Monday, July 15, 2013

കോണ്‍ഗ്രസില്‍ തുറന്ന പോര്

സോളാര്‍ തട്ടിപ്പ് അന്വേഷണത്തെച്ചൊല്ലി കോണ്‍ഗ്രസിലെ ഏറ്റുമുട്ടല്‍ വഴിത്തിരിവിലേക്ക്. അന്വേഷണത്തില്‍ പൊലീസ് വന്‍വീഴ്ച വരുത്തിയതായി കെ മുരളീധരന്‍ തുറന്നടിച്ചു. ജിക്കുമോനെയും സലീംരാജിനെയും അറസ്റ്റുചെയ്യാത്തത് എന്താണെന്ന് ചോദിച്ച മുരളി ചിലരെ രക്ഷിക്കാന്‍ പൊലീസിലെ ചിലര്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി രംഗത്തെത്തി. അന്വേഷണത്തെക്കുറിച്ച് പരാതി ഉയര്‍ന്നതായും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്കായി ഉടന്‍ രംഗത്തെത്തിയ ബെന്നി ബഹനാന്‍ മുരളീധരന്‍ പ്രതിപക്ഷം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ആരെ അറസ്റ്റുചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദേശിക്കേണ്ടെന്ന മുന്നറിയിപ്പും ബഹനാന്‍ നല്‍കി. ഇതിനിടെ, സോളാര്‍ വിവാദം യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചോയെന്ന് വിലയിരുത്താന്‍ താന്‍ ജഡ്ജി അല്ലെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി കൊച്ചിയില്‍ പറഞ്ഞു. മുരളിക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി അയക്കുമെന്ന് എ ഗ്രൂപ്പ് നേതൃത്വം വ്യക്തമാക്കി. കൊച്ചിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയില്‍ ആഭ്യന്തരമന്ത്രിക്കെതിരെ രൂക്ഷപ്രതികരണമുണ്ടായി. തിരുവഞ്ചൂര്‍ രാജിവയ്ക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. സോളാര്‍ കേസില്‍ മറ്റുനേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സ്വയം "മിസ്റ്റര്‍ ക്ലീന്‍" ആകാന്‍ ശ്രമിച്ച തിരുവഞ്ചൂരിന് ആഭ്യന്തരമന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു. ആഭ്യന്തരമന്ത്രിക്കെതിരെ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കാനും തീരുമാനിച്ചു.

തിരുവനന്തപുരത്ത് മാധ്യമങ്ങളുമായി സംസാരിക്കവെയാണ് മുരളീധരന്‍ പൊലീസിന്റെ പോക്കിനെതിരെ ആഞ്ഞടിച്ചത്. ഫോണ്‍ രേഖകള്‍ അടങ്ങിയ സിഡികള്‍ ആഭ്യന്തരവകുപ്പില്‍നിന്ന് കാണാതായത്് ഗുരുതരവീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഗൗരവമായി അന്വേഷിക്കണം. പലരോടും പല നീതിയാണ് ആഭ്യന്തരവകുപ്പിന്. ജോപ്പനെ മാത്രമേ അറസ്റ്റു ചെയ്തിട്ടുള്ളൂ. ജോപ്പന്‍ വിളിച്ചത് 300 കോളാണ്. എന്നാല്‍, 400 കോള്‍ വിളിച്ച ജിക്കുമോനും സലീംരാജും സ്വതന്ത്രരായി നടക്കുന്നു. കുറ്റം ചെയ്തവരില്‍ ഒരാള്‍ ജയിലിലും മറ്റുള്ളര്‍ പുറത്തുമെന്ന രീതി ശരിയല്ല. അന്വേഷണം തടസ്സപ്പെടുത്താന്‍ പൊലീസിലെ ഒരുവിഭാഗം ഇടപെടുന്നുണ്ട്.

