Wednesday, July 17, 2013

ഉമ്മന്‍ചാണ്ടിയുടെ രാജിക്ക് ഘടകകക്ഷികളും

സോളാര്‍ തട്ടിപ്പില്‍ കരിപുരണ്ട ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാനുള്ള അടിയൊഴുക്ക് യുഡിഎഫില്‍ ശക്തമായി. അങ്കത്തിന് കോണ്‍ഗ്രസ് ഗ്രൂപ്പുകളും ഘടകകക്ഷികളും ഒരുങ്ങിക്കഴിഞ്ഞു. ഉമ്മന്‍ചാണ്ടി രാജിക്ക് തയ്യാറാകുന്നില്ലെങ്കില്‍ ഭരണവും യുഡിഎഫും തകരുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ എം മാണിയുടെ മുഖ്യമന്ത്രിപദം കേന്ദ്രീകരിച്ചുള്ള അഭ്യൂഹങ്ങള്‍. ഇതും യുഡിഎഫ് ബലക്ഷയത്തിന്റെ വിളംബരമായി.

കെ എം മാണിയെ കേന്ദ്രബിന്ദുവാക്കി ബദല്‍സര്‍ക്കാര്‍ നീക്കം എന്ന വാര്‍ത്തയ്ക്കു മാധ്യമങ്ങളില്‍ കനംവച്ചു. പക്ഷേ, ഇത് മാധ്യമസൃഷ്ടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിങ്കളാഴ്ചതന്നെ വ്യക്തമാക്കി. മാധ്യമങ്ങളും മറ്റും ബദല്‍ സര്‍ക്കാര്‍ നീക്കം എന്ന ഭാവനാവിലാസത്തില്‍നിന്ന് പിന്മാറാത്ത പശ്ചാത്തലത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനുമായി പിണറായിയും കോടിയേരി ബാലകൃഷ്ണനും ചൊവ്വാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തി. സര്‍ക്കാരിനെ താഴെയിറക്കാനല്ല ഉമ്മന്‍ചാണ്ടിയുടെ രാജിക്കാണ് എല്‍ഡിഎഫ് നിലകൊള്ളുന്നതെന്ന് പന്ന്യന്‍ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.

സോളാര്‍ വിവാദം കത്തിപ്പടരുന്നതിനിടയില്‍ ഉമ്മന്‍ചാണ്ടി രാജിവച്ചു മാണിയോ മറ്റാരെങ്കിലുമോ യുഡിഎഫില്‍ മുഖ്യമന്ത്രിയാകട്ടെയെന്ന് കോടിയേരി അഭിപ്രായപ്പെട്ടതാണ് യുഡിഎഫില്‍ കലക്കമുണ്ടാക്കിയത്. മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് പി സി ജോര്‍ജ് പറയുകയും അവസരം വന്നാല്‍ ആലോചിക്കാമെന്ന് മാണി വ്യക്തമാക്കുകയുംചെയ്തു. കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ജോര്‍ജ് ഗൂഢാലോചന നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നിയമസഭകക്ഷി വിപ്പ് ടി എന്‍ പ്രതാപന്‍ ആക്ഷേപിക്കുകയും അതേച്ചൊല്ലി ജോര്‍ജുമായി ഏറ്റുമുട്ടുകയും ചെയ്തു. ജില്ലാ പ്രസിഡന്റുമാരടക്കമുള്ള നേതാക്കളുടെ യോഗം ബുധനാഴ്ച തിരുവനന്തപുരത്ത് കെ എം മാണി വിളിച്ചത് പുതിയ രാഷ്ട്രീയനീക്കത്തിനാണെന്നും അഭ്യൂഹമുണ്ട്. ഇത് യുഡിഎഫില്‍ കടുത്ത പരിഭ്രാന്തി പടര്‍ത്തി. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന പ്രസ്താവനയുമായി യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ രംഗത്തുവന്നു. താന്‍ മുഖ്യമന്ത്രിയാകുന്നത് സംബന്ധിച്ച ഒരു ചര്‍ച്ചയും എല്‍ഡിഎഫ് നേതാക്കളുമായി നടത്തിയിട്ടില്ലെന്ന് മാണി വ്യക്തമാക്കി.

