ദേശാഭിമാനി
മുഖ്യമന്ത്രിയുടെ വാദം കഴിവുകേടിന്റെ ന്യായീകരണം: ഐഎന്‍ടിയുസി
എം എന്‍ ഉണ്ണിക്കൃഷ്ണന്‍
കൊച്ചി: താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ മറ്റവന്‍ കയറിയിരിക്കുമെന്ന പ്രയോഗം ശരിവയ്ക്കുന്നതിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയതായി ഐഎന്‍ടിയുസി മുഖമാസിക "ഇന്ത്യന്‍ തൊഴിലാളി". തന്റെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചനകളിലും ഉപജാപങ്ങളിലുമൊന്നും പങ്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് നല്ലൊരു ഭരണാധിപനു ചേര്‍ന്ന വാക്കല്ല. ഒരു സംഘം ഉദ്യോഗസ്ഥര്‍ വഞ്ചിച്ചെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് കഴിവുകേടിനെ ന്യായീകരിക്കലാണ്. മറ്റുള്ളവര്‍ക്ക് വിഢ്ഡിയാക്കാന്‍ നിന്നുകൊടുത്തുവെന്ന് വിലപിക്കുന്നത് നാണക്കേടാണെന്നും ലേഖനം ഓര്‍മിപ്പിക്കുന്നു.
വഞ്ചകരുടെയും ഉപജാപക സംഘങ്ങളുടെയും വേദിയായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ മുഖ്യ പത്രാധിപരായ "ഇന്ത്യന്‍ തൊഴിലാളി" വിലയിരുത്തി. ജൂലൈ ലക്കത്തിലാണ് രൂക്ഷ വിമര്‍ശം. "സുതാര്യത: അധികമായാല്‍ അമൃതും വിഷം", "ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കേണ്ട: സത്യം പൂര്‍ണമായി പുറത്തുകൊണ്ടുവരണം" എന്നീ ലേഖനങ്ങള്‍ മുഖ്യമന്ത്രിയെ പരസ്യമായി ആക്രമിക്കുന്നു. കണ്ണും കാതും പൊത്തേണ്ട നാണക്കേടുകളുടെ കഥകള്‍ ഓഫീസിനെയും ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ച് പുറത്തുവരുന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും പോലുള്ള "ലോകോത്തര ഫ്രോഡുകളു"മായി അറിഞ്ഞോ അറിയാതെയോ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധമുണ്ടായി എന്നതിന് ഒരു ന്യായീകരണവുമില്ല. കോടികളുടെ ഇടപാട് നടത്തുന്ന രണ്ട് വ്യക്തികളുടെ പൂര്‍വചരിത്രം അറിയാനുള്ള സംവിധാനം പോലും മുഖ്യമന്ത്രിയുടെ ഓഫീസിനില്ല എന്നത് ലജ്ജാകരമാണ്. നടുക്കമുണ്ടാക്കുന്ന കുറ്റകൃത്യങ്ങള്‍ നടത്തുന്ന ക്രിമിനലുകള്‍ക്ക് ലാഘവത്തോടെ കടന്നുകയറാവുന്നതും പറ്റിക്കാവുന്നതുമാണോ മുഖ്യമന്ത്രിയുടെ ആസ്ഥാനം.
മുഖ്യമന്ത്രിയുടെ ഓഫീസിനുതന്നെ സുരക്ഷിതത്വമില്ലെങ്കില്‍ നാട്ടില്‍ ജനങ്ങള്‍ക്കെങ്ങിനെ സുരക്ഷിതത്വമുണ്ടാകും- ലേഖനം ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട നാലുപേരാണ് അധികാരകേന്ദ്രങ്ങളില്‍ അവിഹിത സ്വാധീനം നടത്തിയിരിക്കുന്നത്. അദ്ദേഹത്തിനൊപ്പം സദാ നടക്കുന്ന ടെന്നി ജോപ്പനും "വീട്ടില്‍പ്പോലും അമിത സ്വാതന്ത്ര്യം കിട്ടുന്ന ഗണ്‍മാനും" ഡല്‍ഹിയിലെ "പ്രത്യേക അമ്പാസഡറും" സുതാര്യതയുടെ ചുക്കാന്‍ പിടിക്കുന്ന ഒരു ഉദ്യോഗസ്ഥനും. ടെന്നി ജോപ്പന് ഇത്ര വിപുലമായി അധികാരം ഉപയോഗിക്കാന്‍ ആരാണ് ധൈര്യം നല്‍കിയതെന്ന് ലേഖനം ചോദിക്കുന്നു. അയാള്‍ സമ്പാദിച്ച കോടികളുടെ സ്വത്തും വീടുകളുമെല്ലാം അഴിമതിയുടെ ജീവിക്കുന്ന തെളിവുകളാണ്. അച്ചടക്ക നടപടിക്ക് മേലധികാരികള്‍ നിര്‍ദേശിച്ച സലിംരാജ് എങ്ങിനെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ കടന്നുകുടി. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ക്ക് വിജിലന്‍സ് നിര്‍ദേശം അവഗണിച്ച് ആരാണ് നിയമനം നല്‍കിയത്. ഇത്രയും ദുര്‍ഗുണസമ്പന്നന്മാരുടെ സംഘത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കഴിഞ്ഞ രണ്ടുവര്‍ഷം വിജിലന്‍സ്പോലും അറിയാതെ എങ്ങിനെ നിലനിര്‍ത്താനായെന്നും ലേഖനം ചോദിക്കുന്നു.
ലീഗിനും രൂക്ഷ വിമര്‍ശം
കൊച്ചി: ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആക്രമണം നടത്തുന്ന ഐഎന്‍ടിയുസി മുഖമാസിക "ഇന്ത്യന്‍ തൊഴിലാളി"യില്‍ മുസ്ലിം ലീഗിനും പൊതിരെ തല്ല്. "പുരയ്ക്ക് തീപിടിക്കുമ്പോള്‍ വാഴവെട്ടാന്‍ ശ്രമിക്കുന്നവര്‍" എന്നാണ് മുസ്ലിം ലീഗിനുള്ള പരോക്ഷ വിശേഷണം. കോളേജിന്റെ വരാന്ത കണ്ടിട്ടില്ലാത്ത "യോഗ്യനെ" വൈസ് ചാന്‍സലറാക്കിയും യൂണിവേഴ്സിറ്റിയുടെ സ്ഥലം സ്വന്തം ട്രസ്റ്റുകള്‍ക്ക് പതിച്ചുനല്‍കിയും ശൈശവവിവാഹത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കി നിയമസാധുത നല്‍കിയും മതത്തിന്റെ മേല്‍വിലാസം മാത്രം നോക്കി അനര്‍ഹരെ ഉന്നതങ്ങളിലിരുത്തി സ്ഥാപനങ്ങള്‍ നശിപ്പിച്ചും മുന്നേറുന്നത് നിശബ്ദമായി കണ്ടുനില്‍ക്കണമെന്നു പറഞ്ഞാല്‍ അതിന് "റാന്‍" മൂളാന്‍ ആത്മാഭിമാനവും രാജ്യസ്നേഹവുമുള്ള ആര്‍ക്കും കഴിയില്ല. മതേതരത്വം കൈവിട്ട് ഏതെങ്കിലും തറവാടിനു മുന്നില്‍ ഓഛാനിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസുകാരെ കിട്ടുമെന്ന് ആരും കരുതേണ്ടെന്നും ലീഗിനെ ഉന്നമിട്ട് ലേഖനം വിശദീകരിക്കുന്നു.

No comments:
Post a Comment