Tuesday, July 16, 2013

കരുണാകരന്‍ ട്രസ്റ്റുമായുള്ള ഇടപാട് അടഞ്ഞ അധ്യായം: കോവിലകം മാനേജ്മെന്റ്

കണ്ണൂര്‍ ചിറക്കല്‍ രാജാസ് സ്കൂള്‍ ഇനി കരുണാകരന്‍ സ്മാരക ട്രസ്റ്റിനു നല്‍കുന്ന പ്രശ്നമേയില്ലെന്ന് ചിറക്കല്‍ കോവിലകം മാനേജ്മെന്റ് കമ്മിറ്റി. പത്രമാധ്യമങ്ങളിലൂടെ ട്രസ്റ്റ് തെറ്റിദ്ധാരണ പരത്തിയിട്ടു കാര്യമില്ല. അവരുമായുള്ള ഇടപാട് അടഞ്ഞ അധ്യായമാണെന്നും കോവിലകം പ്രതിനിധികള്‍ വ്യക്തമാക്കി. പച്ചക്കള്ളമാണ് ട്രസ്റ്റ് പ്രതിനിധികള്‍ പ്രചരിപ്പിക്കുന്നത്. കരാര്‍ ഒപ്പിട്ടതിനാല്‍ ഇനി ഇടപാടില്‍നിന്നു പിന്നോട്ടു പോകാനാവില്ലെന്ന വാദം പരിഹാസ്യമാണ്. 2012 ജൂലൈ 15ന് തന്നെ കരാറിന്റെ കാലാവധി അവസാനിച്ചു. ട്രസ്റ്റ് ഭാരവാഹികളുടെ പ്രത്യേക അഭ്യര്‍ഥന കണക്കിലെടുത്ത് പിന്നീട് ഒക്ടോബര്‍ 15 വരെ കാലാവധി നീട്ടിക്കൊടുത്തു. ഒക്ടോബര്‍ 15ന് രജിസ്ട്രേഷന്‍ നടത്താമെന്നായിരുന്നു ഒടുവില്‍ നല്‍കിയ ഉറപ്പ്. അതനുസരിച്ച് രജിസ്ട്രേഷനായി വിദേശങ്ങളിലടക്കമുള്ള രാജകുടുംബാംഗങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ രജിസ്ട്രേഷന്‍ മാറ്റിവയ്ക്കണമെന്ന് 13ന് രാത്രി ട്രസ്റ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇതില്‍ ഞങ്ങളുടെ ഭാഗത്ത് എവിടെയാണ് പിശക്? ട്രസ്റ്റിന്റെ താല്‍പര്യക്കുറവുകൊണ്ടു മാത്രമാണ് ഇടപാട് പൊളിഞ്ഞത്- കോവിലകം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേഷ് വര്‍മ പറഞ്ഞു.

ഒരുരൂപ പോലും അഡ്വാന്‍സ് വാങ്ങാതെയാണ് കരാറുണ്ടാക്കിയത്. അതിനാല്‍ ആ നിലയിലും ട്രസ്റ്റുമായി ഒരുവിധത്തിലുള്ള ബാധ്യതയും അവശേഷിക്കുന്നില്ല. രജിസ്ട്രേഷന്‍ ചെലവുകള്‍ക്കായി 50ലക്ഷം രൂപ ട്രസ്റ്റിനു നല്‍കാമെന്ന് എഴുതിനല്‍കിയെന്ന വാദവും നുണയാണെന്ന് സുരേഷ്വര്‍മ വ്യക്തമാക്കി. രജിസ്ട്രേഷന്‍ ചെലവ് വഹിക്കേണ്ടത് സ്വത്ത് വാങ്ങുന്നവരല്ലേ. കോവിലകം വക സ്വത്തുവില്‍ക്കുമ്പോള്‍ ഞങ്ങളെന്തിന് രജിസ്ട്രഷന്‍ ചെലവു നല്‍കണം. കമീഷന്‍ ആവശ്യപ്പെട്ട കാര്യം പുറത്തു വന്നതിലുള്ള വെപ്രാളമാണ് ഇത്തരം വിഡ്ഢിത്തങ്ങള്‍ എഴുന്നെള്ളിക്കുന്നതിനു പിന്നില്‍. 50 ലക്ഷം രൂപ ട്രസ്റ്റിന് സംഭാവനയായി നല്‍കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തുക തരാമെന്നും എന്നാല്‍ രശീത് നല്‍കണമെന്നും ഞങ്ങള്‍ ഒരു ഘട്ടത്തില്‍ പറഞ്ഞിരുന്നു. അതോടെയാണ് സംഭാവന ആവശ്യത്തില്‍നിന്ന് ട്രസ്റ്റ് പിന്നോട്ടുപോയത്. അതിനിടെ സ്വകാര്യകമ്പനിക്കാണ് രജിസ്റ്റര്‍ ചെയ്തു തരേണ്ടതെന്ന ആവശ്യം വന്നു. തുടര്‍ന്നാണ് കോവിലകം മാനേജ്മെന്റ് ജനറല്‍ ബോഡി വിളിച്ചുചേര്‍ത്ത് അവരുമായുള്ള ഇടപാടില്‍നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചത്.

"കരുണാകരന്‍ സ്മാരക ട്രസ്റ്റിനോ അതുമായി ബന്ധമുള്ള സ്വകാര്യ കമ്പനിക്കോ ഇനി സ്കൂള്‍ കൊടുക്കേണ്ടതില്ലെ"ന്നാണ് ജൂണ്‍ 30ന് ചേര്‍ന്ന യോഗത്തിലെ തീരുമാനം. ആ അധ്യായം അവസാനിച്ചു. അവരുമായി ചര്‍ച്ചയ്ക്കുപോലും ഇനി ഞങ്ങളില്ല- സുരേഷ് വര്‍മ തീര്‍ത്തു പറഞ്ഞു. കെ കരുണാകരന്‍ പഠിച്ച സ്കൂളായതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിദ്വാന്‍ പ്രധാനമന്ത്രിക്കു കത്തയച്ചത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നേതാക്കള്‍ പഠിച്ച എത്ര സ്കൂളുകള്‍ നമ്മുടെ നാട്ടിലുണ്ട്. അതൊക്കെ ഏറ്റെടുക്കാന്‍ ആവശ്യപ്പെടുമോ എന്നായിരുന്നു സുരേഷ് വര്‍മയുടെ പ്രതികരണം

deshabhimani

No comments:

Post a Comment