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സംസാരിച്ചുകൊണ്ടിരിക്കെ സമീപത്ത് ഗ്രനേഡ് വീണുപൊട്ടിയതിനു പിന്നില്‍ പൊലീസിലെ ചിലരുടെ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും മുരളീധരന്‍ പറഞ്ഞു. പരസ്യപ്രസ്താവന പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുരളിയോട് ആവശ്യപ്പെട്ടതായി പിന്നീട് വാര്‍ത്ത പ്രചരിച്ചു. കഴിഞ്ഞദിവസം ചെന്നിത്തലയുമായി മുരളി സുദീര്‍ഘമായ കൂടിക്കാഴ്ച നടത്തിയിരുന്നു. മുരളീധരന്റെ അഭിപ്രായത്തോട് യോജിക്കുകയാണെന്ന് ജോസഫ് വാഴയ്ക്കന്‍ ചാനലുകളില്‍ പ്രതികരിച്ചു. ആഭ്യന്തരവകുപ്പ് എന്തോ നിഗൂഢത പുലര്‍ത്തുന്നുണ്ടെന്ന് അജയ് തറയിലും അഭിപ്രായപ്പെട്ടു.

മുരളീധരന്‍ തലമറന്ന് എണ്ണ തേയ്ക്കുകയാണെന്നും സോണിയ ഗാന്ധിയെ മദാമ്മ ഗാന്ധിയെന്നും അഹമ്മദ്പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച ആളാണ് മുരളീധരനെന്നും സി പി മുഹമ്മദ് എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളുന്നത് തടയാന്‍ പൊലീസിന് മൂക്കുകയറിട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസിനകത്ത് ഏറ്റുമുട്ടല്‍ രൂക്ഷമായത്. തട്ടിപ്പിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ് അന്വേഷണം മരവിപ്പിച്ചത്.

ആന്റണിയും ഉമ്മന്‍ചാണ്ടിയും കൂടിക്കാഴ്ച നടത്തി; തിരുവഞ്ചൂരിനെയും കണ്ടു

കൊച്ചി: സോളാര്‍ വിവാദം പുകയുന്ന സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തി. പ്രശ്നം കൈകാര്യംചെയ്തതിലുള്ള വീഴ്ചയില്‍ ആന്റണി അതൃപ്തി അറിയിച്ചതായാണ് സൂചന. എ വിഭാഗം മന്ത്രിമാരായ കെ സി ജോസഫ്, കെ ബാബു എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച. എറണാകുളം ഗസ്റ്റ്ഹൗസില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു കൂടിക്കാഴ്ച. രാത്രി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും ആന്റണി ചര്‍ച നടത്തി. ചര്‍ച്ചയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പറയേണ്ടതെല്ലാം ഇന്നലെത്തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാത്തിനും മറുപടി പറയാന്‍ കഴിയില്ല. വിഷയത്തില്‍ മുരളിയുടെ അഭിപ്രായത്തിന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജി അല്ലെന്ന് ആന്റണി

കൊച്ചി: സോളാര്‍ വിവാദം യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചോയെന്ന് വിലയിരുത്താന്‍ താന്‍ ജഡ്ജി അല്ലെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. കേരളത്തില്‍ മന്ത്രിസഭാ പുനഃസംഘടനയോ നേതൃമാറ്റമോ ഉണ്ടാകില്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സോണിയഗാന്ധിയും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ വിശദാംശം തനിക്കറിയില്ല. ഭരണത്തില്‍ പ്രശ്നങ്ങളുണ്ടാകുക സ്വാഭാവികമാണ്. കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പറയുന്നില്ല.

