Friday, July 19, 2013

''സമര്‍ ദ''എന്ന വിപ്ലവ തേജസ്

പ്രസ്ഥാനത്തിനും തത്വശാസ്ത്രത്തിനുംവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു കമ്യൂണിസ്റ്റ് തലമുറയിലെ സുപ്രധാനകണ്ണിയാണ് സമര്‍ മുഖര്‍ജിയുയടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. അറിയുന്നവര്‍ക്കെല്ലാം അദ്ദേഹം പ്രിയപ്പെട്ട ''സമര്‍ ദ''ആയിരുന്നു. സഖാക്കളൊക്കെ അങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നതും. ത്യാഗപൂര്‍ണ്ണമായ ആ ജീവിതമാണ് അദ്ദേഹത്തെ ''സമര്‍ ദ'' ആക്കിയതും.

പതിനേഴാം വയസില്‍ തുടങ്ങിയതാണ് ആ പീഡനാനുഭവങ്ങള്‍. 1930ഒക്ടോബര്‍. ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തില്‍ ക്ലാസ് ബഹിഷ്‌കരിച്ച് പങ്കെടുത്തതിന് സമരേന്ദ്രലാല്‍ എന്ന ആ സ്‌കൂള്‍ വിദ്യാര്‍ഥിയെ ബ്രിട്ടീഷ് പൊലീസ് പിടികൂടി കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലില്‍ അടച്ചു. ഒരു വര്‍ഷത്തെ തടവ്. ജയിലനുഭവങ്ങള്‍ സമരേന്ദ്രലാലിലെ വിപ്ലവകാരിയെ പാകപ്പെടുത്തി.

മുപ്പതുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അലയടിച്ച ചുവന്നകാറ്റില്‍ ബംഗാളും ഉലഞ്ഞു. സമര്‍ മുഖര്‍ജിയുടെ ചിന്തയ്ക്കും കാറ്റുപിടിച്ചു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി തോന്നി തുടങ്ങിയ കാലമായിരുന്നു അത്. സ്വാഭാവികമായും ശ്രദ്ധ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലേക്ക് മാറി. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും പതുക്കെ ചുവടുവച്ചു. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്ന ബിനയ്‌റോയിയുമായുള്ള അടുപ്പമാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി അദ്ദേഹത്തെ അടുപ്പിച്ചത്. 1936 മുതല്‍ ഹൗറയിലെ ചണമില്‍ തൊഴിലാളികളെയും ചണം കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിലായി ശ്രദ്ധ. 1938ല്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഹൗറ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം വളര്‍ന്നു. 1940ല്‍ പാര്‍ടി അംഗത്വം നേടി.

ചണമില്‍ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റുചെയ്ത് 14 മാസം ജയിലിലിട്ടു. 1946ല്‍ കൊല്‍ക്കത്ത നഗരത്തില്‍ നടന്ന ആസൂത്രിതമായ ഹിന്ദുമുസ്ലിം വര്‍ഗീയലഹളയില്‍ നിന്ന് സാധാരണ മനുഷ്യരെ രക്ഷിക്കാന്‍ സമര്‍ മുഖര്‍ജി നടത്തിയ ധീരോദാത്തമായ പ്രവര്‍ത്തനം ബംഗാളിന്റെ ചരിത്രത്തിന്റെ ഭാഗം. ലഹള ശമിപ്പിക്കാന്‍ ശ്രമിച്ചതിന് ഇരുപക്ഷത്തെയും വര്‍ഗീയവാദികളുടെ ആക്രമണത്തിന് ഇരയായി. 1947ല്‍ രാജ്യം വിഭജിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ ബംഗാളില്‍ നിന്നെത്തിയ അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനം സംഘടിപ്പിച്ചു.

ബ്രിട്ടീഷ് കമ്പനി ജീവനക്കാരനായ സചിന്ദ്രലാല്‍ മുഖര്‍ജിയുടെയും ഗൊലാബ് സുന്ദരിദേവിയുടെയും മകനായി 1913 നവംബര്‍ ഏഴിനു ജനിച്ച സമരേന്ദ്രലാല്‍ എന്ന അവിവാഹിതന്റെ എട്ടരപ്പതിറ്റാണ്ടു നീണ്ട സമരജീവിതം പോരാളികള്‍ക്കൊരു പാഠപുസ്തകമാണ്. 'സമര്‍ മുഖര്‍ജിയുടെ നൂറ് വര്‍ഷങ്ങള്‍' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏറെ പ്രശസ്തമാണ്.

കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ജന്മശതാബ്ദി സി പി എം വിപുലമായി ആഘോഷിച്ചിരുന്നു.

janayugom

No comments:

Post a Comment