തോപ്പില്‍ഭാസിയുടെ അശ്വമേധം എന്ന നാടകത്തില്‍ ഖാന്‍ അവതരിപ്പിച്ച ഒരവിസ്മരണീയ കഥാപാത്രമുണ്ട്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി. കണ്ണില്‍ കണ്ടതെല്ലാം രോഗം പരത്തുന്ന നികൃഷ്ടജീവികളാണെന്നു ഭയപ്പെടുന്ന ഒരു പേടിത്തൊണ്ടന്‍. ഏതെങ്കിലും ഭവനസന്ദര്‍ശനത്തിനു പോയാല്‍ ആരോഗ്യസംരക്ഷണ ഉദ്‌ബോധനത്തിലൊന്നുമല്ല മൂപ്പര്‍ക്ക് ശ്രദ്ധ. 'അതാ ഒരു പല്ലി, ഇതാ ഒരു പാറ്റ' എന്നെല്ലാം ഭിത്തിയില്‍ കാണുന്ന ജീവികളെയെല്ലാം നോക്കി ഭീതിയോടെ പറഞ്ഞിട്ട് സ്ഥലം കാലിയാക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ സ്ഥിതി കാണുമ്പോള്‍ ഖാന്റെ കഥാപാത്രത്തെയാണ് ഓര്‍ത്തുപോവുക. സര്‍വത്ര പേടി. 'അതാ ഒരു സരിത, ഇതാ ഒരു ശാലു, ദേ ഒരു മുക്ത, നോക്കൂ ഒരു ഉത്തര.' എന്നിങ്ങനെ ഭയപ്പാടിന്റെ പ്രതിരൂപമായി ഒരു മുഖ്യമന്ത്രി. പുതുപ്പള്ളി മുതല്‍ ഇന്ദ്രപ്രസ്ഥം വരെ നീളുന്ന ഭയം. ചുറ്റുമുള്ളവരെയെല്ലാം സംശയം. പ്രിയതമ മറിയാമ്മ പിറന്നതു പോലും തന്റെ കാലുവാരാനാണോ എന്ന ആകുലത.
ജനസാഗരത്തില്‍ നീന്തിത്തുടിക്കുന്ന 'ജനനായകമത്സ്യം' എന്നു സ്വയം വിശേഷിപ്പിച്ച പുതുപ്പള്ളിയുടെ പുഷ്യരാഗത്തിന്റെ ഇന്നത്തെ സ്ഥിതി കണ്ട് വി എസും പന്ന്യനും പിണറായിയും പോലും കണ്ണീര്‍ വാര്‍ക്കുന്നു! സെക്രട്ടേറിയറ്റില്‍ തന്നെ കാണാന്‍ വരുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ താന്‍ സെക്രട്ടേറിയറ്റിന്റെ തിരുമുറ്റത്തിറങ്ങി ജനത്തെ കണ്ടുകളയും എന്നു ഭീഷണിപ്പെടുത്തിയ കുഞ്ഞൂഞ്ഞിനാണ് ഈ ഗതികേട്. നാടെല്ലാം തന്റേത്, പക്ഷേ നട്ടുച്ചയ്ക്ക് നാട്ടിലിറങ്ങാന്‍ വയ്യെന്നു പരിതപിക്കുന്ന കാട്ടിലെ കുറുക്കനെപ്പോലെ നമുക്ക് ഒരു മുഖ്യമന്ത്രി എന്നത് കലികാല വൈഭവം എന്നല്ലാതെ എന്തു പറയാന്‍!
ഒന്നാം നമ്പര്‍ സ്റ്റേറ്റ്കാറില്‍ പൈലറ്റും അകമ്പടിയും വാഹനങ്ങളുമില്ലാതെ നാടുനീളെ വിലസിയ കുഞ്ഞൂഞ്ഞിന് ഇപ്പോള്‍ പുതുപ്പള്ളിയിലെ വീട്ടിലൊന്നു പോകണമെങ്കില്‍ ടാക്‌സി പിടിക്കണം. എന്നാല്‍ പോലും സെഡ് കാറ്റഗറി സുരക്ഷയുമായി ഒരായിരം സലിം രാജുമാരുടെ വലയമുണ്ടാകണം. 'കാലുപിറന്ന പിള്ളാരാ'രെങ്കിലും കരിങ്കൊടി കാട്ടി പേടിപ്പിച്ചാലോ. ത്രിവര്‍ണ പതാക കണ്ട നാളുകള്‍ പോലും പപ്പാ മറന്നെന്ന് മകന്‍ ചാണ്ടി ഉമ്മന്‍കുഞ്ഞിന്റെ പരിദേവനം. അടുത്തകാലത്തായി അദ്ദേഹം കാണുന്നതു കരിങ്കൊടികള്‍ മാത്രം'.
അങ്ങ് ദല്‍ഹിയിലൊന്നു പോകാമെന്നു വെച്ചാല്‍ വിമാനത്താവളത്തില്‍ കരിങ്കൊടി പ്രളയം. ഇന്ദ്രപ്രസ്ഥത്തില്‍ കാലൂന്നി ഇന്ദിരയെ മനസില്‍ ധ്യാനിച്ചു കേരളാ ഹൗസിലേക്കു പോകണമെങ്കില്‍ കരിമ്പൂച്ചകളുടേയും കമാന്‍ഡോകളുടെയും അതിര്‍ത്തി രക്ഷാ സൈന്യത്തിന്റെ കുപ്പിണിക്കണക്കിന് അകമ്പടി. കേരളാ ഹൗസില്‍ സന്ദര്‍ശകനിരോധനം. പോരാഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ അടിവസ്ത്രം മുതല്‍ തൂലിക വരെ പരതുന്ന ദില്ലിവാല പൊലീസ്. ഹോ എന്തൊരു ജനകീയന്‍ മുഖ്യമന്ത്രി! ഇതു കണ്ടാണല്ലോ പണ്ടു പൂന്താനം പാടിയത്, 'രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും സരിത' എന്ന് !
കേരളാഹൗസിലാണെങ്കില്‍ മാധ്യമശിങ്കിടിമുങ്കന്മാരുടെ പട. കേരളത്തില്‍ നിന്നും പടപേടിച്ച് ദില്ലിയിലെത്തിയപ്പോള്‍ ചൂട്ടും കെട്ടി പട! മാധ്യമപ്പടയാകട്ടെ കിലുകിലാ ചോദ്യങ്ങളെറിയുന്നു. സരിതയെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കണ്ടോ എന്ന് ഒരു വിദ്വാന്റെ മുനവെച്ച ചോദ്യം. 'കണ്ടൂ, കണ്ടൂ കണ്ടില്ല' എന്ന സിനിമാപ്പാട്ടുപോലെ കുഞ്ഞൂഞ്ഞിന്റെ ഉത്തരം. സരിത ഫോണ്‍ ചെയ്തതെന്തായിരുന്നുവെന്നാണ് മറ്റൊരു മാധ്യമകിങ്കരന് അറിയേണ്ടത്. 'കേട്ടൂ കേട്ടൂ കേട്ടില്ല' എന്നു മറുപടി! ഉപ്പിലിട്ട ഒച്ചിനെപ്പോലെ വഴുവഴാ പരുവത്തിലുള്ള ഉത്തരങ്ങള്‍ കേട്ട് ദില്ലിയിലെ മാധ്യമജഗജില്ലികള്‍ പോലും നാണിച്ചു പത്തി താഴ്ത്തുന്നു!
*
ഇതെല്ലാം നടക്കുമ്പോള്‍ ദില്ലിയില്‍ നമുക്കുണ്ട് ഒരു നമശിവായം മജിസ്‌ട്രേട്ട്! പേര് ഏ കെ ആന്റണി. തസ്തിക പ്രതിരോധമന്ത്രി. റാങ്ക് രണ്ട്. സ്വഭാവം കണ്ണടച്ച് പൂച്ചപാലു കുടിക്കുന്നതുപോലെ. കേരളത്തില്‍ എന്തൊക്കെയോ നടക്കുന്നുണ്ടെന്നു മാത്രമേ ഈ നമശിവായം മജിസ്‌ട്രേട്ടിനറിയൂ. തന്റെ മാനസപുത്രന്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് സോളാര്‍ തട്ടിപ്പില്‍ കൊടികെട്ടിയ റാണിയായ ശാലുമേനോന് മാണിമാളിക പണിതുകൊടുത്ത കാര്യം ആന്റണിക്കറിയില്ല. ശാലുവിന് മുപ്പത്താറുപവന്റെ അരഞ്ഞാണവും ഇരുപത്തഞ്ചു പവന്റെ പാദസരവും വാങ്ങിക്കൊടുത്തെന്നു ചങ്ങനാശേരി പുഴവാതുക്കല്‍ സ്വദേശികള്‍ പറയുന്നതും കേള്‍ക്കുന്നില്ല. ശാലുവിന്റെ കൊട്ടാരത്തിലെ കിടപ്പറയില്‍ മണിമെത്തയിലിരുന്ന് 'നടികര്‍ തിലക'ത്തിന്റെ തിലകക്കുറി നോക്കി വെടിക്കെട്ടു കണ്ട മരപ്പട്ടിയെപ്പോലെ പൊട്ടന്‍ ചിരിചിരിക്കുന്ന ചിത്രവും ആന്റണി കണ്ടില്ല! ആന്റണിക്ക് ഒരു പുനര്‍ജന്മമുണ്ടായാലേ ഇനി ഇതു പോലൊരു സൈസിനെ കിട്ടൂ എന്ന് ചേര്‍ത്തലക്കാര്‍ അഭിമാനരോമാഞ്ചത്തോടെ പറയുന്നു!
