 12 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കി. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ച 12 പേരെയാണ് തിങ്കളാഴ്ച വിലങ്ങണിയിച്ച് സിജെഎം കോടതിയില്‍ ഹാജരാക്കിയത്. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കോടതിയില്‍ എത്തിച്ച പൊലീസുകാരോട് കോടതി വിശദീകരണം എഴുതിവാങ്ങി.

ഡിവൈഎഫ്ഐയുടെ സജീവപ്രവര്‍ത്തകരായ പ്രശാന്ത്, സരണ്‍, സജിന്‍, സുജിത്, രതീഷ്, നിഖില്‍കുമാര്‍, രാജേഷ്, ബിജു, രതീഷ്, രാജേഷ്, രതീഷ്കുമാര്‍, രതീഷ് എന്നിവരെയാണ് വിലങ്ങുവച്ച് കൊലക്കേസ് പ്രതികള്‍ക്കൊപ്പം കൊണ്ടുവന്നത്. കോടതിയില്‍ എത്തുമ്പോള്‍ തടവുകാരുടെ വിലങ്ങ് അഴിച്ചുമാറ്റാറുണ്ട്. ഇതിനു വിരുദ്ധമായി മറ്റ് പ്രതികള്‍ക്കൊപ്പം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും വിലങ്ങുവച്ച് കോടതി മുറിക്കടുത്ത് നിര്‍ത്തി. ഇവിടെവച്ച് വിലങ്ങ് അഴിക്കാന്‍ ശ്രമിച്ചപ്പോള്‍ വഴങ്ങാതിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിലങ്ങണിഞ്ഞു തന്നെ പ്രതിക്കൂട്ടില്‍ കയറി. ഇതേക്കുറിച്ച് കോടതി ആരാഞ്ഞപ്പോള്‍ കോടതിമുറിയുടെ മുന്‍വശത്ത് വിലങ്ങുവച്ചാണ് നിര്‍ത്തിയിരുന്നതെന്നും അതില്‍ പ്രതിഷേധിച്ചാണ് പിന്നീട് വിലങ്ങ് അഴിക്കാന്‍ അനുവദിക്കാത്തതെന്നും പ്രവര്‍ത്തകര്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്ന് ഇതുസംബന്ധിച്ച് മജിസ്ട്രേട്ട് എം ബി സ്നേഹലത പൊലീസിനോട് കാരണം ചോദിച്ചു. പൊലീസുകാര്‍ കുറവായതിനാലാണ് വിലങ്ങുവച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. വിശദീകരണം തൃപ്തികരമല്ലെന്നും പ്രവര്‍ത്തകരെ കോടതിയില്‍ കാണ്ടുവന്ന 12 പൊലീസുകാരും വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് വിശദീകരണം നല്‍കി.

സോളാര്‍ കേസില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പൊലീസ് അറസ്റ്റുചെയ്ത മറ്റൊരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കഴിഞ്ഞ 12ന് വിലങ്ങണിയിച്ച് ഇതേ കോടതിയില്‍ ഹാജരാക്കിയിരുന്നു. സോളാര്‍ കേസിലെ പ്രതികള്‍ക്ക് പൊലീസ് വിഐപി പരിഗണന നല്‍കുമ്പോഴാണ് അഴിമതിക്കെതിരെ പ്രതിഷേധിച്ചവരോട് ക്രിമിനല്‍ കുറ്റവാളികളോടെന്ന പോലെ പെരുമാറിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി 17ന് പരിഗണിക്കും. ഒരാഴ്ചമുമ്പ് സെക്രട്ടറിയറ്റിലേക്ക് തള്ളിക്കയറിയ കേസിലാണ് 12പേരും അറസ്റ്റിലായത്. മറ്റു രണ്ട് കേസിലും കൂടി ഇവരെ പ്രതിയാക്കിയിട്ടുണ്ട്.