എന്നാല്‍, പ്രശ്നപരിഹാരത്തിന് ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന ഉറച്ച അഭിപ്രായത്തിലാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും. ഇതിനുവേണ്ടി പരസ്യമായി രംഗത്ത് വരാന്‍, കോടതിയിലുള്ള സോളാര്‍ കേസുകളില്‍ കണ്ണുംനട്ടിരിക്കയാണ്. കോടതികളില്‍നിന്ന് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം വരുമെന്നാണ് ഐക്കാരുടെ പ്രതീക്ഷ. പേഴ്സണല്‍ സ്റ്റാഫിലെ ഒരു ജോപ്പന്‍ മാത്രമല്ല, ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരെല്ലാം തട്ടിപ്പുസംഘത്തിന്റെ കണ്ണിയായതിനാല്‍ ഉമ്മന്‍ചാണ്ടിക്ക് തട്ടിപ്പില്‍ ഉത്തരവാദിത്തമുണ്ടെന്ന് ഐ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. നേതൃമാറ്റം വേണ്ടെന്ന ഹൈക്കമാന്‍ഡ് നിലപാട് ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി പരാമര്‍ശമോ ഘടകകക്ഷികളുടെ ആവശ്യമോ ഉണ്ടായാല്‍ മാറ്റംവരുമെന്ന് ഐ നേതൃത്വം വിശ്വസിക്കുന്നു. അതുകൊണ്ടാണ് മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ച ഉടനെ വേണ്ടെന്നും അതിനായി ഡല്‍ഹി യാത്ര നടത്തേണ്ടെന്നും ചെന്നിത്തല നിശ്ചയിച്ചത്. നേതൃമാറ്റം വന്നാല്‍ ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നാണ് ഐ ഗ്രൂപ്പ് കണക്കുകൂട്ടുന്നത്. ഉമ്മന്‍ചാണ്ടിയുടെ രാജിക്ക് വരുംദിവസങ്ങളില്‍ ഘടകകക്ഷികളും രംഗത്തിറങ്ങിയേക്കും.
(ആര്‍ എസ് ബാബു)

മുഖ്യമന്ത്രിയാകണമെന്ന ആവശ്യം വന്നാല്‍ അപ്പോള്‍ ആലോചിക്കും: മാണി

താന്‍ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം വന്നാല്‍ അപ്പോള്‍ അതേക്കുറിച്ചാലോചിക്കുമെന്ന് ധനമന്ത്രി കെ എം മാണി. പാര്‍ടി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. തന്നെക്കുറിച്ച് ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. അതിനെ സ്വാഗതംചെയ്യുന്നു. എന്നാല്‍, മുഖ്യമന്ത്രിയാകാന്‍ കരുക്കള്‍ നീക്കിയിട്ടില്ല. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. മന്ത്രിസഭാ പുനഃസംഘടന തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. പുനഃസംഘടന ഉണ്ടെന്നോ ഇല്ലെന്നോ മുഖ്യമന്ത്രി ഉടന്‍ പറയണം. അത് നീട്ടിപ്പോകാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഉടന്‍ ഇടപെടണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടണം. മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ പ്രവര്‍ത്തിക്കുന്നത്. അത് നടപ്പാക്കാന്‍ പറ്റിയില്ലെങ്കില്‍ പ്രശ്നമാണ്. വിചാരിച്ചത്ര വേഗത്തില്‍ കാര്യങ്ങള്‍ നടക്കുന്നില്ല. ഇങ്ങനെ പോയാല്‍ പറ്റില്ല. നിവൃത്തിയില്ലാതെ വന്നാല്‍ കേരള കോണ്‍ഗ്രസ് വേറെ വഴി നോക്കും. ഒറ്റയ്ക്കു നില്‍ക്കാനും മടിയില്ല. പ്രാദേശിക പാര്‍ടിയെന്ന നിലയില്‍ മന്ത്രിസഭയെ നയിക്കാന്‍ കേരള കോണ്‍ഗ്രസിനും ആഗഹമുണ്ട്. എന്നാല്‍, ഇതിനായി കരുക്കള്‍ നീക്കുന്നില്ല.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞ അഭിപ്രായം തള്ളിക്കളയാനാകില്ല. മുരളി കോണ്‍ഗ്രസിന്റെ ഉന്നതനേതാവാണ്. അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവമായി ചര്‍ച്ചചെയ്യണം. സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ ലിസ്റ്റ് ചോര്‍ന്നത് തീക്കട്ടയില്‍ ഉറുമ്പരിക്കുന്നതു പോലെയായി. ആഭ്യന്തരവകുപ്പിന് ജാഗ്രതക്കുറവുണ്ടായി. അത്യന്തം ഗൗരവമുള്ള വിഷയമാണിത്. ഇത് ഒഴിവാക്കേണ്ടതായിരുന്നു. സോളാര്‍ വിഷയത്തില്‍ പി സി ജോര്‍ജ് പറഞ്ഞതില്‍ വസ്തുതാവിരുദ്ധമായി ഒന്നുമില്ല. ജോര്‍ജ് നുണ പറഞ്ഞിട്ടില്ല. പി സി ജോര്‍ജ് വിമര്‍ശിക്കുന്നത് നല്ലതിനാണ്. കൂടുതല്‍ കുഴപ്പം വരാതിരിക്കാനാണ് ജോര്‍ജ് പറയുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടുമെന്നും വിവിധ ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മാണി പറഞ്ഞു. വളഞ്ഞ വഴിയിലൂടെ മുഖ്യമന്ത്രിയാകാനില്ലെന്ന് രാത്രി പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ മാണി പറഞ്ഞു. ഇതേക്കുറിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. യുഡിഎഫ് സര്‍ക്കാരില്‍ നേതൃമാറ്റം വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment