സോളാര്‍ തട്ടിപ്പ് കേസില്‍ അഡ്വക്കറ്റ് ജനറല്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ നടത്തിയ പരാമര്‍ശവും കേസിലെ പ്രതി ടെന്നി ജോപ്പന്റെ പിതാവ് ജോപ്പന്റെയും ഉമ്മന്‍ചാണ്ടിയുടെ മുന്‍ പി എ ജിക്കുമോന്റെയും വെളിപ്പെടുത്തലും സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിച്ചു. ജനകീയപ്രതിഷേധത്തില്‍നിന്നും കേസില്‍നിന്നും തടിയൂരാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇതുവരെ പറഞ്ഞതെല്ലാം കള്ളമാണെന്നും എജിയുടെ പരാമര്‍ശവും മറ്റ് രണ്ടുപേരുടെ വെളിപ്പെടുത്തലും തെളിയിക്കുന്നു.
ജോപ്പനെ വിശ്വസിച്ചാണ് തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍നായര്‍ ബിജുവിനും സരിതയ്ക്കും പണം നല്‍കിയതെന്നാണ് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണിതെന്നും എജി പറഞ്ഞു. എന്നാല്‍, ശ്രീധരന്‍നായരും സരിതയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരുന്നതിന് മുമ്പേ ചെക്ക് മാറിയെന്നും അതുകൊണ്ട് ഇടപാടില്‍ ബന്ധമില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിയമമന്ത്രി കെ എം മാണിയും നിയമസഭയ്ക്കകത്തും പുറത്തും പറഞ്ഞത്. പരാതിക്കാരന്‍ തട്ടിപ്പ് സംഘത്തിന് അയച്ച വക്കീല്‍ നോട്ടീസ് തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രതിക്ക് വാദി അയച്ച വക്കീല്‍ നോട്ടീസ് ഭരണാധികാരികള്‍ കച്ചിത്തുരുമ്പാക്കിയെങ്കിലും അവരുടെ കീഴിലുള്ള അഡ്വക്കറ്റ് ജനറലിന് കോടതിയില്‍ സത്യം പറയേണ്ടിവന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊലീസുകാര്‍ സരിതയുടെയും ബിജുവിന്റെയും ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് ജോപ്പന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും എജി ഹൈക്കോടതിയെ ധരിപ്പിച്ചു. ഈ പൊലീസുകാര്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെയും മേലധികാരികളുടെയും ശ്രദ്ധയില്‍പെടുത്തിയോ, എന്തു നടപടിയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ബാക്കിയാണ്.
കേസ് നടക്കുന്നതിനാല്‍ അഭിപ്രായം പറയില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ന്യായം. തട്ടിപ്പുകാരി മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നതും ശ്രദ്ധേയം. മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷമാണ് പണം കൈമാറാന്‍ ധാരണയായതെന്നാണ് പരാതിക്കാരന്‍ ശ്രീധരന്‍നായര്‍ പറഞ്ഞത്. പൊലീസും എജിയും ടെന്നി ജോപ്പന്‍ വരെയെത്തിക്കഴിഞ്ഞു. എന്നാല്‍, ടെന്നി ജോപ്പന്റെ പിതാവ് ജോപ്പന്‍ പറയുന്നത് തന്റെ മകനെ ബലിയാടാക്കിയെന്നാണ്. ഇതിനര്‍ഥം ജോപ്പന് മുകളില്‍ ഉന്നതര്‍ പ്രതികളായുണ്ടെന്നാണ്. ജിക്കുമോന്റെയും സലിംരാജിന്റെയും ഉള്‍പ്പെടെ പങ്ക് അന്വേഷിക്കണമെന്നും ജോപ്പന്‍ ആവശ്യപ്പെട്ടു. ഇതിന് മറുപടി നല്‍കിയ ജിക്കുമോന്‍, ടെന്നി ജോപ്പന് പിന്തുണ നല്‍കുന്നുവെങ്കിലും മറ്റ് ചിലരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ടെന്നി ജോപ്പന്‍ സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവില്ലെന്നാണ് ജിക്കുമോന്‍ പറയുന്നത്. ഇതിനര്‍ഥം സാമ്പത്തിക ഇടപാട് നടത്തിയത് മറ്റുചിലരാണെന്നാണ്. താനും ജോപ്പനും ഫോണ്‍വിളിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും പറയുന്നു.
ടെലിഫോണ്‍ വിളിച്ചത് തെറ്റല്ലെന്നും അങ്ങനെയെങ്കില്‍ പലരും കുടുങ്ങുമെന്നും ജിക്കുമോന്‍ പറഞ്ഞതിന് പിന്നില്‍ ഭീഷണിയുടെ സ്വരമുണ്ട്. തന്നെ അറസ്റ്റ് ചെയ്താല്‍ മറ്റ് പലരും കുടുങ്ങുമെന്നാണ് ഭീഷണി. ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരായ ജിക്കുമോന്റെയും ടെന്നി ജോപ്പന്റെ പിതാവ് ജോപ്പന്റെയും ഈ വെളിപ്പെടുത്തലുകള്‍ അന്വേഷണസംഘത്തിന് തള്ളിക്കളയാനാകില്ല. ജോപ്പന്‍ സാമ്പത്തികലാഭം ഉണ്ടാക്കിയില്ലെങ്കില്‍ ആ പണം എങ്ങോട്ട് പോയി? കുടുങ്ങുമെന്ന് ജിക്കുമോന്‍ പറയുന്ന ആ മറ്റുള്ളവര്‍ ആരാണ്? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയിലേക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനിലേക്കുമാണ് സൂചിമുന നീളുന്നത്. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ പാവം പയ്യന്‍ തോമസ് കുരുവിളയുടെ വെളിപ്പെടുത്തലും ഉമ്മന്‍ചാണ്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. ബിജു രാധാകൃഷ്ണനുമായുള്ള രഹസ്യ കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ മുഖ്യമന്ത്രി പുറത്തുപറയാന്‍ കൂട്ടാക്കാത്തതും നേരത്തെ വിവാദമായതാണ്.
deshabhimani
No comments:
Post a Comment