Saturday, July 13, 2013

സംസ്ഥാനത്ത് പ്രാഥമിക വിദ്യാഭ്യാസം കിട്ടാത്ത കുട്ടികള്‍ ധാരാളമെന്ന് പഠനം

സംസ്ഥാനത്ത് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത ധാരാളം കുട്ടികളുണ്ടെന്ന് പഠനം. ഏഴ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വ ശിക്ഷാ അഭിയാന്‍ (എസ്എസ്എ) നടത്തിയ പഠനത്തില്‍ 1406 കുട്ടികള്‍ ഇതുവരെ സ്കൂളില്‍ പോയിട്ടില്ലെന്ന് കണ്ടെത്തി. പത്ത് ലക്ഷം പേരുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ തെരഞ്ഞെടുത്ത നഗരങ്ങളിലായിരുന്നു പഠനം. സ്കൂളില്‍ പോകാത്ത 1166 കുട്ടികള്‍ പതിനാലു വയസിനു താഴെ പ്രായം ഉള്ളവരാണ്. അവരില്‍ 705 ആണ്‍കുട്ടികളും 461 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ 286 പേരും കേരളീയരായ കുട്ടികളാണ്. 14 വയസ്സിന് മുകളിലുള്ള 240 പേര്‍ ഇതുവരെ സ്കൂളില്‍ പോയിട്ടില്ല. പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളില്‍ കൂടുതല്‍ പേരും എറണാകുളത്താണ്- 128. മലപ്പുറത്ത് 73, തിരുവന്തപുരം 21, തൃശൂര്‍ 28, കോഴിക്കോട് 34, കണ്ണൂര്‍ 6, കൊല്ലം 2 എന്നിങ്ങനെയാണ് കണക്ക്. ഇക്കൂട്ടത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളും, എയ്ഡ്സ് ബാധിതരുടെ കുട്ടികളും ഉള്‍പ്പെടും.

സാമ്പിള്‍ പഠനത്തിലെ കണക്ക് ഇത്രവരുമ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ കണക്കെടുത്താല്‍ ഞെട്ടിക്കുന്നതാകുമെന്നാണ് എസ്എസ്എയുടെ വിലയിരുത്തല്‍. തീര്‍ത്തും ദരിദ്രാവസ്ഥയിലാണ് ഈ കുട്ടികളെല്ലാം കഴിയുന്നത്. എഴുതാനും വായിക്കാനും താത്പര്യമുണ്ടെങ്കിലും ജീവിത സാഹചര്യം അനുവദിക്കുന്നില്ലെന്നാണ് കുട്ടികള്‍ വെളിപ്പെടുത്തിയത്. അന്യ സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ സ്കൂളില്‍ പോകാന്‍ കഴിയാതെ തെരുവുകളിലും ഹോട്ടലുകളിലും ക്വാറിമടകളിലും ജോലിചെയ്യുന്നു. നഗരങ്ങളില്‍നിന്ന് നഗരത്തിലേക്ക് ചേക്കേറുന്നതും ഭാഷയും പാര്‍പ്പിടവും പ്രശ്നമായതും അന്യസംസ്ഥാനത്തുനിന്നുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം അന്യമാക്കുന്നു. സാമ്പത്തിക പ്രയാസമാണ് കേരളീയരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുഖ്യ തടസ്സമായി ചൂണ്ടിക്കാണിക്കുന്നത്. 6 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാണ.് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് തദ്ദേശഭരണ സ്ഥാനങ്ങളാണ്്. ആറുവയസിന് മുകളിലുള്ള കുട്ടികള്‍ സ്കൂളില്‍ പോകാത്തവരുണ്ടെങ്കില്‍ അവരെ അനുയോജ്യമായ ക്ലാസില്‍ പ്രവേശിപ്പിച്ച് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ സാഹചര്യം ഉറപ്പുവരുത്തേണ്ടത് പ്രധാന ചുമതലയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തദ്ദേശഭരണ സ്ഥാനങ്ങള്‍ പരാജയപ്പെട്ടിരിക്കയാണെന്ന് പഠനം വിലയിരുത്തുന്നു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മുഴുവന്‍ കുട്ടികളെയും സ്കൂളിലെത്തിക്കാന്‍ ബദല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനുമുമ്പാകെ എസ്എസ്എ അധികൃതര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
(ടി വി സുരേഷ്)

deshabhimani

No comments:

Post a Comment