Sunday, July 14, 2013

പൊലീസ് ഒത്താശയോടെ സരിത മധ്യസ്ഥതയ്ക്ക്

സോളാര്‍ തട്ടിപ്പില്‍ പണം നഷ്ടമായവരുമായി പൊലീസ് ഒത്താശയോടെ സരിതയുടെ മധ്യസ്ഥശ്രമം. അറസ്റ്റിലായശേഷം സരിത പലരുമായും ഫോണില്‍ ബന്ധപ്പെട്ട്, കേസിനുപോയില്ലെങ്കില്‍ പണം തിരിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി. അഭിഭാഷകര്‍ മുഖേന തീര്‍പ്പുണ്ടാക്കാമെന്നും സരിത അറിയിച്ചതായി തട്ടിപ്പിനിരയായവര്‍ വെളിപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണം നഷ്ടപ്പെട്ടവരെ ദൂതന്മാര്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കയാണ്. മുഖ്യമന്ത്രിയെയും ഓഫീസിനെയും ഒഴിവാക്കി ഏതാനും തട്ടിപ്പുകളിലേക്ക് മാത്രം കേസ് ഒതുക്കാനുള്ള തീവ്രശ്രമത്തിനിടെയാണ് പൊലീസ് കാവലിലുള്ള മധ്യസ്ഥനീക്കത്തിന്റെ വിവരം പുറത്തുവന്നത്. പണം നഷ്ടപ്പെട്ടവരില്‍ ചിലര്‍ക്ക് ജയിലല്‍ സരിതയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്താന്‍പോലും അവസരമൊരുക്കി. കസ്റ്റഡിയിലിരിക്കെ സരിതയ്ക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ മൊബൈല്‍ ഫോണ്‍ കൈമാറുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തായിരുന്നു.

ജൂണ്‍ മൂന്നിന് അറസ്റ്റിലായ ശേഷവും സരിത വിളിച്ചതായി തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശി ടി സി മാത്യു വെളിപ്പെടുത്തി. ജൂണ്‍ അഞ്ചിന് ആറു ലക്ഷം രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നായിരുന്നു വാഗ്ദാനം. 1.05 കോടി രൂപ തനിക്ക് നഷ്ടപ്പെട്ടതായി മാത്യു മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. സരിത കസ്റ്റഡിയിലിരിക്കെ വിളിച്ച കാര്യം പിന്നീട് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചെങ്കിലും ഒരു നീക്കവുമുണ്ടായില്ല. മെയ് 25നകം കാറ്റാടി വൈദ്യുതി പദ്ധതിയുടെ ഒന്നാം ഘട്ടം പ്രാവര്‍ത്തികമാക്കാമെന്നും 27ന് ചെന്നൈയില്‍ തമിഴ്നാട് വൈദ്യുതിബോര്‍ഡുമായി വൈദ്യുതിവാങ്ങല്‍ കരാര്‍ ഒപ്പുവയ്ക്കണമെന്നും അറിയിച്ചു. ഇതിനായി സരിതയ്ക്കും തനിക്കും വിമാനടിക്കറ്റ് ബുക്ക് ചെയ്തതായും മാത്യു പരാതിയില്‍ പറഞ്ഞു. എന്നാല്‍, 27ന് യാത്ര റദ്ദാക്കിയെന്ന് സരിത അറിയിച്ചു. 28ന് മുന്‍മന്ത്രി ഗണേശ്കുമാറിനെ കണ്ട് വിവരം ധരിപ്പിച്ചു. ഇതിനുശേഷം സരിത വിളിച്ച് ഒരുമാസത്തിനകം പണം തിരികെ തരാമെന്ന് ഉറപ്പുനല്‍കി. ഒരു ലക്ഷം രൂപ അഡ്വാന്‍സായി അക്കൗണ്ടില്‍ ഇട്ടു. രണ്ടുദിവസം കഴിഞ്ഞാണ് സരിത അറസ്റ്റിലായതെന്നും മാത്യു പരാതിയില്‍ പറഞ്ഞു. അറസ്റ്റ് ചെയ്യാന്‍ തലശേരിയില്‍നിന്ന് പൊലീസുകാര്‍ പുറപ്പെട്ട മെയ് 23നാണ് സരിത മുങ്ങുന്നത്. ജൂണ്‍ മൂന്ന് വരെ ഉന്നതരുടെ തണലില്‍ ഒളിവില്‍ കഴിഞ്ഞു. ഈ ഘട്ടത്തിലാണ് മാത്യുവുമായി സംസാരിക്കുന്നത്. ആഭ്യന്തരമന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ഇതേ ദിവസങ്ങളില്‍ സരിതയുമായി ഫോണില്‍ ബന്ധപ്പെട്ടു.

പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണില്‍നിന്ന് മെയ് 30ന് ഉള്‍പ്പെടെ സരിതയുമായി ബന്ധപ്പെട്ടു. ഒളിവില്‍ പോയതായി പറയുമ്പോഴും ഉന്നതങ്ങളില്‍ സരിത നിരന്തരബന്ധം പുലര്‍ത്തിയെന്ന് മാത്യു അടക്കമുള്ളവരുമായി നടന്ന മധ്യസ്ഥനീക്കങ്ങള്‍ വ്യക്തമാക്കുന്നു. സരിതയുടെ അറസ്റ്റിന് ശേഷം കൂടുതല്‍ പരാതിക്കാര്‍ രംഗത്തുവന്നു. അതേസമയം പേര് പുറത്തുപറയാത്ത നിരവധിയാളുകളുണ്ട്. പരാതി നല്‍കിയവരെയും പേര് പുറത്തുപറയാന്‍ മടിക്കുന്നവരെയും ദൂതന്മാര്‍ സമീപിക്കുകയാണ്. സര്‍ക്കാരിലെ ഉന്നതരാണ് ഇടനിലക്കാര്‍.

മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പാസ്റ്ററില്‍ നിന്നും പണം തട്ടി

റാന്നി: സരിത എസ് നായര്‍ റാന്നിയില്‍ തട്ടിപ്പ് നടത്തിയതും മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ്. റാന്നി ബ്ലോക്കുപടി തെക്കേപ്പുറം പതാലില്‍ പാസ്റ്റര്‍ പി എം തോമസിന്റെ പക്കല്‍നിന്നാണ് മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് സരിത രണ്ടു ലക്ഷം രൂപ തട്ടിയത്. ലക്ഷ്മി നായര്‍ എന്നപേരിലാണ് എത്തിയത്. ടീം സോളാര്‍ കമ്പനിയുടെ വൈസ് പ്രസിഡന്റെന്നും പരിചയപ്പെടുത്തി. സോളാര്‍ കമ്പനിയുടെ ജില്ലയിലെ ഏജന്‍സി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പത്തനംതിട്ട ജില്ലയിലെ കമ്പനിയുടെ മാനേജരായി പാസ്റ്ററെ നിയോഗിക്കാം എന്നും വില്‍ക്കപ്പെടുന്ന സോളാര്‍ പാനലിന്റെ തുകയുടെ 25 ശതമാനം കമ്മീഷനായി നല്‍കാമെന്നും വാഗ്ദാനവും ചെയ്തു. സ്ഥാപനത്തിന് സര്‍ക്കാരിന്റെ അംഗീകാരം ഉണ്ടെന്നും മുഖ്യമന്ത്രിയുമായി നേരിട്ട് പരിചയമുണ്ടെന്നും സരിത വിശ്വസിപ്പിച്ചു. സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിപ്പിക്കാമെന്നും പറഞ്ഞു. എന്ത് ആവശ്യമുണ്ടെങ്കിലും മുഖ്യമന്ത്രിയോടു പറഞ്ഞ് സാധിപ്പിക്കാമെന്നും വിശ്വസിപ്പിച്ചു.

നാല് തവണ സരിത റാന്നിയില്‍ പാസ്റ്ററുടെ വീട്ടില്‍ എത്തി. പാസ്റ്ററെ വിളിച്ച് സരിത റാന്നിയിലെ പ്രധാന കടകളിലും കോളേജിലും പോയിരുന്നു. എന്നാല്‍, പിന്നീട് വിളിക്കുമ്പോള്‍ വിദേശത്താണെന്നും തിരക്കാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി. തട്ടിപ്പു മനസിലാക്കി മാര്‍ച്ച് 22ന് പാസ്റ്റര്‍ റാന്നി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. സരിതയെ അറസ്റ്റ് ചെയ്ത വാര്‍ത്ത പത്രങ്ങളില്‍ വന്നപ്പോഴാണ് ലക്ഷ്മി നായരായി എത്തിയത് സരിതയായിരുന്നുവെന്ന് ബോധ്യമായത്.

ബിജു രാധാകൃഷ്ണന്റെ ഡയറിയിലെ കൂടുതല്‍പേരുകള്‍ പുറത്ത്

കൊച്ചി: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബിജു രാധാകൃഷ്ണന്റെ ഡയറിയിലെ പേരുകളും ഫോണ്‍ നമ്പറുകളുമടക്കം കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. പത്രപരസ്യം കണ്ട് ടീം സോളാറുമായി ബന്ധപ്പെടുക മാത്രമാണ് ഉണ്ടായതെന്നും ഇവര്‍ക്ക് പണമൊന്നും നല്‍കിയിട്ടില്ലെന്നും ഡയറിയില്‍ പേരുള്ള ചിലര്‍ പറഞ്ഞു. ഒരുവര്‍ഷം മുമ്പാണ് പത്രപരസ്യം കണ്ട് ടീം സോളാറുമായി ബന്ധപ്പെട്ടതെന്ന് പത്തനംതിട്ട വെണ്ണിക്കുളം സ്വദേശി ഡോ. ജോര്‍ജ് തോമസ് പറഞ്ഞു. ഇവര്‍ക്ക് പണം നല്‍കിയിട്ടില്ല. പരസ്യം കണ്ടാണ് ബന്ധപ്പെട്ടതെന്നും പണം നല്‍കിയിട്ടില്ലെന്നും തിരുവല്ല സ്വദേശിയായ പ്രസന്നകുമാറും, അഡ്വ. ജോര്‍ജ് തോമസും പറഞ്ഞു.

deshabhimani

No comments:

Post a Comment