*
ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും തമ്മിലുള്ള അത്യുന്നത സുനഹദോസ് കഴിഞ്ഞു. തീരുമാനങ്ങള്‍ കേട്ടപ്പോള്‍, കേരളത്തിലെ പെയിന്റിംഗ് തൊഴിലാളികള്‍ക്ക് പെരുത്ത് ആഹ്ലാദം. കോണ്‍ഗ്രസിന്റെ പ്രതിഛായ നന്നാക്കി മുഖം മിനുക്കണമെന്ന് സോണിയാജി കല്‍പിച്ചിരിക്കുന്നു. ആകെ ഒരൊറ്റ നിറത്തില്‍, കറുപ്പു നിറത്തില്‍ കുളിച്ചു നില്‍ക്കുയല്ലേ കോണ്‍ഗ്രസിന്റേയും മന്ത്രിസഭയുടേയും മുഖഛായ. അതൊന്നു മിനുക്കിയെടുക്കണമെങ്കില്‍ രാജ്യത്തെ പെയിന്റ് കമ്പനികള്‍ ഉല്‍പാദനം പലമടങ്ങാക്കണം.
ആയിരക്കണക്കിന് പെയിന്റടിക്കാര്‍ക്ക് ഇനി മാസങ്ങളോളം അഹോരാത്രം പണിയായി. രമേശ് ചെന്നിത്തല രക്ഷാധികാരിയായി ഒരു 'പ്രതിഛായ പെയിന്റിംഗ് തൊഴിലാളി കോണ്‍ഗ്രസ്' ഉണ്ടാകാന്‍ പോകുന്നുവെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. ഉമ്മന്‍ചാണ്ടി സൂക്ഷിക്കുക. യൂണിയന്റെ തലപ്പത്ത് രമേശാണെങ്കില്‍ മന്ത്രിസഭയെ കീചക വേഷത്തിലായിരിക്കും പെയിന്റടി!
*
പത്ര മുത്തശ്ശിക്കു തലക്കെട്ടു ചമയ്ക്കാനുള്ള വിരുത് പണ്ടേ ഭുവനപ്രസിദ്ധം. ഒരു പാവം മത്തായി കുടിച്ചു പൂസായി പൊലീസ് പിടിയിലായാല്‍ മുത്തശ്ശി തലക്കെട്ടെഴുതും. 'മത്തായി അടിച്ചു മത്തായി, പിന്നെ മത്തായി അകത്തായി' എന്ന്! ഒരു വ്യക്തി മരിച്ചാല്‍ മാധ്യമങ്ങളൊക്കെ അന്തരിച്ചു, നിര്യാതനായി എന്നൊക്കയേ എഴുതാറുള്ളൂ. അതല്ലാതെ മരിച്ചു, ചത്തു, ചരിഞ്ഞു, നാടുനീങ്ങി, കാലം ചെയ്തു എന്നൊന്നും തലക്കെട്ടിലെഴുതാറില്ല. പക്ഷേ മുത്തശ്ശിയുടെ മുഖപേജില്‍ ഒരു വാര്‍ത്ത ഞായറാഴ്ച കണ്ടു, ബോഫോഴ്‌സ് ഇടനിലക്കാരന്‍ ക്വത്‌റോച്ചി മരിച്ചുവെന്നാണ് വാര്‍ത്ത. തലക്കെട്ടു വായിച്ചാല്‍ അയാള്‍ വിഷം കുടിച്ചു മരിച്ചു എന്നു തോന്നിപ്പോകും.
ക്വത്‌റോച്ചിയാണെങ്കില്‍ സോണിയയുമായി കുടുംബബന്ധമുള്ള പത്തരമാറ്റ് ഇറ്റാലിയന്‍ തങ്കം.ബോഫോഴ്‌സ് പീരങ്കി ഇടപാടില്‍ കോടികളുടെ കോഴ കീശയിലാക്കിയ ഈ മിടുക്കനെ രക്ഷിച്ചത് സോണിയയും സി ബി ഐയും ചേര്‍ന്ന്. ഇരുപത് വര്‍ഷമായി ഇന്ത്യയ്ക്ക് ഈ കുംഭകോണ വീരന്റെ രോമത്തെപ്പോലും തൊടാനായില്ല. ഈ പെരുങ്കള്ളന്‍ മരിച്ചാല്‍ എങ്ങിനെ കാലം ചെയ്തു, നാടുനീങ്ങി, നിര്യാതനായി, എന്നിങ്ങനെ ആദരസമന്വിതം തലക്കെട്ടെഴുതും. ജനത്തിനെന്തു തോന്നും. അതുകൊണ്ട് തലക്കെട്ടില്‍ ഒരൊററ ചെയ്ത്ത്! മരിച്ചു. തലയിടിച്ചു വീണോ, വിഷം തീണ്ടിയോ പാമ്പുകടിച്ചോ മരിച്ചുവെന്നറിയാന്‍ ജനം വാര്‍ത്തവായിച്ചെടുത്തോട്ടെ. എന്തായാലും മുത്തശ്ശിയുടെ തലക്കെട്ടെഴുത്തുകാരന്‍ കൊച്ചുമോന് ഒരു ഭാവിയുണ്ട്
ദേവിക janayugom
No comments:
Post a Comment