Monday, July 15, 2013

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വിമര്‍ശങ്ങള്‍ക്ക് വിലക്ക്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെപേരിലുള്ള ഫെയ്സ് ബുക്ക് അക്കൗണ്ടില്‍ വിമര്‍ശങ്ങള്‍ക്ക് വിലക്ക്. വിമര്‍ശ സ്വഭാവമുള്ള അഭിപ്രായങ്ങള്‍ വന്നാല്‍ ഉടന്‍ നീക്കം ചെയ്യുകയാണ്. എതിരഭിപ്രായം രേഖപ്പെടുത്തുന്നവരെ അക്കൗണ്ടില്‍നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു. ഒരാള്‍ രണ്ടില്‍ കൂടുതല്‍ തവണ എതിരഭിപ്രായം കുറിച്ചാല്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. സോളാര്‍ വിഷയത്തില്‍ വിമര്‍ശം ഉന്നയിച്ച നൂറുകണക്കിന് ആളുകള്‍ക്കാണ് അടുത്ത ദിവസങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സിസി ടിവിയിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരാണ് ഇവരില്‍ ഭൂരിഭാഗവും.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വന്തം വാദഗതികള്‍ നിരത്തുന്നത് ഫേസ് ബുക്ക് അക്കൗണ്ടിലാണ്. ഇത് തത്സമയം അപ്ഡേറ്റ് ചെയ്യുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പുകള്‍പോലും ലേഖകര്‍ക്ക് ലഭിക്കുന്നതിനുമുമ്പ് ഇവിടെ അപ്ഡേറ്റ് ചെയ്യുകയാണ്. ഇതില്‍ രേഖപ്പെടുത്തുന്ന അഭിപ്രായത്തെ പിന്തുണക്കുന്നവരെ ലൈക് ചെയ്ത് പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ എതിരഭിപ്രായങ്ങള്‍ തെരഞ്ഞുപിടിച്ച് ഒഴിവാക്കുകയാണ്. പ്രശംസാവചനങ്ങളും പിന്തുണയും മാത്രമാണ് ഫെയ്സ് ബുക്ക് സന്ദര്‍ശകര്‍ക്ക് കാണാനാവുക. എതിരഭിപ്രായങ്ങള്‍ക്കെല്ലാം പരമാവധി ഒരു ദിവസമാണ് ആയുസ്. കടുത്ത വിമര്‍ശങ്ങളും മറുപടികളുമാണെങ്കില്‍ മണിക്കൂറുകള്‍ക്കകം പേജില്‍നിന്നും അപ്രത്യക്ഷമാവും. എതിരഭിപ്രായം കുറിക്കുന്നവര്‍ക്ക് പിന്നീട് അക്കൗണ്ടില്‍ അഭിപ്രായം രേഖപ്പെടുത്താനാവാത്തവിധം ബ്ലോക്ക് ചെയ്താണ് മുഖ്യമന്ത്രി നവമാധ്യമങ്ങളില്‍ "സുതാര്യ" സമീപനം സ്വീകരിക്കുന്നത്.

deshabhimani

No comments:

Post a Comment