എറണാകുളത്ത് പത്തിലധികം പരാതി; അന്വേഷണം ഇഴയുന്നു

കൊച്ചി: സോളാര്‍ തട്ടിപ്പില്‍ സരിതയും ബിജുവും അറസ്റ്റിലായി ഒരുമാസമായിട്ടും എറണാകുളം ജില്ലയില്‍ പലയിടങ്ങളിലായി റജിസ്റ്റര്‍ ചെയ്ത പത്തിലധികം പരാതികളില്‍ അന്വേഷണമില്ല. തട്ടിപ്പു സ്ഥാപനത്തിന്റെ ആസ്ഥാനം എറണാകുളത്താണെങ്കിലും പ്രത്യേക അന്വേഷണസംഘം എറണാകുളത്ത് ചേര്‍ന്ന യോഗം മാത്രമാണ് ഇതുവരെയുണ്ടായ "അന്വേഷണ നടപടി". അന്വേഷണ സംഘം ചുമതലയേറ്റ ഉടനെയാണ് യോഗം ചേര്‍ന്നത്. സംഘത്തലവന്‍ എഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു യോഗം. ടീം സോളാറിനെതിരെയുള്ള കേസ് ഫയല്‍ സംഘം തിരുവനന്തപുരത്ത് കൊണ്ടുപോകുകയും ചെയ്തു. എറണാകുളത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുമായി സരിതയ്ക്ക് ബന്ധമുണ്ടെന്നും പൊലീസ് ക്ലബിലും കമീഷണര്‍ ഓഫീസിലും "ടീം സോളാര്‍" ഉല്‍പ്പന്നങ്ങള്‍ സ്ഥാപിച്ചെന്നുമുള്ള വിവരം നേരത്തെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ടീം സോളാറിനെതിരായ പരാതി മുക്കാനും പിന്നീട് മധ്യസ്ഥശ്രമത്തിലൂടെ പരിഹരിക്കാനും പൊലീസ് നിരന്തരം ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരുമായി സരിതയ്ക്ക് ഉണ്ടായിരുന്ന ബന്ധമാണ് ഇതിന് കാരണം. പരാതി നല്‍കിയിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മാസങ്ങളെടുത്തു.

ആദ്യ പരാതിക്കാരന്‍ പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി സജ്ജാദ് 40.5 ലക്ഷം രൂപ തട്ടിയെടുത്തതായി ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത് ഫെബ്രുവരി 27നാണ്. എന്നാല്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത് മാര്‍ച്ച് 25 നും. ഇതിനുശേഷം സരിതയും ബിജു രാധാകൃഷ്ണനും മുങ്ങി. ഇതിന് പൊലീസ് അവസരം ഒരുക്കുകയായിരുന്നു. 1,60,000 രൂപ തട്ടിയെടുത്തതായി എറണാകുളം നെച്ചൂര്‍ ആഷിയാനയില്‍ റിട്ട. സൈനിക എന്‍ജിനിയര്‍ വി പി ജോയിയുടെ ഭാര്യ മേഴ്സി 2012 ഡിസംബര്‍ ഏഴിനുനല്‍കിയ പരാതി മുക്കാനും എറണാകുളം നോര്‍ത്ത് പൊലീസ് ശ്രമിച്ചു. ആറുമാസം കഴിഞ്ഞാണ് കേസ് എടുത്തത്. പരാതി പിന്‍വലിക്കാന്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കും പൊലീസ് തയ്യാറായി. ടീം സോളാറിന്റെ ഫ്രാഞ്ചൈസി ഉടമ നല്‍കിയ പരാതിയിലും അന്വേഷണം നടത്തിയില്ല. ഇയാളുടെ 17 ലക്ഷം രൂപയാണ് തട്ടിയത്. സരിതയെയും ബിജുവിനെയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും അന്വേഷണം നടത്തുമെന്നും പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ പറഞ്ഞു.
(അഞ്ജുനാഥ്)

deshabhimani

No comments:

Post a Comment