Thursday, July 18, 2013

പ്രതിരോധ മേഖലയിലും 100 % വിദേശ നിക്ഷേപം

പ്രതിരോധ നിര്‍മാണ മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രം പച്ചക്കൊടി കാട്ടി. ഇതോടെ, പ്രതിരോധ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിന് അനുകൂലമായി വാണിജ്യമന്ത്രി ആനന്ദ്ശര്‍മയും എതിരായി പ്രതിരോധമന്ത്രി ഏകെ ആന്റണിയും തമ്മില്‍ നടന്നുവന്ന വടംവലിയില്‍ ആനന്ദ്ശര്‍മ വിജയിച്ചു. 26 ശതമാനത്തിന് മുകളിലുള്ള വിദേശനിക്ഷേപത്തിന് സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതിയുടെ അംഗീകാരം വേണമെന്ന നിബന്ധനമാത്രമാണ് ഇനിയുള്ള കടമ്പ. അതുകൂടി കടന്നാല്‍ പ്രതിരോധമേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപമാകാമെന്ന് വാണിജ്യമന്ത്രാലയ വൃത്തങ്ങള്‍ ബുധനാഴ്ച സ്ഥിരീകരിച്ചു.ആന്റണിയെ തൃപ്തിപ്പെടുത്താനാണ് സുരക്ഷാകാര്യങ്ങള്‍ക്കായുളള മന്ത്രിസഭാസമിതിയുടെ അനുവാദം വേണമെന്ന നിബന്ധന വെച്ചത്.

പ്രതിരോധമേഖലയിലും ടെലികോം മേഖലയിലും 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നത് രാജ്യസുരക്ഷയെ ദോഷകരമായി ബാധിക്കും. പ്രതിരോധസംഭരണനയം മൂലം വീര്‍പ്പുമുട്ടുന്ന ഫാക്ടറികളെ തീരുമാനം കൂടുതല്‍ പ്രതിസന്ധിയിലാക്കും. അമേരിക്കന്‍ ആയുധകമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. ഇന്ത്യന്‍ കമ്പനികള്‍ ഇനി ബഹുരാഷ്ട്രകുത്തക കമ്പനികളുടെ ജൂനിയര്‍ പങ്കാളിമാത്രമായിരിക്കും. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഇന്ത്യയുടേതടക്കമുള്ള രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിലും ടെലികോം മേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കുകയാണ്. നിലവിലെ സ്വകാര്യടെലികോം കമ്പനികളെ വൈകാതെ ബഹുരാഷ്ട്ര ഭീമന്മാര്‍ വിഴുങ്ങും. ഈ രംഗം പൂര്‍ണമായും വിദേശകമ്പനികളുടെ കൈവശമാകുന്നതും രാജ്യസുരക്ഷയെ ബാധിക്കും. ഗ്രാമീണമേഖലയില്‍ വന്‍ നഷ്ടം സഹിച്ച് പ്രവര്‍ത്തിക്കുന്ന ബിഎസ്എന്‍എല്‍ പോലുള്ള പൊതുമേഖലാ കമ്പനികള്‍ തകരും. പന്ത്രണ്ട് മേഖലകളില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള തീരുമാനം സാമ്പത്തികസുരക്ഷയെയും തകര്‍ക്കും.

സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് വിദേശനിക്ഷേപത്തെ നിയന്ത്രണങ്ങളൊന്നുമില്ലാതെ സ്വീകരിക്കുന്നതെന്നാണ് യുപിഎ സര്‍ക്കാരിന്റെ വിശദീകരണം. വിദേശനിക്ഷേപത്തിലൂടെ മാത്രമേ സാമ്പത്തികവളര്‍ച്ച നേടാനാകൂ എന്ന തെറ്റായ നയത്തിന്റെ ഭാഗമായാണിത്. വന്‍ ഇളവുകളോടെ ഇന്ത്യയിലെത്തുന്ന വിദേശകമ്പനികള്‍ ഇവിടത്തെ വിഭവങ്ങളും ലാഭവും പുറത്തേക്ക് ചോര്‍ത്തുന്നതിനാണ് അവസരമൊരുങ്ങുന്നത്. ധനമന്ത്രാലയ പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ ശുപാര്‍ശ തള്ളിയാണ് ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്തുന്നത്. ആഭ്യന്തരസമ്പാദ്യം ചോര്‍ത്താന്‍ വിദേശകമ്പനികള്‍ക്ക് അവസരമാകും. രാജ്യത്തിന്റെ വികസനത്തെയും ബാധിക്കും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഇന്‍ഷുറന്‍സ് സമ്പാദ്യം രാജ്യപുരോഗതിക്ക് ഉപയോഗിച്ചിരുന്നു. വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നതോടെ ഇതും നാമമാത്രമാകും.
(വി ബി പരമേശ്വരന്‍)

സമ്പദ്ഘടന വിദേശ മൂലധനത്തിന് പണയപ്പെടുത്തുന്നു: പിബി

ന്യൂഡല്‍ഹി: പ്രതിരോധം, ടെലികോം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള യുപിഎ സര്‍ക്കാര്‍ തീരുമാനം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വിദേശമൂലധനത്തിന് പണയപ്പെടുത്തലാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. വിദേശനിക്ഷേപ പരിധി വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് പിബി ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പരിഭ്രാന്തമായി ഈ നീക്കം നടത്തിയിട്ടുള്ളത്. ടെലികോം അടിസ്ഥാന-സെല്ലുലാര്‍ മേഖലകളില്‍ 100 ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപം ഏര്‍പ്പെടുത്താനുള്ള തീരുമാനം അംഗീകരിക്കാനാകില്ല. പ്രതിരോധ മേഖലയില്‍ 26 ശതമാനത്തിലധികം വിദേശനിക്ഷേപം അനുവദിക്കുന്നത് കടുത്ത പ്രത്യാഘാതമുണ്ടാക്കും. പ്രതിരോധ ഉല്‍പ്പാദനമേഖലയില്‍ വിദേശനിയന്ത്രണത്തിന് ഇത് വഴിവെക്കും. വിദേശനിക്ഷേപം ആകര്‍ഷിച്ച് കറന്റ് അക്കൗണ്ട് കമ്മി നികത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍, വിഭവങ്ങളും ലാഭവും വന്‍തോതില്‍ പുറത്തേക്ക് കടത്തിക്കൊണ്ടുപോകാന്‍ ഇത് വഴിതുറക്കും.

വൊഡഫോണ്‍ കേസില്‍ത്തന്നെ മൂലധനആദായ നികുതി സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടിവന്നിരിക്കുകയാണ്. ബഹുബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളില്‍ വിദേശനിക്ഷേപം നടത്തുന്നതിനുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്താനുള്ള തീരുമാനം ആഭ്യന്തര വ്യവസായങ്ങളെ ദോഷകരമായി ബാധിക്കും. നിയമനിര്‍മാണത്തിലൂടെ ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ സിപിഐ എം പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്നും പിബി പറഞ്ഞു.

deshabhimani

No comments:

Post a Comment