മുങ്ങിയാല്‍ എല്ലാവരും മുങ്ങുമെന്ന് ആന്റണി

കൊച്ചി: കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അഭിപ്രായങ്ങള്‍ പറയേണ്ടിടത്തേ പറയാവൂ എന്നും മുങ്ങിയാല്‍ എല്ലാവരും മുങ്ങുമെന്നും എ കെ ആന്റണി. കരിമുകളില്‍ കോണ്‍ഗ്രസ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പട്ടാളച്ചിട്ടയുള്ള പാര്‍ടിയല്ല. നേതാക്കളുടെ മുഖത്തുനോക്കി ഏത് അഭിപ്രായവും പറയാനുള്ള സ്വാതന്ത്ര്യം പ്രവര്‍ത്തകര്‍ക്കുണ്ട്. എന്നാല്‍ പറയേണ്ടത് പറയേണ്ടിടത്തേ പറയാവൂ. കോണ്‍ഗ്രസില്‍ തന്റേത് അവസാനവാക്കല്ല. വളരെ അത്യാവശ്യ ഘട്ടത്തിലെ താന്‍ ഇടപെടാറുള്ളൂ. പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നമൊന്നും കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ലെന്നും ആന്റണി പറഞ്ഞു.

രാജിവയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് ഉമ്മന്‍ചാണ്ടി: സൂസപാക്യം

കോട്ടയം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണെന്ന് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്് തട്ടിപ്പ് നടന്നു എന്നാണ് ആരോപണം. ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ രാജി പതിവാണ്. പക്ഷെ അത് വ്യക്തിക്കാണ് തോന്നേണ്ടത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ കണ്ട വിവരമേ തനിക്കുള്ളൂ. ഒരുപാട് അഴിമതി നടന്നതായാണ് പറയുന്നത്. ഉത്തരവാദപ്പെട്ടവരുടെ മൂക്കിന്‍തുമ്പത്ത് അഴിമതി നടന്നുവെന്നുമാണ് പറയുന്നത്. ഇക്കാര്യത്തില്‍ ന്യായമായ പ്രക്ഷോഭം വേണം. പക്ഷെ രാജിവയ്ക്കുന്നതുവരെ എല്ലാം സ്തംഭിപ്പിക്കുന്നത് ശരിയല്ല. പ്രകൃതിദുരന്തങ്ങളും വിലക്കയറ്റവും പകര്‍ച്ചവ്യാധികളും ജനങ്ങളെ ദുരിതത്തിലാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണ്. ജനകീയ വിഷയങ്ങള്‍ക്ക് പകരം ഗ്രൂപ്പ് വൈരവും പടലപ്പിണക്കവുമാണ് മുഖ്യ അജണ്ട. സാമൂഹ്യനീതിയും വികസനവും കരുതലും പ്രധാന മുദ്രാവാക്യമായി പറയുന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ""കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍"" എന്ന പ്രമാണമാണ് നടപ്പാക്കുന്നത്. ഭരണതലത്തില്‍ അര്‍ഹമായത് ചോദിക്കുമ്പോള്‍ ലത്തീന്‍ സമുദായത്തെ "ക്യൂ" വില്‍ നിര്‍ത്താനാണ് സര്‍ക്കാരിന് താല്‍പര്യമെന്നും സൂസപാക്യം പറഞ്ഞു.

മാണിയെ മുഖ്യമന്ത്രിയാക്കണം: പി സി ജോര്‍ജ്

ഇരിങ്ങാലക്കുട: നേതൃമാറ്റത്തിന് കോണ്‍ഗ്രസിനു കഴിയുന്നില്ലെങ്കില്‍ കെ എം മാണിയെ മുഖ്യമന്ത്രിയാക്കി പ്രതിസന്ധി പരിഹരിക്കണമെന്ന് ചീഫ്വിപ്പ് പി സി ജോര്‍ജ്. ഭൂരിഭാഗം എംഎല്‍എമാരും മാണിയെ പിന്തുണയ്ക്കുമെന്നും കേരള കോണ്‍ഗ്രസ് (എം) ജില്ലാ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യവെ ജോര്‍ജ് പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം ജനങ്ങള്‍ക്കായി കാര്യമായൊന്നും ചെയ്തില്ല. പ്രകടനപത്രികയില്‍ പറഞ്ഞവ നടത്താനാവാത്തത് കോണ്‍ഗ്രസിലെ ഗ്രൂപ്പിസംമൂലമാണ്. കോണ്‍ഗ്രസ് വല്യേട്ടന്‍ മനോഭാവം തുടര്‍ന്നാല്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

deshabhimani

No comments:

Post a Comment